നിർമാണം കഴിഞ്ഞ് ഒരു മാസം തീരും മുൻപേ റോഡ് തകർന്നു; പൊളിച്ചു മാറ്റി വീണ്ടും കോൺക്രീറ്റ് ചെയ്തു

Mail This Article
ചേളന്നൂർ∙ കോഴിക്കോട്– ബാലുശ്ശേരി റോഡിൽ അമ്പലത്തുകുളങ്ങര തച്ചനാത്ത് താഴത്ത് കലുങ്കിനോട് ചേർന്ന റോഡ് നിർമാണം കഴിഞ്ഞ് ഒരു മാസം പൂർത്തിയാകും മുൻപേ തകർന്നു. തുടർന്ന് മരാമത്ത് നിരത്തു വിഭാഗം ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ഈ ഭാഗം പൊളിച്ചുമാറ്റി വീണ്ടും കോൺക്രീറ്റ് ചെയ്തു. ഗതാഗതം പൂർണമായും തടസ്സപ്പെടുന്നത് ഒഴിവാക്കാനായി രണ്ടു ഭാഗങ്ങളായാണ് കലുങ്ക് നിർമിച്ചത്. ഇതിൽ അവസാനം നിർമിച്ച ഭാഗത്തെ കോൺക്രീറ്റാണ് രണ്ടിടത്തായി പൊട്ടിത്താഴ്ന്നത്.
കലുങ്കുണ്ടായിട്ടും വെള്ളക്കെട്ട് രൂക്ഷമായതിനെ തുടർന്നാണ് കലുങ്ക് നവീകരിക്കാൻ നടപടിയായത്. ഇതേ തുടർന്നാണ് നേരത്തേയുണ്ടായിരുന്ന കലുങ്ക് പൊളിച്ചുമാറ്റി അതിനു സമീപം പുതിയ കലുങ്ക് നിർമിച്ചത്. നേരത്തേ കലുങ്കുണ്ടായിരുന്ന ഭാഗത്ത് റോഡ് നിർമിക്കുമ്പോൾ അവിടെ താഴ്ന്നു പോകാതിരിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതു പൂർണമായും പാലിച്ചില്ലെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസമാണ് ഇവിടെ ഒരു ഭാഗം താഴാൻ തുടങ്ങിയത്. തുടർന്ന് കോൺക്രീറ്റ് ചെയ്ത ഭാഗത്ത് രണ്ടിടത്തായി വിള്ളലുകൾ വീണു. കലുങ്കിനോട് ചേർന്നുള്ള ഓടയ്ക്ക് ആവശ്യത്തിനു വീതിയില്ലാത്തതിനാൽ വെള്ളം ശരിയായി ഒഴുകിപ്പോകാത്ത സാഹചര്യമാണ്.