നാദാപുരം മേഖലയിൽ മിന്നൽ ചുഴലി; 26 ഇടങ്ങളിൽ നാശനഷ്ടം

Mail This Article
നാദാപുരം∙ തിങ്കളാഴ്ച ആഞ്ഞു വീശിയ കാറ്റിൽ കടപുഴകിയ മരങ്ങൾ മുറിച്ചു മാറ്റിയും വഴിയിലെ തടസ്സങ്ങൾ നീക്കിയും വിശ്രമമില്ലാതെ സന്നദ്ധ പ്രവർത്തകർ. ഇരുപതിലേറെ വീടുകൾക്കും ഒട്ടേറെ വിളകൾക്കും നഷ്ടമുണ്ടായ ചെറുമോത്ത് ഇടക്കിടെ പെയ്ത മഴയ്ക്കിടയിലും ജനകീയ ദുരന്ത നിവാരണ സേനാംഗങ്ങളാണു മരങ്ങൾ മുറിച്ചു മാറ്റിയത്. വളയം പഞ്ചായത്തിലെ 11, 12 വാർഡുകളിൽ മിന്നൽ ചുഴലിയിൽ 26 ഇടങ്ങളിൽ നാശനഷ്ടമുണ്ടായതായി പഞ്ചായത്ത് പ്രസിഡന്റ് കെ.പി.പ്രദീഷ് അറിയിച്ചു. 12 വീടുകൾക്ക് കനത്ത നഷ്ടമുണ്ട്.

വൈസ് പ്രസിഡന്റ് പി.ടി.നിഷ, മെംബർമാരായ വി.പി.ശശിധരൻ, നാരോന്റവിട നസീമ, അസിസ്റ്റന്റ് സെക്രട്ടറി രാജീവൻ പുനത്തിൽ, വില്ലേജ് ഓഫിസർ എം.ഷൈമ, മുൻ മെംബർ സി.വി.കുഞ്ഞബ്ദുല്ല തുടങ്ങിയവർ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലെത്തി. ഇന്നലെ പകൽ മഴ അൽപം ശമിച്ചെങ്കിലും വെള്ളക്കെട്ടുകളും ദുരിതങ്ങളും പലയിടങ്ങളിലും തുടരുകയാണ്.

∙ വളയം മഞ്ചാന്തറയിൽ വലിയ പറമ്പത്ത് ബാലന്റെ വീടിനോടു ചേർന്ന കിണറും പുറമേരി പഞ്ചായത്തിലെ അരൂർ പെരുമുണ്ടച്ചേരി ഉദയ ക്ലബ്ബിനു സമീപം അമ്പ്രോളി ബാലകൃഷ്ണന്റെ വീടിനോടു ചേർന്ന കിണറും ഇടിഞ്ഞു താഴ്ന്നു. ബാലകൃഷ്ണന്റെ വീടിന്റെ കുളിമുറിയുടെ ചുമർ ഭീഷണിയിലാണ്. ആൾമറ അടക്കമാണു കിണറ്റിലേക്കു താഴ്ന്നത്.
∙ വാണിമേൽ വേർക്കടവിൽ തിരുവങ്ങോത്തു കുമാരന്റെ വീട്ടുമുറ്റത്തു നിർത്തിയ കാറിനു മുകളിലേക്കു തെങ്ങു വീണു. സമീപത്തെ ഒട്ടേറെ വീടുകളുടെ മതിലുകൾ തകർന്നു; മരങ്ങൾ കടപുഴകി വീണു.
∙ ഭൂമിവാതുക്കൽ താഴെ അങ്ങാടിയിൽ മഴ കനത്തതോടെ റോഡിൽ വെള്ളക്കെട്ടാണ്. കടകളിലേക്കു വെള്ളം കയറുന്നു.
