കനത്ത മഴയിൽ ജലനിരപ്പ് ഉയരുന്നു; ചാലിയാർ തീരം ഭീതിയിൽ

Mail This Article
ഫറോക്ക്∙ കനത്ത മഴയിൽ ജലനിരപ്പ് ഉയർന്ന് ചാലിയാർ നിറഞ്ഞൊഴുകുന്നതിന്റെ ആശങ്കയിലാണ് തീരദേശവാസികൾ. തോരാതെ പെയ്ത പേമാരിയിൽ നദിയിൽ വലിയ തോതിൽ വെള്ളമുയർന്നു. നിലമ്പൂർ വനമേഖലയിൽ ശക്തമായ മഴ തുടരുന്നതാണ് ജലനിരപ്പ് പെട്ടെന്നു ഉയരാൻ ഇടയാക്കിയത്. മഴയ്ക്കൊപ്പം തടയണകൾ തുറന്നു വിട്ടതും പുഴയിൽ വെള്ളം ഉയരുന്നതിന് ആക്കം കൂട്ടി. മലയോര മേഖലയിൽ മഴ തോരാതെ പെയ്താൽ ഏതുസമയവും പുഴ കരകവിഞ്ഞു സമീപപ്രദേശങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാകുമെന്ന നിലയാണ്.
ഭീതിയോടെയാണു തീരവാസികൾ കഴിയുന്നത്. വൈകിട്ട് മഴ അൽപം കുറഞ്ഞെങ്കിലും വേലിയേറ്റത്തിൽ വീണ്ടും വെള്ളം കയറുകയാണ്. ചാലിയാറിനു നടുവിലുള്ള കരുവൻതിരുത്തി കാക്കാതുരുത്തും പട്ടർമാട് തുരുത്തും ഭീഷണി നേരിടുന്നു. പുഴയോര മേഖലയായ രാമനാട്ടുകര നഗരസഭയിലെ അമ്മിഞ്ഞാത്ത് കടവ്, മൂർക്കനാട് കടവ്, കോവയിൽ, എരുവത്ത് താഴം, ഇട്ടപ്പുറത്ത് കടവ്, പഴനിയൽപടി, കോടമ്പുഴ, ഫറോക്ക് ചന്തക്കടവ്, കൊളത്തറ, ചെറുവണ്ണൂർ നെല്ലോളിപടന്ന, നെല്ലോളി പറമ്പ്, അറളായിപടന്ന, കരുവൻതിരുത്തി, ബേപ്പൂർ ബിസി റോഡ്, ഓലശ്ശേരി കടവ് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വെള്ളപ്പൊക്ക ഭീഷണിയുണ്ട്.