വടകരയിൽ ദേശീയപാതയുടെ സർവീസ് റോഡിൽ സോയിൽ നെയ്‌ലിങ് ചെയ്ത ഭാഗം ഇടിഞ്ഞു

Mail This Article
വടകര ∙ പുതുപ്പണത്തു ദേശീയ പാതയുടെ സർവീസ് റോഡിൽ, സോയിൽ നെയ്‌ലിങ് ചെയ്ത ഭാഗം ഇടിഞ്ഞുവീണു. അരവിന്ദ് ഘോഷ് റോഡ് ജംക്‌ഷനു സമീപം കിഴക്കേ വെന്തുരുത്തി ബാബുവിന്റെ വീടിനോടു ചേർന്ന് 20 മീറ്ററോളമാണ് ഇടിഞ്ഞു വീണത്. 2021ൽ ദേശീയപാത വികസനത്തിന്റെ ഭാഗമായി മണ്ണെടുത്ത സമയത്ത് 70 മീറ്ററോളം സോയിൽ നെയ്‌ലിങ് ചെയ്തിരുന്നു. ഇതിൽ 10 മീറ്ററോളം ഭാഗം അക്കൊല്ലം ഡിസംബറിൽ ഇടിഞ്ഞു. ഈ 10 മീറ്റർ മാത്രം സിമന്റ് ഭിത്തി കെട്ടി സംരക്ഷിച്ചു. ഇതിനു ശേഷമുള്ള ഇരുപതോളം മീറ്ററാണ് ഇന്നലെ രാവിലെ ഇടിഞ്ഞത്.
വെന്തുരുത്തി ബാബുവിന്റെ വീടിന് ഏറെ ഭീഷണിയുയർത്തിയ നിലയിലാണു മണ്ണിടിച്ചിൽ. അലക്കുകല്ലിന്റെ ഭാഗം ഇടിയാൻ പാകത്തിലാണ്. ഇനിയും കൂടുതൽ ഭാഗം ഇടിഞ്ഞാൽ സമീപത്തെ വൈദ്യുതി പോസ്റ്റും ലൈനും തകർന്നു വീഴും. ദേശീയപാത വിപുലീകരണത്തിന്റെ ഭാഗമായി മൂരാട് – പാലോളിപ്പാലം റീച്ചിൽ പണി പൂർത്തിയായി ഗതാഗതം നടക്കുന്ന പാതയോടു ചേർന്നുള്ള സർവീസ് റോഡിലേക്കാണ് മണ്ണിടിഞ്ഞു വീണത്. വാഹനങ്ങൾക്കും ഭീഷണിയാണ്.