വനത്തിൽ മണ്ണിടിച്ചിൽ; വീടൊഴിഞ്ഞ് വിലങ്ങാട്

Mail This Article
വിലങ്ങാട്∙ കഴിഞ്ഞ ജൂലൈയിൽ ഉരുൾ പൊട്ടലുണ്ടായ വിലങ്ങാട് മലമ്പ്രദേശങ്ങളിൽ മഴ കനത്തതോടെ കൂടുതൽ പേർ വീടൊഴിഞ്ഞു തുടങ്ങി. താമസത്തിനു സുരക്ഷിതമല്ലെന്ന് വിദഗ്ധർ വിധിയെഴുതിയ ഒട്ടേറെ വീടുകളിൽ വേനൽക്കാലത്ത് ആൾ താമസമുണ്ടായിരുന്നെങ്കിലും ഇപ്പോൾ പലരും ഭീതി മൂലം മാറിത്താമസിക്കുകയാണ്. ചിലർ ബന്ധുവീടുകളിലും മറ്റുള്ളർ വാടക വീടുകളിലേക്കുമാണ് മാറുന്നത്.
കഴിഞ്ഞ വർഷം ഉരുൾ പൊട്ടലിൽ മരണം ഒന്നിലൊതുങ്ങിയത് മലവെള്ളപ്പാച്ചിൽ ശക്തമായപ്പോൾ തന്നെ വീട്ടുകാരെ ഒഴിപ്പിക്കാൻ കഴിഞ്ഞതു മൂലമാണ്. കഴിഞ്ഞ വർഷം വൻ നഷ്ടമുണ്ടായ മഞ്ഞച്ചീളി ഭാഗത്ത് മലവെള്ളപ്പാച്ചിൽ ശക്തമാണ്. താഴേക്കു പതിക്കാൻ പാകത്തിലുള്ള പാറകളും സുരക്ഷിതമല്ലാത്ത പാതകളും ഇളകി നിൽക്കുന്ന മരങ്ങളുമെല്ലാം ജനങ്ങളെ ഭീതിയിലാക്കുന്നു.
ഞായറാഴ്ച വിലങ്ങാട് പാലത്തിൽ കൂടി പുഴയൊഴുകിയെങ്കിലും ഇന്നലെ വെള്ളത്തിന്റെ കുത്തൊഴുക്ക് അൽപം കുറഞ്ഞു. ശനിയാഴ്ച രാത്രി വനത്തിനുള്ളിൽ വൻ തോതിലുണ്ടായ മണ്ണിടിച്ചിലാണ് ഞായറാഴ്ച മലവെള്ളപ്പാച്ചിൽ ശക്തമാകാൻ ഇടയാക്കിയതെന്നാണ് റവന്യു അധികൃതരുടെ വിലയിരുത്തൽ. മഴ കുറഞ്ഞാൽ ഇന്നു വനമേഖലയിൽ പരിശോധന നടത്താനാണ് നീക്കം. ദുരിതാശ്വാസ ക്യാംപുകൾ തുടങ്ങാൻ സർക്കാർ സന്നദ്ധമാണ്. എന്നാൽ, ക്യാംപുകളിൽ ദുരിതം അനുഭവിക്കാൻ പലരും തയാറല്ല. കുട്ടികളുടെ പഠനം അടക്കം അവതാളത്തിലാകും എന്നതും പ്രശ്നമാണ്.