മാവൂർ മേഖലയിൽ പുഴകൾ കര കവിഞ്ഞു

Mail This Article
മാവൂർ∙ കനത്ത മഴയിൽ ചാലിയാറും ഇരുവഞ്ഞിയും ചെറുപുഴയും കവിഞ്ഞൊഴുകി. മാവൂരിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. പൈപ്‌ലൈൻ റോഡരികിൽ പുലിയപ്പുറം താഴത്ത് 4 വീടുകളിൽ വെള്ളം കയറി. വീട്ടുകാരെ സുരക്ഷിത സ്ഥാനങ്ങളിലേക്കും ബന്ധുവീടുകളിലേക്കും മാറ്റി പാർപ്പിച്ചു. ഗ്രാമീണ റോഡുകൾ വെള്ളത്തിനടിയിലായതോടെ ഗതാഗതം തടസ്സപ്പെട്ടു.
കണ്ണിപറമ്പ്–സങ്കേതം – ചൂലൂർ ബൈപാസ് റോഡ്, മാവൂർ പൈപ്‌ലൈൻ റോഡ് തുടങ്ങിയ വഴികളിൽ വെള്ളം കയറി. വെള്ളത്തിനൊപ്പം പുല്ലും പായലും മാലിന്യങ്ങളും റോഡുകളിലും ജനവാസ മേഖലകളിലും വന്നടിയുന്നതിനാൽ മിക്കയിടങ്ങളിലും കാൽനട യാത്രയും തടസ്സപ്പെട്ടു. വാഴ, കപ്പ തുടങ്ങിയ കാർഷിക വിളകളും വെള്ളം കയറി നശിക്കുകയാണ്.
വെള്ളം കയറിയതോടെ നേന്ത്രക്കായയ്ക്ക് വ്യാപകമായി വിലയിടിവു സംഭവിച്ചതും കർഷകർക്കു കനത്ത നഷ്ടമായി. സങ്കേതം–ചൂലൂർ ബൈപാസ് റോഡിൽ വെള്ളം കാണാൻ കൂട്ടമായി ആളുകളെത്തുമ്പോൾ ഗതാഗതക്കുരുക്കുമുണ്ട്. കൂടുതൽ വീടുകൾ ഒഴിയേണ്ടി വന്നാൽ കച്ചേരിക്കുന്ന് സാംസ്കാരിക നിലയത്തിൽ ദുരിതാശ്വാസ ക്യാംപ് തുടങ്ങുമെന്നു പഞ്ചായത്ത് അധികൃതർ അറിയിച്ചു.