യാത്രാവിലക്ക് നീട്ടി യുഎഇ, പതിനായിരങ്ങൾ വീണ്ടും നിരാശയിൽ; പകരം യാത്രാ മാർഗങ്ങൾ കൂടുതൽ ‘റിസ്ക്’, ചെലവ് 4 ലക്ഷം വരെ

malappuram news
SHARE

കൊണ്ടോട്ടി ∙ ഇന്ത്യക്കാർക്കുള്ള യാത്രാവിലക്കു ജൂലൈ 6 വരെ യുഎഇ നീട്ടിയെന്ന വിവരം യുഎഇയിലേക്കുള്ള യാത്രക്കാരെ മാത്രമല്ല, യുഎഇ വഴി വിവിധ ഗൾഫ് നാടുകളിലേക്കു പോകാമെന്ന പ്രതീക്ഷയോടെ കാത്തിരുന്ന പതിനായിരക്കണക്കിനു മലയാളി പ്രവാസികളെക്കൂടിയാണു വിഷമത്തിലാക്കിയത്. മറ്റു ഗൾഫ് നാടുകളിലേക്കെല്ലാം നേരിട്ടുള്ള യാത്രാ സാധ്യത കഴിഞ്ഞാൽ, കുറഞ്ഞ ചെലവിൽ എത്താവുന്ന മാർഗമാണ് യുഎഇ.

യുഎഇ ഇന്ത്യയിൽനിന്നുള്ള വിമാന സർവീസ് വിലക്കിയതോടെ, ഒമാൻ, ബഹ്റൈൻ, മാലദ്വീപ്, നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങൾ വഴിയുള്ള യാത്രാ സാധ്യതകൾ പ്രവാസികൾ പ്രയോജനപ്പെടുത്തിയിരുന്നു. എന്നാൽ, ഈ വഴികളും പൂർണമായും അടച്ച അവസ്ഥയാണിപ്പോൾ. യുഎഇ വഴിയുള്ള യാത്ര പുനരാരംഭിക്കും എന്ന പ്രതീക്ഷയിൽ കാത്തിരിക്കുമ്പോൾ ആണ് അടുത്ത മാസം 6 വരെ വിലക്ക് നീട്ടിയത്.

കൂടുതൽ ‘റിസ്ക്’, യാത്ര മുടങ്ങിയാൽ നഷ്ടം

ജോലി സ്ഥലത്തേക്കു മടങ്ങിപ്പോയേ തീരൂ എന്നതിനാൽ, പകരം യാത്രാ മാർഗങ്ങൾ തേടുകയാണു പ്രവാസികൾ. ഈ സാധ്യത പ്രയോജനപ്പെടുത്തി വിവിധ ഏജൻസികൾ യാത്രാ പാക്കേജുമായി രംഗത്തുണ്ട്. റഷ്യ, സെർബിയ, ഉസ്ബക്കിസ്ഥാൻ, എതിയോപ്യ അർമീനിയ തുടങ്ങിയ രാജ്യങ്ങൾ വഴി സൗദി, യുഎഇ രാജ്യങ്ങളിൽ എത്താമെന്നാണു വാഗ്ദാനം. എന്നാൽ, കൂടിയ ചെലവും യാത്ര മുടങ്ങിയാൽ പണം തിരിച്ചു കിട്ടാനുള്ള പ്രയാസവും കണക്കിലെടുത്ത് പലരും ഈ വഴി തേടുന്നില്ല. മറ്റു രാജ്യങ്ങൾ വഴി യാത്രയ്ക്കു ശ്രമിച്ച പലർക്കും മടങ്ങേണ്ടി വന്നിട്ടുമുണ്ട്. കോവിഡ് ഫലം പോസിറ്റീവ് ആകുകയും യാത്ര മുടങ്ങുകയും ചെയ്യുന്ന പ്രശ്നങ്ങൾ വേറെയും.

മാലദ്വീപ് വഴിയുള്ള യാത്ര വിലക്കിയതോടെ സൗദിയിലേക്കു ശ്രീലങ്ക വഴി പോകാൻ വിമാന ടിക്കറ്റ് എടുത്തെങ്കിലും ഒടുവിൽ നടന്നില്ലെന്നും 20,000 രൂപയിലേറെ നഷ്ടം വന്നതായും പുൽപറ്റ സ്വദേശി ഒ.പി.ഷബീലി പറഞ്ഞു. ഇനിയും തിരിച്ചു പോയേ പറ്റൂ എന്നാണു കഴിഞ്ഞ ദിവസം നേപ്പാളിൽനിന്നു മടങ്ങിയെത്തിയ കോഴിക്കോട് കൊടുവള്ളി സ്വദേശി തൃപൊയിൽ സുലൈമാൻ പറഞ്ഞത്. 40 ദിവസത്തോളം നേപ്പാളിൽ തങ്ങിയിട്ടും ലക്ഷ്യത്തിലെത്താതെയാണു സുലൈമാൻ ഉൾപ്പെടെയുള്ളവർ നാട്ടിലേക്കു മടങ്ങിയത്.

ചെലവ് 4 ലക്ഷം വരെ

യുഎഇ, സൗദി എന്നിവിടങ്ങളിൽ എത്താൻ 2 ലക്ഷം മുതൽ 4 ലക്ഷം രൂപ വരെ ചെലവായ യാത്രക്കാരുണ്ട്. സൗദിയിൽ 7 ദിവസ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ ഉള്ളതിനാൽ 50,000 മുതൽ 70,000 രൂപ വരെ അതിനു മാത്രം ചെലവു വരുന്നുണ്ട്. അവശ്യ വിഭാഗങ്ങളിലും മറ്റും ഉൾപ്പെടുത്തി യാത്രാ അനുമതിയുള്ളവരെ ഉദ്ദേശിച്ച് കൊച്ചി വിമാനത്താവളത്തിൽനിന്നും മറ്റും നേരിട്ടു ചാർട്ടേഡ് വിമാനമുണ്ട്. അതിനും വൻതുക വേണമെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. ‘എത്തേണ്ടതു കുവൈത്തിലേക്കായിരുന്നു. അവിടെ എണ്ണക്കമ്പനിയിൽ ജോലി ചെയ്യുന്ന ഞാൻ ഉൾപ്പെടെയുള്ളവർക്കു ജോലിയിൽ പ്രവേശിക്കാൻ അനുമതിയുണ്ടായിരുന്നു.

നേരിട്ടു വിമാനമില്ലാത്തതിനാൽ ദുബായ് വഴി പോകാൻ ഫെബ്രുവരി 9ന് അവിടെയെത്തി. രണ്ടാഴ്ച ദുബായിൽ താമസിച്ചു ഫെബ്രുവരി 25നു പോകാനായിരുന്നു തീരുമാനം. എന്നാൽ, വിമാന സർവീസുകൾ നിർത്തിയതിനാൽ മാർച്ച് നാലിനു നാട്ടിലേക്കു മടങ്ങേണ്ടിവന്നു. പിന്നീട് ബഹ്റൈൻ വഴിയും മറ്റുമുള്ള യാത്രയ്ക്കും വിലക്കുവന്നു. യുഎഇ തുറക്കുമെന്നാണു പ്രതീക്ഷിച്ചത്. ഇനി സെർബിയ വഴി പോകാനുള്ള ശ്രമത്തിലാണ്’ മോങ്ങം തൃപ്പനച്ചി സ്വദേശി ഷിബിലി സ്വാലിഹ് പറഞ്ഞു. കുവൈത്ത് എണ്ണക്കമ്പനികളിൽ ജോലി ചെയ്യുന്നവരിൽ രണ്ടായിരത്തിലേറെ ഇന്ത്യക്കാരുണ്ട്.

പലരും മലയാളികളാണ്. അവരിൽ നിശ്ചിത തസ്തികകളിൽ ജോലി ചെയ്യുന്നവരെ കുവൈത്ത് തിരിച്ചു വിളിച്ചിട്ടുണ്ട്. കോവിഡ് ടെസ്റ്റിനുള്ള ചെലവ് ഉൾപ്പെടെ യാത്രാ ചെലവു വഹിക്കാൻ കമ്പനികൾ തയാറായിട്ടും എത്തിപ്പെടാൻ മാർഗമില്ലാതെ പ്രയാസപ്പെടുകയാണു പലരും. വിവിധ ഗൾഫ് നാടുകളിൽ ജോലിയിൽ പ്രവേശിക്കാൻ അനുമതിയുള്ള പതിനായിരക്കണക്കിനു പ്രവാസികളുണ്ട് നാട്ടിൽ. അവർക്കു തിരിച്ചെത്താനുള്ള അനുമതി (റീ–എൻട്രി) നീട്ടി സൗദി ഉൾപ്പെടെയുള്ള ചില രാജ്യങ്ങൾ സൗകര്യം ഏർപ്പെടുത്തിയിട്ടുമുണ്ട്. ഇനി യാത്രാ മാർഗമൊരുക്കാൻ സർക്കാരുകൾ ഇടപെടണമെന്നാണു പ്രവാസികളുടെ ആവശ്യം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN malappuram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA