സമീപത്തെ വീടിനു ഭീഷണിയായി വീണ്ടും സോയിൽ നെയ്‌ലിങ്; കെ.കെ.രമ എംഎൽഎയുടെ നേതൃത്വത്തിൽ തടഞ്ഞു

Mail This Article
വടകര∙ ദേശീയപാതയിൽ പഴങ്കാവ് റോഡിനു സമീപം വീടിനും കിണറിനും ദോഷമായിത്തീർന്ന സോയിൽ നെയ്‌ലിങ് കെ.കെ.രമ എംഎൽഎയും കോൺഗ്രസ്–ആർഎംപി നേതാക്കളും ചേർന്ന് തടഞ്ഞു. മേച്ചേരി ആസ്യയുടെ വീടിനോട് ചേർന്ന് നടത്തുന്ന നിർമാണ പ്രവർത്തനമാണ് തടഞ്ഞത്.
സോയിൽ നെയ്‌ലിങ്ങിനെതിരെ വൻ പ്രതിഷേധം ഉയർന്നിട്ടും പാത നിർമാണക്കമ്പനി പ്രവൃത്തിയുടെ ഭാഗമായി നീളൻ കമ്പികൾ അടിച്ചു കയറ്റുന്നത് 5 ദിവസമായി തുടർന്നു വരികയായിരുന്നു. ഇന്നലെ സിമന്റ് ചേർത്ത മിശ്രിതം തളിക്കുന്ന ജോലി ചെയ്യുമ്പോളാണ് എംഎൽഎ എത്തിയത്. ഉടൻ കലക്ടറെ ഫോണിൽ വിളിച്ചു പണി നിർത്താൻ ആവശ്യപ്പെട്ടു. തുടർന്ന് പണി നിർത്തി.
ദേശീയ പാതയിൽ മണ്ണിടിയാൻ സാധ്യതയുള്ള പല സ്ഥലത്തും പ്രയോഗിച്ചു പരാജയപ്പെട്ട സോയിൽ നെയ്‌ലിങ് ഇവിടെ ചെയ്യുന്നത് ശരിയല്ല എന്ന് കെ.കെ.രമ പറഞ്ഞു. ഒരു വീടിനും അപകടം വരുത്തുന്ന രീതിയിൽ പണി നടത്താൻ അനുവദിക്കില്ല. പ്രശ്നം അടുത്ത ദിവസം കലക്ടറുടെ സാന്നിധ്യത്തിൽ ചർച്ച ചെയ്യും. അതുവരെ പണി നടത്തില്ല. കോൺഗ്രസ് നേതാക്കളായ വി.കെ.പ്രേമൻ, കെ.സുനിൽ കുമാർ, ടി.പി.ശ്രീലേഷ്, ആർഎംപി നേതാവ് ആർ.റിജു എന്നിവരും ഒപ്പം ഉണ്ടായിരുന്നു.