മലപ്പുറം∙ കയ്യിലിരിക്കുന്നത് 18.41 കോടി. ബാക്കിയുള്ളത് 30 ദിവസം. ശുചിത്വപദ്ധതികൾ ഇതിനുള്ളിൽ ഗ്രാമപഞ്ചായത്തുകൾ ആവിഷ്കരിച്ചില്ലെങ്കിൽ ഈ 18.41 കോടി രൂപയും ആർക്കുമില്ലാതെ പോകും. പഞ്ചായത്തുകൾക്ക് മാലിന്യ നിർമാർജനത്തിനും ശുചിത്വ സംവിധാനങ്ങൾ ഒരുക്കുന്നതിനുമായി ലോകബാങ്ക് സഹായത്തോടെ ലഭ്യമാക്കിയ ഇൻസെന്റീവ് ഗ്രാന്റ് ചെലവഴിക്കപ്പെടാതെ കിടക്കുകയാണ് ഇപ്പോഴും. ജില്ലയിലെ 94 പഞ്ചായത്തുക ൾക്കായി 21.79 കോടി രൂപയാണ് ലഭ്യമായത്.
2018 ഏപ്രിലിൽത്തന്നെ ഓരോ പഞ്ചായത്തിന്റെയും അക്കൗണ്ടിൽ ഒരു നിശ്ചിത തുകവീതം ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ നിക്ഷേപിക്കുകയും ചെയ്തു. എന്നാൽ രണ്ടര വർഷം കഴിഞ്ഞിട്ടും ആകെ ചെലവഴിക്കപ്പെട്ടത് 3.38 കോടി രൂപ മാത്രം. ബാക്കിയുള്ള തുക ചെലവഴിക്കാനാവശ്യമായ പദ്ധതികൾ സമർപ്പിക്കാനോ അതു പൂർത്തിയാക്കാനോ ജില്ലയിലെ ഭൂരിഭാഗം പഞ്ചായത്തുകൾക്കും കഴിഞ്ഞിട്ടില്ല. ജനുവരി 31ന് അകം പദ്ധതികൾ നടപ്പാക്കിയില്ലെങ്കിൽ കയ്യിൽക്കിട്ടിയ ഫണ്ട് കൈവിട്ടുപോകും.
പഞ്ചായത്തുകളിൽ പുതുതായി ചുമതലയേറ്റ അധ്യക്ഷർ അടിയന്തരമായി ഇടപെടേണ്ട വിഷയം കൂടിയാണിത്. നിലവിൽ തുക വകയിരുത്തി ഏറ്റെടുത്ത പദ്ധതികൾ എത്രയും വേഗം പൂർത്തിയാക്കുകയും ബാക്കി വരുന്ന തുകയ്ക്ക് ശുചിമുറി നിർമാണം, ശുചിമുറികളുടെ അറ്റകുറ്റപ്പണി എന്നിങ്ങനെ എളുപ്പത്തിൽ തീർക്കാവുന്ന പദ്ധതികളേറ്റെടുത്ത് കാലാവധിക്കു മുൻപു പൂർത്തിയാക്കുന്നതിന് പഞ്ചായത്ത് ഭരണസമിതികൾ മുൻഗണന നൽകണമെന്ന് ശുചിത്വ മിഷൻ ജില്ലാ കോഓർഡിനേറ്റർ ഇ.ടി.രാകേഷ് അറിയിച്ചു.
ഫണ്ടുണ്ട്, ശുചിമുറിയില്ല
സ്കൂളുകളിൽ ശുചിമുറി സമുച്ചയം പണിയാൻ 2.60 ലക്ഷം രൂപയും അങ്കണവാടികളിൽ ശുചിമുറി പണിയാൻ 20,000 രൂപയും കമ്യൂണിറ്റി ടോയ്ലെറ്റുകൾ നിർമിക്കാൻ 2.10 ലക്ഷം രൂപയും ഇൻസെന്റീവ് ഗ്രാന്റിൽ നിന്ന് പഞ്ചായത്തുകൾക്ക് ലഭ്യമാക്കാവുന്നതാണ്. എന്നാൽ വളരെക്കുറച്ച് പഞ്ചായത്തുകൾ മാത്രമാണ് ഇത്തരത്തിലുള്ള പദ്ധതികൾ സമർപ്പിച്ചിട്ടുള്ളത്.
ലൈഫ് മിഷൻ പദ്ധതിപ്രകാരമുള്ള വീടുകളിലെ ശുചിമുറിക്ക് 12,000 രൂപ ഇൻസെന്റീവ് ഗ്രാന്റിൽ നിന്ന് ചെലവഴിക്കാവുന്നതാണ്. മാത്രമല്ല, വീടുകളിലെ പൊട്ടിപ്പൊളിഞ്ഞ ശുചിമുറി നന്നാക്കാൻ 5000 രൂപയും അനുവദിക്കാൻ കഴിയും. ആവശ്യത്തിന് ശുചിമുറി സൗകര്യമില്ലെന്നത് പഞ്ചായത്തുകളിലെ പതിവു പരാതിയാണ്. എന്നാൽ ഫണ്ട് കിട്ടിയപ്പോഴാകട്ടെ ഇതാണ് സ്ഥിതി.