പുറത്തൂർ ∙ ജന്മനാട്ടിൽ മഹാകവി വള്ളത്തോൾ നാരായണ മേനോനു സ്മാരകമുയരുന്നു. മഹാകവിയുടെ ജന്മനാടായ തിരൂർ മംഗലം ചേന്നരയിൽ പെരുന്തിരുത്തി-വാടിക്കൽ തൂക്കുപാലത്തിനു സമീപം തിരൂർ-പൊന്നാനി പുഴയുടെ തീരത്താണ് ‘പുഴയോരം പൂങ്കാവനം’ എന്ന പേരിൽ സ്മാരകമുയരുന്നത്. 1878 ഒക്ടോബർ 16ന് ആണു ചേന്നര കൊണ്ടയൂർ തറവാട്ടിൽ മഹാകവി ജനിച്ചത്. യൗവന കാലത്ത് ഇവിടെ കഴിഞ്ഞ മഹാകവി ജോലിയുടെ ഭാഗമായി ഇവിടം വിട്ടു. തൃശൂരിലും കുന്നംകുളത്തും വന്നേരിയിലും ഏറെക്കാലം താമസിച്ച അദ്ദേഹം കലാമണ്ഡലത്തിന്റെ പ്രവർത്തനങ്ങൾക്കായി ചെറുതുരുത്തിയിൽ സ്ഥിര താമസമാക്കി.

മുട്ടന്നൂരിലെ പൊതുപ്രവർത്തകൻ സലാം പൂതേരി സൗജന്യമായി നൽകിയ സ്ഥലത്തു മംഗലം പഞ്ചായത്താണു സ്മാരകം നിർമിക്കുന്നത്. മഹാകവിയുടെ പല കവിതകൾക്കും പശ്ചാത്തലമായിട്ടുള്ള തിരൂർ–പൊന്നാനി പുഴയോരത്തു തന്നെയാണ് അദ്ദേഹത്തിനായി സ്മാരകം ഒരുങ്ങുന്നത്. സ്മാരകത്തിന് ആദ്യഘട്ടം എന്ന നിലയിൽ 14 ലക്ഷം രൂപ വകയിരുത്തി പണി ആരംഭിച്ചു. നിർമിതി കേന്ദ്രയ്ക്കാണു നിർമാണ ചുമതല. കവിതാ സ്തൂപം, ഓപ്പൺ വായനശാല, ആംഫി തിയറ്റർ, ചിത്രശാല, അലങ്കാര വിളക്കുകൾ, ഇരിപ്പിടങ്ങൾ, ഹട്ടുകൾ എന്നിവ സ്ഥാപിച്ചു മനോഹരമാക്കുന്ന ഇവിടെ സായാഹ്ന സവാരിക്കുള്ള സൗകര്യവും ഉണ്ടാക്കാനാണു പദ്ധതി.