ചീക്കുനി, പാറക്കൽ പ്രദേശത്ത് കാറ്റിൽ 10 വീടുകൾക്ക് നാശം

Mail This Article
മടവൂർ∙ പഞ്ചായത്തിൽ ഇന്നലെ ഉച്ചയോടെ ചീക്കുനി, പാറക്കൽ പ്രദേശത്ത് ഉഗ്ര ശബ്ദത്തോടെ ആഞ്ഞടിച്ച കാറ്റിൽ വ്യാപക നാശം. വൻ മരങ്ങൾ പോലും കടപുഴകി വീണു. 10 വീടുകൾക്ക് നാശമുണ്ടായി. ഇതിൽ 3 വീടുകൾ തകർന്നു. തകർന്ന വീടുകളിലെ കുടുംബാംഗങ്ങൾ ബന്ധുവീടുകളിലേക്ക് താമസം മാറി. ഒരു വീടിനു മുകളിൽ തന്നെ ഒട്ടേറെ മരങ്ങൾ പൊട്ടി വീണു.

പറമ്പുകളിലെ തെങ്ങുകൾ, കമുകുകൾ, പ്ളാവുകൾ തുടങ്ങിയവ നിലംപൊത്തി. റോഡിലേക്കു പതിച്ച മരങ്ങൾ നരിക്കുനിയിൽ നിന്ന് എത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ മുറിച്ചു മാറ്റി. ഏഴിടത്ത് വൈദ്യുതി തൂണുകൾ തകർന്നു. പറക്കൽ രാഘവൻ നായർ, സദാനന്ദൻ നായർ, കൃഷ്ണൻകുട്ടി, ഭാസ്കരൻ, അഭിലാഷ്, കാടച്ചാലിൽ ഗംഗാധരൻ, പാറക്കൽ മീത്തൽ ബാബു, ജിതേഷ് കാടച്ചാലിൽ, പാറക്കൽ അജിത, ചീക്കുനിയിൽ നജ്മുദ്ദീൻ എന്നിവരുടെ വീടുകൾക്ക് നാശമുണ്ടായി. മണ്ണങ്ങപുറായിൽ ബാലൻ നായരുടെ വീട്ടുമുറ്റത്ത കിണറിന്റ ആൾമറ തെങ്ങ് വീണു നശിച്ചു.

മഴയെ പോലും അവഗണിച്ചാണ് സന്നദ്ധ പ്രവർത്തകർ മരങ്ങൾ മുറിച്ചു മാറ്റിയത്. നാട്ടുകാരും വൈറ്റ് ഗാർഡ്, ഡിവൈഎഫ്ഐ, ബിജെപി, എസ്‌വൈഎസ് സാന്ത്വനം പ്രവർത്തകരും കഠിനാധ്വാനം ചെയ്താണ് മരങ്ങൾ മുറിച്ചു മാറ്റിയത്.വീടിനുള്ളിൽ നിന്നു ഭക്ഷണം കഴിക്കുന്നതിനിടെ വലിയ ശബ്ദം കേട്ടാണു പുറത്തേക്ക് ഓടിയതെന്ന് പാറക്കൽ അജിത പറഞ്ഞു. അപ്പോഴേക്കും പ്രദേശത്താകെ മരങ്ങൾ ഒന്നൊന്നായി മുറിഞ്ഞു വീഴുന്ന കാഴ്ചയാണ് കണ്ടതെന്ന് അവർ പറഞ്ഞു.
