പ്രിയതമനായി ദേവയാനിയുടെ കാത്തിരിപ്പ്; തിരകളെ തോൽപിച്ച് എത്തുമെന്ന പ്രതീക്ഷ

kids-woman-tear
SHARE

താനൂർ ∙ തിരയിൽ കാണാതായ പ്രിയപ്പെട്ടവനായി കടലിലേക്കു കണ്ണുംനട്ട് ദേവയാനി കാത്തിരിപ്പു തുടങ്ങിയിട്ട് 10 ദിവസം. മത്സ്യബന്ധനത്തിനിടെ ഫൈബർ വഞ്ചി മറിഞ്ഞാണ് താനൂർ ഒട്ടുംപുറം സ്വദേശി കെട്ടുങ്ങൽ കുഞ്ഞിമോനെ കാണാതായത്. തീരരക്ഷാ സേനയും മത്സ്യത്തൊഴിലാളികളും ഇന്നലെയും തിരച്ചിൽ നടത്തി. കുഞ്ഞിമോൻ ജീവനോടെ തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ അഴിമുഖത്തെ വീട്ടിൽ 5 മക്കളോടൊപ്പം പ്രാർഥനയോടെ കഴിയുകയാണു ഭാര്യ ദേവയാനി. കോവിഡ് നിയന്ത്രണങ്ങളും കടൽക്ഷോഭവും മൂലം ഉപജീവന മാർഗം മുടങ്ങിയതോടെ ഏതാനും നാളുകളായി കുടുംബം ബുദ്ധിമുട്ടിലായിരുന്നു.

ഈ മാസം ആറിനാണ് താനൂർ തീരത്തുനിന്ന് പൊന്നൂസ് വള്ളത്തിൽ 4 പേർക്കൊപ്പം കുഞ്ഞിമോൻ മത്സ്യബന്ധനത്തിനു പുറപ്പെട്ടത്.  ചാകരക്കോളുമായി തിരിച്ചെത്താമെന്ന പ്രതീക്ഷയിലായിരുന്നു യാത്ര. എന്നാൽ, മോശം കാലാവസ്ഥയെത്തുടർന്ന് മത്സ്യബന്ധനം ഉപേക്ഷിച്ച്  സംഘം തിരിച്ചുപോന്നു. തീരത്ത് എത്തുന്നതിനു കിലോമീറ്ററുകൾ‌ മാത്രം അകലെ തിരയിൽ അകപ്പെട്ടു വഞ്ചി മറിഞ്ഞു. 2 പേരെ കാണാതായി. 3 പേർ നീന്തി രക്ഷപ്പെട്ടു. 

കുഞ്ഞിമോനൊപ്പം കാണാതായ ഒട്ടുംപുറം സ്വദേശി ഉബൈദിന്റെ മൃതദേഹം കഴിഞ്ഞദിവസം കാസർകോട് കുമ്പള തീരത്തുനിന്നു കണ്ടെത്തി.  കടലിനോടു മല്ലിട്ട് വളർന്നയാളാണ് കുഞ്ഞിമോൻ. അഴിമുഖത്തു കടലിൽ അപകടത്തിൽപെട്ട ഒട്ടേറെപ്പേർക്കു രക്ഷകനായിട്ടുമുണ്ട്. നാടിന്റെ രക്ഷകൻ തിരകളെ തോൽപിച്ച് എത്തുന്നതു കാണാൻ കുടുംബത്തിനൊപ്പം ഒട്ടുംപുറം തീരഗ്രാമം ഒന്നടങ്കം കാത്തിരിക്കുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN malappuram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA