കടപുഴകാൻ പാകത്തിൽ വൻമരങ്ങൾ; ചുരം യാത്രയിൽ അപകടഭീതി

Mail This Article
താമരശ്ശേരി∙ കാലവർഷം കനത്തതോടെ ചുരം വഴിയുള്ള യാത്ര അതീവ ദുഷ്കരമാകുന്നു. കടപുഴകി പാകത്തിലുള്ള വൻ മരങ്ങളാണ് യാത്രക്കാർക്ക് രാത്രിയും പകലും ഒരേ പോലെ ഭീഷണി ഉയർത്തുന്നത്. 9ാം വളവിനു താഴെ രണ്ടാം വ്യൂപോയിന്റിന് സമീപം ഏതു നേരവും നിലം പൊത്താവുന്ന വിധത്തിൽ നിൽക്കുന്ന വൻ മരം യാത്രക്കാർക്ക് കടുത്ത ഭീഷണിയാണ്.
അപകട സാധ്യത കണക്കിലെടുത്ത് ഇന്നു രാവിലെ 9 മണിക്ക് മുറിച്ചു നീക്കും. ഈ സമയം ചുരത്തിലൂടെയുള്ള ഗതാഗതം പൂർണമായും നിർത്തി വയ്ക്കുമെന്ന് താമരശ്ശേരി ഇൻസ്പെക്ടർ എ.സായൂജ് കുമാർ അറിയിച്ചു. അപകട ഭീഷണി കണക്കിലെടുത്ത് ഇന്നലെ രാത്രി രണ്ട് പൊലീസ് മൊബൈൽ പെട്രോളിങ് യൂണിറ്റും 10 പൊലീസുകാരെയും ചുരത്തിൽ വിന്യസിച്ചിട്ടുണ്ട്.
വനം വകുപ്പ് ഉദ്യോഗസ്ഥരും ജാഗ്രത പുലർത്തുന്നുണ്ട്. കഴിഞ്ഞ ദിവസം 9ാം വളവിൽ ചരക്ക് ലോറി സുരക്ഷാ ഭിത്തി ഇടിച്ച് തകർത്ത ഭാഗവും യാത്രക്കാർക്ക് പേടി സ്വപ്നമാണ്. ഇവിടെ സ്ഥാപിച്ച ക്രാഷ് ബാരിയറിൽ തട്ടിനിന്നതിനാലാണ് ലോറി കൊക്കയിൽ വീഴാതെ രക്ഷപ്പെട്ടത്. ക്രാഷ് ബാരിയർ വളഞ്ഞ് കൊക്കയിലേക്ക് തള്ളി നിൽക്കുന്ന കാഴ്ചയും ഭയാനകരമാണ്. വാഹന യാത്രക്കാർ ശ്രദ്ധിച്ചില്ലെങ്കിൽ അപകടത്തിൽ പെടാനുള്ള സാധ്യത ഏറെയാണ്.
ചുരത്തിൽ അപകടകരമായ 60 മരങ്ങൾ മുറിച്ചു നീക്കാനുണ്ടെങ്കിലും ഇതിനുളള നടപടികൾ നീങ്ങുന്നത് ഒച്ചിന്റെ വേഗത്തിലാണ്. ഉണങ്ങിയും ചെരിഞ്ഞും വേരുകൾ അറ്റും ചുവട്ടിലെ മണ്ണും കല്ലും ഇളകി വീണും അപകടാവസ്ഥയിലായ മരങ്ങൾ അപകടത്തിനു മുൻപ് മുറിച്ച് മാറ്റുന്നതിനുള്ള നടപടികൾ ഇഴഞ്ഞു നീങ്ങുന്നത് അപകടം ക്ഷണിച്ച് വരുത്തുകയാവും ഫലം. ഇതിൽ പെട്ട ചില മരങ്ങൾ ഇതിനകം കടപുഴകി വീണ് ഗതാഗത തടസ്സം സൃഷ്ടിക്കുകയും ചെയ്തു.
വീഴാറായ മരങ്ങളുടെ ലിസ്റ്റ് തയാറാക്കി റിപ്പോർട്ട് മേൽ ഉദ്യോഗസ്ഥർക്ക് നൽകി 2 മാസമായിട്ടും വില നിർണയം നടത്താത്തത് മൂലം ടെൻഡർ നടപടി സ്വീകരിക്കാൻ കഴിയാത്തതാണ് ചുരത്തിലെ അപകട ഭീഷണി പരിഹരിക്കാൻ കഴിയാത്തതിനു പ്രധാന കാരണം. മരങ്ങൾ കട പുഴകി വീഴുന്നതോടൊപ്പം ചുറ്റുപാടുമുള്ള മണ്ണും കല്ലും മറ്റും ഇടിഞ്ഞ് റോഡിലേക്ക് വീഴുന്നതോടെ മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന ഗതാഗത തടസ്സമാണ് പലപ്പോഴും ഉണ്ടാകുന്നത്.