മാനസികാരോഗ്യ കേന്ദ്രത്തിലെ മരണം; കൊലയെന്ന നിഗമനത്തിൽ പൊലീസ്

മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തിയ മുറിയിൽനിന്ന് പൊലീസ് നായ മണംപിടിച്ച് പുറത്തേക്ക് ഇറങ്ങുന്നു.
SHARE

പെരിന്തൽമണ്ണ ∙ സ്വകാര്യ മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗിക്ക് കൂട്ടിരിക്കാൻ വന്ന മധ്യവയസ്‌കന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങൾ ഉണ്ടായത് ഇന്നലെ പുലർച്ചെ എന്ന നിഗമനത്തിൽ പൊലീസ്.  രാത്രി 11 വരെയും നഴ്‌സിങ് സ്‌റ്റാഫ് പലപ്പോഴായി മുറിയിൽ എത്തിയിരുന്നു. രാവിലെ മരണവിവരം അറിഞ്ഞ് മണിക്കൂറുകൾക്കകം യുവാവിനെ പൊലീസ് കസ്‌റ്റഡിയിലെടുക്കുകയും ചെയ്തു.  ചികിത്സയിലുണ്ടായിരുന്ന മുപ്പതുകാരന്റെ മാതൃസഹോദരനെയാണ് മരിച്ചനിലയിൽ കണ്ടത്.

സംഭവത്തിനുശേഷം വീട്ടിലെത്തിയ യുവാവിനോട് അമ്മാവൻ എവിടെ എന്ന് അന്വേഷിച്ചപ്പോൾ ആശുപത്രിയിൽ ഉണ്ടെന്നാണ് മറുപടി നൽകിയത്. പിന്നീട് പൊലീസ് വിളിച്ചപ്പോൾ മാത്രമാണ് വീട്ടുകാർ മരണവിവരം അറിയുന്നത്.  പുലർച്ചെ, താൻ ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് പോകണമെന്നു പറഞ്ഞപ്പോൾ  പോകാൻ അനുവദിക്കാതെ അമ്മാവൻ തടഞ്ഞുവെന്ന് യുവാവ് പൊലീസിനോടു പറഞ്ഞതായാണു വിവരം.  മരിച്ചയാളുടെ കഴുത്തിൽ കരുവാളിച്ച വലിയ പാടുണ്ട്. ചെവിയിലും മുഖത്ത് കണ്ണിനു സമീപവും ചെറിയ മുറിവുണ്ട്. കസേര പൊട്ടി മറിഞ്ഞുകിടക്കുകയാണ്.

ഷർട്ടിന്റെ കുടുക്കുകൾ നഷ്‌ടപ്പെട്ടിട്ടുണ്ട്. ഇതെല്ലാം മുറിയിൽ പിടിവലി നടന്നതിന്റെ ലക്ഷണങ്ങളായാണ് പൊലീസ് കരുതുന്നത്.  കൊലപാതകമെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ് അന്വേഷണം. ശാസ്ത്രീയ പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.  മലപ്പുറം എആർ ക്യാംപിൽനിന്ന് എത്തിയ ഡോഗ് സ്‌ക്വാഡിലെ പൊലീസ് നായ റാംബോ മൃതദേഹത്തിൽനിന്ന് മണം പിടിച്ച് ആശുപത്രി റോഡിലൂടെ ഓടി ദേശീയപാത വരെയെത്തി മടങ്ങി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN malappuram
SHOW MORE
FROM ONMANORAMA