sections
MORE

കൂലിപ്പണിക്കാരന്റെ രേഖകൾ ഉപയോഗിച്ച് 10 കോടിയുടെ ജിഎസ്ടി തട്ടിപ്പ്

GST
SHARE

കുറ്റിപ്പുറം ∙  കൂലിപ്പണിക്കാരനായ യുവാവിന്റെ രേഖകൾ ഉപയോഗിച്ച് ജിഎസ്ടി വെട്ടിച്ച് സംസ്ഥാനത്തുനിന്നു കടത്തിയത് 10 കോടി രൂപയുടെ അടയ്ക്ക. വ്യാജ ജിഎസ്ടി ബില്ലുകൾ ഉപയോഗിച്ച് അടയ്ക്ക കടത്തിയ സംഭവത്തിൽ പൊലീസും ജിഎസ്ടി വിഭാഗവും അന്വേഷണം ആരംഭിച്ചു. തവനൂർ അതളൂർ സ്വദേശിയായ യുവാവിന്റെ രേഖകൾ ഉപയോഗിച്ചാണ് ജിഎസ്ടി വെട്ടിച്ച് ഏകദേശം 20 ലോഡ് അടയ്ക്ക കടത്തിയത്. ഇതിലൊരു വാഹനം പിടിയിലായപ്പോൾ ചരക്ക് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് യുവാവിന്റെ പേരിൽ റിട്ട് ഹർജിയും തട്ടിപ്പു സംഘം ഹൈക്കോടതിയിൽ ഫയൽ ചെയ്തു. എന്നാൽ അടയ്ക്ക വ്യാപാരവുമായി ബന്ധമില്ലെന്നും ഹർജി ഫയൽ ചെയ്തത് താനല്ലെന്നും കഴിഞ്ഞദിവസം സൂം മീറ്റിങ് വഴി ഹൈക്കോടതി മുൻപാകെ യുവാവ് അറിയിച്ചിരുന്നു.

50 ലക്ഷത്തോളം രൂപയുടെ അടയ്ക്കയുമായി മഹാരാഷ്ട്രയിലേക്കു പോയ ലോറി വഴിക്കടവിൽ 15ന് ജിഎസ്ടി സ്ക്വാഡ് പിടികൂടിയതോടെയാണ് തൃശൂർ, മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ച് നടക്കുന്ന തട്ടിപ്പ് പുറത്തറിയുന്നത്. പിടികൂടിയ ലോറിയിൽ നിന്ന് ലഭിച്ച ബില്ലിൽ യുവാവിന്റെ പേരിൽ റജിസ്റ്റർ ചെയ്ത ജിഎസ്ടി നമ്പറായിരുന്നു. 10 കോടിയുടെ തട്ടിപ്പ് അന്വേഷിച്ച് തവനൂരിലെത്തിയ അന്വേഷണസംഘത്തിനു കാണാനായത് കൂലിപ്പണിയെടുക്കുന്ന യുവാവിനെയാണ്.

500 രൂപ മാസവരുമാനം രേഖപ്പെടുത്തിയ റേഷൻകാർഡ് ഉപയോഗിച്ച് ജീവിതം തള്ളിനീക്കുന്ന യുവാവിന് സംഭവത്തെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. യുവാവിന്റെ രേഖകൾ ഉപയോഗിച്ച് ഒന്നരമാസം മുൻപാണ് സംഘം ജിഎസ്ടി റജിസ്ട്രേഷൻ എടുക്കുന്നത്. സുഹൃത്തുക്കളിൽ ചിലരാണ് ബിസിനസ് ആവശ്യത്തിനാണെന്നു പറഞ്ഞ് രേഖകൾ വാങ്ങിയതെന്ന് യുവാവ് പറയുന്നു. ഇതിനായി 25,000 രൂപയും ‘ഓഫർ’ ചെയ്തു. ജിഎസ്ടി വെട്ടിച്ചുള്ള കോടികളുടെ ചരക്ക് കടത്താണ് ലക്ഷ്യമെന്ന് അറിഞ്ഞില്ല. 

അടയ്ക്ക: 9 കേസ്

പെരിന്തൽമണ്ണ ∙ അടയ്ക്ക വ്യാപാരവുമായി ബന്ധപ്പെട്ടു മാത്രം ഒൻപതോളം കേസുകൾ ജിഎസ്ടി ഇന്റലിജൻസ് വിഭാഗം മലപ്പുറം ജില്ലയിൽ അടുത്തകാലത്ത് എടുത്തിട്ടുണ്ട്. ചില പ്രത്യേക ജിഎസ്ടി നമ്പറുകളിൽ അസാധാരണമായ ചരക്കുനീക്കം ശ്രദ്ധയിൽപെടുന്നതോടെയാണ് പരിശോധനയുടെ റഡാർ പരിധിയിൽ ഇവരും പെടുന്നത്. ഇ–വേ ബില്ലുകൾ നോക്കുമ്പോൾ ലോഡ് കണക്കിന് ചരക്കുനീക്കം നടന്നതായി മനസ്സിലാകും. എന്നാൽ നികുതിയായി ഒന്നും അടച്ചിട്ടുമുണ്ടാവില്ല. അടയ്ക്ക വ്യാപാരത്തിന് 5 % ജിഎസ്ടിയാണ് ഈടാക്കുന്നത്. ഒരു ലോഡ് അടയ്ക്ക കടത്തുമ്പോൾ (ഏകദേശം 40 ലക്ഷം രൂപ) 2 ലക്ഷം രൂപയാണ് ജിഎസ്ടി വരിക.

അടയ്ക്കയുമായി ബന്ധമില്ല; അടയ്ക്കേണ്ടത് 24 കോടി!

മലപ്പുറം ∙ സംരംഭം തുടങ്ങാൻ മോഹിച്ചിറങ്ങിയ യുവാക്കളെ അടയ്ക്ക കടത്തു സംഘം കെണിയിൽ വീഴ്ത്തിയത് കഴിഞ്ഞ വർഷമാണ്. ഒരുമിച്ചു ബിസിനസ് തുടങ്ങാനെന്ന പേരിൽ വളാഞ്ചേരി സ്വദേശികളായ മൂന്ന് യുവാക്കളിൽനിന്ന് പാൻ കാർഡും തിരിച്ചറിയൽ രേഖകളും സംഘം ശേഖരിച്ചു. പക്ഷേ, ഇവരുമായിച്ചേർന്ന് ബിസിനസ് ഒന്നും നടത്തിയില്ല. മാസങ്ങൾക്കു ശേഷം കോടികൾ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജിഎസ്ടി വിഭാഗത്തിൽനിന്ന് കത്ത് എത്തിയപ്പോഴാണ് യുവാക്കൾക്ക് വീണ കെണിയുടെ ആഴം മനസ്സിലാകുന്നത്.

നികുതിയും പിഴയുമടക്കം ഒരാൾക്ക് 2 കോടി രൂപയും മറ്റു രണ്ടു പേർക്ക് 11 കോടി രൂപ വീതവും അടയ്ക്കണമെന്നു കാണിച്ചായിരുന്നു നോട്ടിസ്. ഇതിൽ രണ്ടുപേരുടെ രേഖകൾ ഉപയോഗിച്ച് നാലു കടകളുടെ വിലാസമാണ് ഉണ്ടാക്കിയത്. അതിലൊരു കട ഡൽഹിയിലായിരുന്നു. ജീവിതകാലം മുഴുവൻ പണിയെടുത്താലും ഇത്രയും തുക തിരിച്ചടയ്ക്കാൻ ഞങ്ങൾക്ക് ആകില്ല. അതുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഇപ്പോഴെന്ന് യുവാക്കളിൽ ഒരാൾ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN malappuram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA