ADVERTISEMENT

കോഴിക്കോട്∙ ആളുകളെ കൊല്ലാൻ വേണ്ടിയാണോ ഈ നഗരത്തിലെ സ്ലാബിടാത്ത ഓടകളെന്നു സംശയം ഉയർത്തുന്നു, ഓടകളിൽ ആവർത്തിക്കുന്ന മരണം. ഇന്നലെ വേങ്ങേരി കാർഷിക മൊത്ത വിപണന കേന്ദ്രം മാർക്കറ്റിനു മുന്നിൽ ഓടയിൽ വീണു തടമ്പാട്ടുതാഴം കല്ലുട്ടിവയൽ സ്വദേശി ഷംസീർ(42) മരിച്ചതാണ് ഒടുവിലത്തെ സംഭവം. രാത്രിയിലെ കനത്ത മഴയിൽ ഓടയിൽ വീണു കോവൂർ എംഎൽഎ റോഡിൽ മോറ ബസാറിലെ ഓടയിൽ വീണു കളത്തുംപൊയിൽ ശശി മരിച്ചതു കഴിഞ്ഞ മാർച്ച് പതിനാറിനാണ്. വീണ സ്ഥലത്തു നിന്ന് ഒന്നര കിലോമീറ്റർ മാറി, പാലാഴി ഇഖ്റ കമ്യൂണിറ്റി ക്ലിനിക്കിനു സമീപത്തെ ഓടയിലാണു പിറ്റേന്നു രാവിലെ ശശിയുടെ മൃതദേഹം കണ്ടെത്തിയത്. 

1) തടമ്പാട്ടുതാഴത്തെ ഓടയുടെ സ്ലാബ് തകർന്ന നിലയിൽ. 2) കോഴിക്കോട് ദാവൂദ് കപാസി റോഡിൽ തുറന്നു കിടക്കുന്ന ഓട.
1) തടമ്പാട്ടുതാഴത്തെ ഓടയുടെ സ്ലാബ് തകർന്ന നിലയിൽ. 2) കോഴിക്കോട് ദാവൂദ് കപാസി റോഡിൽ തുറന്നു കിടക്കുന്ന ഓട.

മാവൂർ റോഡിലെ ഓടയിൽ വീണു മരിച്ച ദിവാകരൻ എന്ന പൊലീസുകാരൻ, 2013 മേയിൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് സ്ലാബില്ലാത്ത ഓടയിൽ വീണു മരിച്ച കിണാശ്ശേരി സ്വദേശി ആയിഷബി, 2016 ജൂലൈയിൽ മാങ്കാവ് മാനാരി ജംക്‌ഷനു സമീപം ഓടയിൽ‌ വീണു മരിച്ച മാങ്കാവ് മനംകുളങ്ങര ശശീന്ദ്രൻ, 

2017ൽ കോട്ടൂളി കെ.ടി.ഗോപാലൻ റോഡിലെ കരിമ്പനത്താഴത്തു തുറന്നിട്ട ഓടയിൽ വീണു മരിച്ച പാചകത്തൊഴിലാളി പുതിയാറമ്പത്ത് സതീശൻ എന്ന കുഞ്ഞൻ തുടങ്ങിയവരെല്ലാം കോർപറേഷന്റെ അനാസ്ഥയുടെ ബലിയാടുകളാണ്. ആയിഷബിയുടെ മൃതദേഹം റെയിലിനു പടിഞ്ഞാറു വശം ഓട കടലിലേക്കു തുറക്കുന്ന ഭാഗത്തുനിന്നാണു ലഭിച്ചത്. 

നിർമാണത്തിലിരുന്ന അഴുക്കുചാൽ ശൃംഖലയിലെ ആൾനൂഴി വൃത്തിയാക്കാനിറങ്ങിയ ആന്ധ്രക്കാരായ രണ്ടു തൊഴിലാളികളും രക്ഷിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവറും വിഷവാതകം ശ്വസിച്ചു മരിച്ചത് 2015 നവംബറിലാണ്. രണ്ടു വർഷത്തോളമായി തുറക്കാതിരുന്ന ആൾനൂഴിയിലാണു ദുരന്തമുണ്ടായത്. 

കോഴിക്കോട് ചാലപ്പുറം ഗണപത് ബോയ്സ് സ്കൂളിനു മുൻപിലെ റോഡിലെ ഓട തുറന്നുകിടക്കുന്നു.
കോഴിക്കോട് ചാലപ്പുറം ഗണപത് ബോയ്സ് സ്കൂളിനു മുൻപിലെ റോഡിലെ ഓട തുറന്നുകിടക്കുന്നു.

വെസ്റ്റ് ഗോദാവരി സ്വദേശിയായ ബൊമ്മിഡി ഭാസ്കര റാവു, ഈസ്റ്റ് ഗോദാവരിയിൽ നിന്നുള്ള നരസിംഹ മൂർത്തി എന്നിവരും രക്ഷിക്കാനിറങ്ങിയ കരുവിശേരി മാളിക്കടവ് മേപ്പക്കുടി എം.നൗഷാദും ആണ് മരിച്ചത്. സുരക്ഷാ പാളിച്ച മൂലമായിരുന്നു ദുരന്തം. ഇവർ, ഓടയിൽ വീണു ജീവൻ നഷ്ടപ്പെട്ടവരിൽ ചിലർ മാത്രം. 

ഗുരുതരമായി പരുക്കേറ്റു ജീവിക്കുന്നവർ ഒട്ടേറെയാണ്. പല കുടുംബങ്ങളെയും അനാഥമാക്കി, തുറന്ന ഓടകളും കോർപറേഷന്റെ തുറന്ന അനാസ്ഥയും തുടരുകയാണ്. ഓടയിൽ വീണ് ആളുകൾ മരിക്കുന്ന സംഭവം ആവർത്തിക്കുമ്പോഴും നഗരത്തിലെ ഓടകളിൽ പലതും ഇപ്പോഴും തുറന്നു കിടക്കുന്നു.  

സുരക്ഷയില്ല;മുൻകരുതലും
കോഴിക്കോട്∙ ഓടകളിൽ വീണ് ആളുകൾ തുടർച്ചയായി മരിക്കുന്നതും ആൾനൂഴിയിലുണ്ടായ ദുരന്തമൊന്നും അധികൃതരുടെ കണ്ണു തുറപ്പിച്ചിട്ടില്ല. ഓടയ്ക്കു മുകളിൽ സ്ലാബോ കൈവരിയോ സ്ഥാപിക്കാത്തതാണു തുറന്ന ഓടകളിൽ അപകടങ്ങൾക്ക് ഇടയാക്കുന്നത്. വീണ്ടുമൊരു ആൾനൂഴി ദുരന്തം ഏതു നിമിഷവുമുണ്ടാകാമെന്ന സ്ഥിതിയാണു നഗരത്തിൽ പലയിടത്തും.

പരിശീലനം നേടിയവരൊന്നുമല്ല ഇപ്പോഴും ഓടയിൽ ഇറങ്ങുന്നത്. പ്രത്യേക ഉപകരണങ്ങളോ സുരക്ഷയോ തൊഴിലാളികൾക്കു ലഭ്യവുമല്ല. ഓടയിലും മറ്റു മലിനജല സംഭരണികളിലും പ്രധാന വില്ലൻ സൾഫർ ഡയോക്സൈഡ് ആണെന്നിരിക്കെ, ഇതിനുള്ള മുൻ കരുതലൊന്നും ആരുമെടുക്കാറില്ല. ഇടുങ്ങിയ സ്ഥലങ്ങളിൽ പ്രവേശിക്കുമ്പോൾ അവിടെ അപകട സാധ്യതയുണ്ടോ എന്നു മുൻകൂട്ടി പരിശോധിക്കാറുമില്ല. 

ഓക്സിജന്റെ അളവോ ഹൈഡ്രജൻ സൾഫൈഡിന്റെ അളവോ  പരിശോധിക്കുന്ന ഉപകരണങ്ങൾക്ക് ആയിരം രൂപ പോലും വിലയില്ലെങ്കിലും അത്തരത്തിൽ മുൻകരുതലൊന്നും എടുക്കാറില്ല.  ഇടുങ്ങിയ സ്ഥലത്തേക്ക് ഇറങ്ങുന്നവർക്കു വ്യക്തിസുരക്ഷാ ഉപകരണങ്ങളും നിർബന്ധമാണ്. ചില സ്ഥലത്തു ശ്വസിക്കാനുള്ള ഉപകരണങ്ങൾ വരെ വേണ്ടിവരും.

ഒടുങ്ങാത്ത ഓടക്കെണി
കോഴിക്കോട്∙ നഗരത്തിലെങ്ങും ഓടക്കെണിയാണ്. ചിലത് സ്ലാബിടാതെയും ചിലത് തകർന്ന സ്ലാബ് മാറ്റാതെയും അപകട കെണിയൊരുക്കി കാത്തിരിക്കുന്നു. 
∙ കരിക്കാംകുളം മുതൽ തടമ്പാട്ടുതാഴം വരെയുള്ള ഓടയ്ക്കു പല ഇടങ്ങളിലും സ്ലാബുകളില്ല. ഉള്ളവ തന്നെ പലയിടത്തും പൊട്ടി തകർന്നു കിടക്കുന്നു. രാത്രി പലയിടത്തും തെരുവുവിളക്കുകൾ കത്താത്തതും അപകട ഭീഷണി ഉയർത്തുന്നുണ്ട്.
∙ ടഗോർ ഹാളിനു പിന്നിലുള്ള കോൺവന്റ് റോഡിലെ അഴുക്കുചാൽ സ്ലാബിടാതെ കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. 
∙ സെന്റ് ജോസഫ്സ് സ്കൂളിനു മുൻപിലുള്ള അഴുക്കുചാലും തുറന്നു കിടക്കുകയാണ്. 

∙ അരബിന്ദ്ഘോഷ് റോഡിലും ആനിഹാൾ റോഡിലും ചാലപ്പുറം ഗവ. ഗണപത് ബോയ്സ് ഹൈസ്കൂളിനു മുൻപിലെ റോഡിലെ അഴുക്കുചാലും സ്ലാബിടാതെ വാ പിളർന്നു നിൽക്കുകയാണ്. 
∙ പൂന്താനം ജംക്‌ഷനിൽ നിന്നു തളിയിലേക്കുള്ള റോഡിലെ ഓടയ്ക്കും പലയിടത്തും സ്ലാബുകളില്ല. 
∙ ബിലാത്തിക്കുളം ഹൗസിങ് കോളനി റോഡിലെ അഴുക്കുചാലിലെ ഓടകളും പലയിടത്തും തുറന്നു കിടക്കുന്നു.

അനാസ്ഥയ്ക്ക് പ്രായം കാൽ നൂറ്റാണ്ട്
കോഴിക്കോട്∙ പ്രതിദിനം നൂറുകണക്കിനാളുകൾ എത്തുന്ന തടമ്പാട്ടുതാഴം ജം‌ക്‌ഷനു സമീപത്തെ മാർക്കറ്റിനു മുന്നിൽ കാൽ നൂറ്റാണ്ടു മുൻപ് വേങ്ങേരി കാർഷിക മൊത്ത വിപണന കേന്ദ്രം ആരംഭിക്കുന്നതിന്റെ ഭാഗമായി നിർമിച്ച ഓടയാണ് ഇന്നും സ്ലാബിടാതെ കിടക്കുന്നത്. ഓടയ്ക്ക് സമീപമാണ് ബസ് സ്റ്റോപ്. കാൽ തെറ്റിയാൽ രണ്ടു മീറ്ററോളം താഴ്ചയുള്ള ഓടയിൽ വീഴും. 

കഴിഞ്ഞ 2 ദിവസത്തെ മഴയോടെ ഓടയിൽ വെള്ളത്തിന്റെ കുത്തൊഴുക്ക് കൂടി. ഇന്നലെ വൈകിട്ട് കനത്ത മഴക്കിടെയാണ് തടമ്പാട്ടുതാഴം സ്വദേശിയായ ഷംസീർ ഓടയിൽ വീണു മരിച്ചത്. മാതാവിനെ ഡോക്ടറെ കാണിച്ചു വീട്ടിലാക്കി തടമ്പാട്ടുതാഴത്തേക്ക് വന്നതായിരുന്നു. ഷംസീർ വീഴുന്നത് കണ്ടെന്ന് ‌വഴിയാത്രക്കാരൻ പറഞ്ഞതോടെയാണ് നാട്ടുകാർ ദ്രുതകർമ സേനയെ വിവരം അറിയിച്ചത്.

തടമ്പാട്ടുതാഴം – മാർക്കറ്റ് വരെയുള്ള മിനി ബൈപാസിലെ റോഡിനോടു ചേർന്ന ഓടയിൽ സമീപത്തെ പെട്രോൾ പമ്പിനു മുന്നിലും മാർക്കറ്റിനു മുന്നിലും സ്ലാബ് ഉണ്ട്. ബാക്കി വരുന്ന 60 മീറ്റർ ഭാഗത്താണ് ഓട തുറന്നു കിടക്കുന്നത്. ഈ റോഡ് 15 മീറ്റർ വികസിപ്പിക്കുന്ന പദ്ധതി നിലവിലുള്ളതിനാൽ ഓടയ്ക്ക് സ്ലാബിടുന്നതിൽ  കോർപറേഷന് സാങ്കേതിക തടസ്സമുണ്ടെന്നാണു ബന്ധപ്പെട്ടവർ പറയുന്നത്.

English Summary:

Uncovered drains are linked to suspicious deaths in Kerala. Recent fatalities in Kozhikode have prompted investigations and highlighted the urgent need for improved safety measures.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com