ഉദ്ഘാടകർ കയ്യോടെ ‘പൊക്കി’; കോളജ് ആർട്സ് ഡേയിൽ സിനിമയെ വെല്ലുന്ന രംഗങ്ങൾ

Malappuram News
SHARE

എടപ്പാൾ∙ കോളജിലെ ആർട്സ് ഡേയ്ക്ക് ബൈക്കിൽ ചെത്തിപ്പൊളിച്ച് വിദ്യാർഥികൾ; ഉദ്ഘാടകരായെത്തിയ ജനമൈത്രി പൊലീസ് കയ്യോടെ പെ‍ാക്കി. പറക്കുളത്തെ ഒരു കോളജിലായിരുന്നു സംഭവം. കോളജിലെ ആർട്സ് ഡേയ്ക്ക് ഉദ്ഘാടകരായി ക്ഷണിച്ചത് തൃത്താല സ്റ്റേഷനിലെ ജനമൈത്രി പൊലീസുകാരെയാണ്. ട്രാഫിക് ബോധവൽക്കരണത്തിന്റെകൂടി ചുമതലയുള്ള സമീറലി, ജിജോ മോൻ എന്നിവരായിരുന്നു വേദിയിൽ ഉണ്ടായിരുന്നത്.

ഉദ്ഘാടന പ്രസംഗം നടക്കുന്നതിനിടയ്ക്കാണ് 30 പേരടങ്ങുന്ന അവസാന വർഷ വിദ്യാർഥികൾ ബൈക്കിൽ ‘ഷോ’ കാണിക്കാനെത്തിയത്. ഹെൽമറ്റ് പോലുമില്ലാതെ 3 പേരെ വച്ച് കാതടിപ്പിക്കുന്ന ശബ്ദത്തിൽ  ബൈക്കിൽ അഭ്യാസം നടത്തിയവരെ കണ്ടപ്പോൾ പ്രസംഗം നിർത്തിയ സിവിൽ  പെ‍ാലീസ് ഓഫിസർമാർ പ്രിൻസിപ്പലിന്റെ അനുവാദത്തോടെ രംഗത്തിറങ്ങി.

പെ‍ാലീസിനെ കണ്ടതോടെ സംഘം വേഗത്തിൽ ബൈക്ക് ഓടിച്ചു പോയെങ്കിലും 3 പേരെ കയ്യോടെ പിടികൂടി. ഇവരെ സ്റ്റേഷനിലെത്തിച്ച് രക്ഷിതാക്കളെ വിളിച്ചു വരുത്തി പിഴ ഈടാക്കി വിട്ടയച്ചു. ബാക്കിയുള്ളവരോട് സ്റ്റേഷനിലെത്താൻ നോട്ടിസ് നൽകിയിട്ടുമുണ്ട്. സിനിമാ സ്റ്റൈലിൽ നടപടിയെടുത്ത പെ‍ാലീസുകാരെ മറ്റു വിദ്യാർഥികൾ കയ്യടിച്ചും ആർപ്പുവിളിച്ചുമാണ് സ്വീകരിച്ചത്.

ബോധവൽക്കരണത്തിന്റെ ഭാഗമായി 30 വിദ്യാർഥികളെയും മറ്റുള്ളവരെയും ഉൾപ്പെടുത്തി ബോധവൽക്കരണവും റാലിയും സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് തൃത്താല ജനമൈത്രി പെ‍ാലീസ്. കോളജുകളിലെ പരിപാടികൾക്കിടെ ബൈക്ക് റാലികളും മറ്റും വർധിച്ചു വരുന്ന സാഹചര്യത്തിൽ മറ്റിടങ്ങളിലും ശക്തമായ നിരീക്ഷണം ഏർപ്പെടുത്താനുള്ള ഒരുക്കത്തിലാണ് പെ‍ാലീസ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN malappuram
SHOW MORE
FROM ONMANORAMA