മഴയ്ക്കൊപ്പം ചുഴലിയും; വ്യാപക നാശനഷ്ടം

Mail This Article
ബേപ്പൂർ∙ കനത്തു പെയ്ത മഴയ്ക്കൊപ്പം വീശിയടിച്ച ചുഴലിക്കാറ്റിൽ നടുവട്ടം, വെസ്റ്റ് മാഹി, കുട്ടാടംവയൽ മേഖലയിൽ പരക്കെ നാശനഷ്ടം. തെങ്ങുകളും മരങ്ങളും മുറിഞ്ഞും കടപുഴകിയും വീടുകൾക്ക് മേൽ പതിച്ചു. ചിലയിടത്ത് വീടുകളുടെയും കെട്ടിടങ്ങളുടെയും മേൽക്കൂരയുടെ ഓടുകളും ഷീറ്റുകളും പാറിപ്പോയി. മരം വീണു വൈദ്യുതക്കാലും കമ്പികളും മുറിഞ്ഞു വീണതിനാൽ മേഖലയിൽ വിതരണം മുടങ്ങി.

രാവിലെ 7.15ന് വൻ ശബ്ദത്തിൽ വീശിയടിച്ച കാറ്റ് ഒരു കിലോമീറ്റർ ചുറ്റളവിലാണ് നാശം വിതച്ചത്. വെസ്റ്റ് മാഹി ചെമ്മലശ്ശേരി വേലായുധന്റെ വീട്ടിലെ മാവ് കളരിക്കൽ പ്രേമലതയുടെ വീടിനു മുകളിലേക്ക് വീണു. വീടിന്റെ മേൽക്കൂരയും ചുമർ ഭിത്തിയും നശിച്ചു. കരിപ്പാലി നിലം പുതുശ്ശേരികണ്ടി രാഘവന്റെ വീടിനു മേൽക്കൂരയിലെ ഷീറ്റുകൾ പാറിപ്പോയി. കാറ്റിൽ കരിപ്പാലി നിലം കോണോട്ട് താഴം വേലായുധന്റെ വീട്ടിലെ ശുചിമുറിക്കു മുകളിലേക്ക് തെങ്ങ് വീണു.

മേൽക്കൂരയുടെ ടെറസ് പൊട്ടി. മാഹി കക്കാടത്ത് ഗിരീഷിന്റെ വീടിനു മുകളിലേക്ക് തെങ്ങ് വീണു. വെസ്റ്റ് മാഹി രേണുക ഓയിൽ മില്ലിലെ ഷെഡിന്റെ ഇരുമ്പ് ഷീറ്റ് പാകിയ മേൽക്കൂര പാറിപ്പോയി. സമീപത്തെ മരത്തിൽ തങ്ങി നിന്നതിനാൽ വലിയ അപായം ഒഴിവായി. നടുവട്ടം ശിവപുരി റോഡ് മേക്കുന്നത്ത് ജയപ്രകാശിന്റെ വീടിനു മുകളിലേക്ക് തെങ്ങും മാവും പൊട്ടി വീണു. മേൽക്കൂരയിലെ ഓടും ചുറ്റുമതിലും നശിച്ചു. മേക്കുന്നത്ത് ജയകുമാറിന്റെ വീട്ടിലെ മാവ് പൊട്ടി വീണു. മേൽക്കൂരയിൽ ഓടുകൾക്ക് നാശമുണ്ടായി.

വാപ്പാഞ്ചേരി ശശിയുടെ വീട്ടിലെ മേൽക്കൂരയിലെ ഓടുകൾ കാറ്റിൽ പാറിപ്പോയി. ശിവപുരി റോഡ് ശ്രീധരന്റെ പറമ്പിലെ മാവ് പൊട്ടി സമീപത്തെ ചെറുകുറ്റി മോഹനന്റെ വീടിനു മുകളിലേക്ക് പതിച്ചു. കോട്ടൂളി പേരോത്ത് ഗോപിനാഥിന്റെ വീട്ടിലെ മരം പൊട്ടിവീണു. കാഞ്ഞോളി കുറ്റിക്കളത്തിൽ അതുലിന്റെ വീട്ടിലെ പ്ലാവ് കടപുഴകി വീണു.കാറ്റിൽ നാശനഷ്ടമുണ്ടായ വെസ്റ്റ് മാഹിയിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ്, കൗൺസിലർമാരായ കൊല്ലരത്ത് സുരേശൻ, നവാസ് വാടിയിൽ എന്നിവർ സന്ദർശിച്ചു.