അകറ്റിനിര്‍ത്താം ലഹരി: ലഹരിവിരുദ്ധ നെയിംസ്ലിപ്പുമായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ്

Mail This Article
കോഴിക്കോട് ∙ കുട്ടികളില്‍ ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെപ്പറ്റി അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നെയിംസ്ലിപ്പ് പുറത്തിറക്കി ഡ്രഗ്‌സ് കൺട്രോൾ വകുപ്പ്. നെയിംസ്ലിപ്പിന്റെ കോഴിക്കോട് ജില്ലാതല വിതരണോദ്ഘാടനം ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് നിര്‍വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.കെ. ശിവദാസന്‍ സ്ലിപ് ഏറ്റുവാങ്ങി. വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെയാണ് നെയിംസ്ലിപ്പ് വിതരണം.
സിനിമാ താരങ്ങളുടേയും സ്‌പോര്‍ട്‌സ് താരങ്ങളുടേയും കാരിക്കേച്ചറില്‍ ലളിതമായ വാചകങ്ങള്‍ ഉള്‍പ്പെടുത്തിയ സ്ലിപ്പുകള്‍ എട്ട്, ഒന്‍പത് ക്ലാസ്സുകളിലെ കുട്ടികള്‍ക്കാണ് വിതരണം ചെയ്യുക. ലഹരിക്കെതിരെയും മരുന്നുകളുടെ അനാവശ്യ ഉപയോഗത്തിനെതിരെയും ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് സ്വീകരിച്ച് വരുന്ന ശക്തമായ നടപടികളുടെ ഭാഗമായാണ് നെയിംസ്ലിപ്പ് പുറത്തിറക്കിയത്. ദിവസേന പല പ്രാവശ്യം ബുക്കുകള്‍ കാണുന്നത് വഴി ലഹരി വിരുദ്ധ സന്ദേശം നിരവധി തവണ കുട്ടികളിലെത്തിക്കാനും സാധിക്കും. അതിലൂടെ പുതുതലമുറയില്‍ ലഹരിയ്‌ക്കെതിരായ അവബോധം വളര്‍ത്തിയെടുക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്.
ജില്ല കലക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ഇന്റലിജന്‍സ് ബ്രാഞ്ച് ഡ്രഗ്‌സ് ഇന്‍സ്പെക്ടര്‍ വി.കെ. ഷിനു, ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാരായ കെ.നീതു, വി.എം. ഹഫ്സത്ത്, ഉദ്യോഗസ്ഥരായ വി.നസീഹ്, എ.പ്രേമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.