ദേശീയപാതയിലെ സോയിൽ നെയിലിങ്: അശാസ്ത്രീയ നിർമാണത്തിനെതിരെ പ്രതിഷേധവുമായി എംഎൽഎ

Mail This Article
വടകര ∙ പഴങ്കാവ്, പാലയാട്ട് നട മേഖലകളില്‍ ദേശീയപാത മണ്ണെടുത്ത് താഴ്ത്തിയ സ്ഥലത്ത് സോയിൽ നെയിലിങ് അനുവദിക്കില്ലെന്ന് പ്രദേശവാസികളും ജനപ്രതിനിധികളുമടക്കം പറഞ്ഞിട്ടും നെയിലിങ്ങുമായി മുന്നോട്ടുപോയതോടെ സ്ഥലത്തെത്തിയ കെ.കെ രമ എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രവത്തനങ്ങൾ തടഞ്ഞു. ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി മേഖലയില്‍ പുരോഗമിക്കുന്ന സോയില്‍ നെയിലിങ് പ്രവർത്തനങ്ങൾക്കെതിരെ വ്യാപക പരാതി ഉയരുമ്പോഴും നിര്‍മാണകമ്പനി ഇതേ നിര്‍മാണവുമായി മുന്നോട്ടുപോകുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്.
ദേശീയപാത അതോറിറ്റിക്കും കേന്ദ്ര ഗതാഗതവകുപ്പു മന്ത്രിക്കും മേഖലയിലെ ആശങ്കകള്‍ വിവരിച്ച് കത്തയച്ചതായും ഇതില്‍ നടപടി വരുന്നതിനുമുന്‍പ് സോയിൽ നെയിലിങ്ങുമായി മുന്നോട്ട് പോകുന്ന നടപടി പ്രതിഷേധാർഹമാണെന്നും എംഎല്‍എ പറഞ്ഞു. പാതയ്ക്ക് ഇരുവശവും ഉയര്‍ന്ന സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ മഴപെയ്തതോടെ ആശങ്കയിലാണ്. ഇവരുടെ വീടും സ്ഥലവും കിണറുമെല്ലാം ഇടിഞ്ഞുതാഴുന്ന അവസ്ഥയിലാണ്. ഇക്കാര്യത്തില്‍ ശാസ്ത്രീയമായ പ്രവൃത്തി ചെയ്യാതെ നിര്‍മാണപ്രവര്‍ത്തനം തുടരുന്നത് വലിയ അപകടമാണ് ക്ഷണിച്ചുവരുത്തുകയെന്നും എംഎൽഎ പറഞ്ഞു.
പലയാട്ട് നടയിൽ നേരത്തെ സോയിൽ നെയിലിങ് നടത്തിയ പല ഇടങ്ങളിലും ഈ മഴയിൽ മണ്ണിടിഞ്ഞു. കഴിഞ്ഞ തവണ മഞ്ഞിടിഞ്ഞ ബാബുവിന്റെ വീടിനോട് ചേർന്ന് ഈ മഴയ്ക്കും മണ്ണിടിഞ്ഞു. ആ വീടും ഇപ്പോൾ അപകടഭീഷണി നേരിടുകയാണെന്ന് എംഎൽഎ ചൂണ്ടിക്കാട്ടി. വി.കെ പ്രേമൻ, കെ.സുനിൽ കുമാർ, ഇ.കെ വത്സരാജ്, സിദ്ദിഖ്, എൻ. കെ രവീന്ദ്രൻ, ടി.പി.ശ്രീലേഷ് എന്നിവർ ഒപ്പമുണ്ടായിരുന്നു.