പെയ്യുമ്പോൾ പേമാരി, ചില സ്ഥലങ്ങളിൽ ചുഴലിക്കാറ്റ്; കോഴിക്കോട് ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട്

Mail This Article
ചുഴലിക്കാറ്റ്
നടുവട്ടം, വെസ്റ്റ് മാഹി, കുട്ടാടംവയൽ മേഖലയിൽ രാവിലെ 7.15ന് വീശിയടിച്ച ചുഴലിക്കാറ്റിൽ പരക്കെ നാശനഷ്ടം. തെങ്ങുകളും മരങ്ങളും മുറിഞ്ഞും കടപുഴകിയും വീടുകൾക്കു മേൽ പതിച്ചു. ചിലയിടത്തു വീടുകളുടെയും കെട്ടിടങ്ങളുടെയും മേൽക്കൂരയുടെ ഓടുകളും ഷീറ്റുകളും പാറിപ്പോയി. വൻ ശബ്ദത്തിൽ വീശിയടിച്ച കാറ്റ് ഒരു കിലോമീറ്റർ ചുറ്റളവിലാണ് നാശം വിതച്ചത്. ചാലിയം ബൈത്താനി, കപ്പലങ്ങാടി മേലയിൽ രൂക്ഷമായ കടലാക്രമണം ഉണ്ടായി. ചാലിയാറിലും കടലുണ്ടിപ്പുഴയിലും ക്രമാതീതമായി വെള്ളം ഉയർന്നു. വളയം പഞ്ചായത്തിലെ ചെറുമോത്തിൽ ഇന്നലെ ഉച്ചയ്ക്കു ശേഷമുണ്ടായ ചുഴലിക്കാറ്റിൽ 20 വീടുകൾക്കു നാശനഷ്ടമുണ്ടായി. വാണിമേലിലും വീടുകൾ തകർന്നു. തെങ്ങുകളും മറ്റു മരങ്ങളും വീണാണു നാശനഷ്ടം. മേൽക്കൂരകൾ കാറ്റിൽ പറന്നു. വൈദ്യുതി ട്രാൻസ്ഫോർമർ കേടായി. വൈദ്യുതി ലൈൻ തകർന്നു.

മടവൂർ പഞ്ചായത്ത് പതിനാലാം വാർഡിൽ അരങ്കിൽ താഴത്ത് ചുഴലിക്കാറ്റിൽ വൻ നാശം. 3 വീടുകൾ പൂർണമായി തകർന്നു. ആളുകൾ ബന്ധുവീടുകളിലേക്കു മാറി. വ്യാപകമായി കൃഷി നശിച്ചു. തുറയൂരിൽ വീട് ഭാഗികമായി തകർന്നു. പയ്യോളിയിൽ ഓടിട്ട വീടിന്റെ മേൽക്കൂര തകർന്നു. പെരുമണ്ണ പഞ്ചായത്തിലെ നെടുംപറമ്പ്കുന്ന് ഗിരിജയുടെ വീട് കാറ്റിൽ തകർന്നു. പേരാമ്പ്ര അരിക്കുളത്ത് വൻ നാശനഷ്ടം. മരങ്ങൾ കടപുഴകി വീണു. വൈദ്യുതി ബന്ധം തകരാറിലായി. കാറ്റിൽ മരം വീണ് 3 വീടുകൾ തകർന്നു. ഏതു വിമർശനത്തിലും കുലുങ്ങാത്ത കോർപറേഷനും ഇന്നലെ ശക്തമായ കാറ്റിൽ കുലുങ്ങി. കാറ്റടിച്ച്, കോർപറേഷൻ ഓഫിസിന്റെ ചില്ലുവാതിൽ ഇന്നലെ ഉച്ചയ്ക്ക് 2.20ന് തകർന്നു. ആർക്കും അപകടമില്ല. ജില്ലയിൽ 2 ക്യാംപുകളിലായി 11 പേരെ പ്രവേശിപ്പിച്ചു.

കടലാക്രമണം
ജില്ലയുടെ തീരപ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമാണ്. കോഴിക്കോട് ബീച്ച് ഭാഗത്തും ബേപ്പൂരിലും കടലാക്രമണമുണ്ടായി. ഉന്തുവണ്ടി കടകൾക്കു സമീപം വരെ തിരമാലകളെത്തി. വടകരയിലും വ്യാപകമായ കടലാക്രമണം. 20 വീടുകൾ ഭീഷണിയിലായി.
പുഴയിൽ വെള്ളം
കുറ്റ്യാടിപ്പുഴയിൽ വെള്ളം ഉയർന്നു തുടങ്ങി. ചാത്തമംഗലം ചെറുപുഴയിൽ കഴിഞ്ഞദിവസം കാണാതായ മാധവൻ നായർക്കു വേണ്ടി തിരച്ചിൽ തുടരുകയാണ്. പുനൂർ പുഴയിൽ ജലനിരപ്പുയരുന്നത് ആശങ്കയുണ്ടാക്കി. കുന്നമംഗലം, കാരന്തൂർ, ചെലവൂർ, മൂഴിക്കൽ വിരുപ്പിൽ പ്രദേശങ്ങളിലെ താഴ്ന്ന ഭാഗങ്ങളിൽ വെള്ളം കയറാൻ സാധ്യത. ബാലുശ്ശേരിയിൽ തോട് പൊട്ടിയൊഴുകി. മാവൂരിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. 4 കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി.
ഇടിയുന്നു; മണ്ണും മനസ്സും
തൂണേരി കുടുംബാരോഗ്യ കേന്ദ്രം വളപ്പിൽ പ്രവർത്തിക്കുന്ന പഞ്ചായത്ത് വക സാന്ത്വനം ബഡ്സ് സ്കൂൾ കെട്ടിടത്തിനു മുകളിലേക്ക് സമീപത്തെ വീട്ടു മതിൽ തകർന്നു വീണു. കാണാഞ്ചേരി മൊയ്തുവിന്റെ കണ്ടിയിൽ എന്ന പറമ്പിലെ വീട്ടു മതിലാണ് മഴയിൽ സ്കൂൾ കെട്ടിടത്തിലേക്കു പതിച്ചത്. സ്കൂൾ അവധിയായതിനാൽ വൻ ദുരന്തം ഒഴിവായി. വടകര പുതുപ്പണം ഭാഗത്ത് ദേശീയപാതയിൽ മണ്ണിടിഞ്ഞു. വീട് അപകട ഭീഷണിയിലായി. ബാലുശ്ശേരിയിൽ മണ്ണിടിച്ചിൽ ഭീഷണിയുണ്ട്. കുറ്റ്യാടി ചുരം റോഡിൽ രണ്ടിടത്തു മണ്ണിടിഞ്ഞു. കനത്ത മഴയിൽ സംരക്ഷണഭിത്തി തകർന്നു ചെറുവാടി കണ്ണാംപറമ്പ് സജിത്തിന്റെ വീട് അപകടാവസ്ഥയിലായി. പെരുമാൾപുരത്ത് സർവീസ് റോഡ് ഇടിഞ്ഞ് സ്വകാര്യ ബസ് കുഴിയിൽ താഴ്ന്നു. ആളപായമില്ല. മേപ്പയൂരിൽ വിളയാട്ടൂർ പുത്തൻപുരയിൽ ശോഭയുടെ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്നു. 1.5 ലക്ഷം രൂപയുടെ നഷ്ടം.
ഗതാഗതം മുടങ്ങി
കൊയിലാണ്ടി പൊയിൽകാവ് റെയിൽവേ ഗേറ്റിനു സമീപം ക്ഷേത്രത്തിനു മുൻവശം കനത്ത വെള്ളക്കെട്ടു കാരണം ഗതാഗതം നിലച്ചു. കടകളിൽ വെള്ളം കയറി. തിക്കോടി പഞ്ചായത്ത് ബസാർ, പെരുമാൾപുരം, അയനിക്കാട് എന്നിവിടങ്ങളിൽ ദേശീയപാത സർവീസ് റോഡിൽ വെള്ളം കയറി.