ADVERTISEMENT

ചമ്രവട്ടം ∙ ഒരാൾ പൊക്കത്തിൽ പുൽക്കാടുകൾ, ചുറ്റിലും പ്ലാസ്റ്റിക് മാലിന്യം, അവിടവിടെ നാൽ‍ക്കാലികളുടെ വിശ്രമം. പറഞ്ഞു വരുന്നത് ഭാരതപ്പുഴയിലെ ഏതെങ്കിലും തുരുത്തിനെക്കുറിച്ചല്ല. ചമ്രവട്ടം പുഴയോരം സ്നേഹപാത പാർക്കിനെക്കുറിയാണ്. 3 വർഷത്തിലേറെയായി തകർന്നു കിടക്കുന്ന പാർക്ക് നോക്കാനും കാണാനും ആളില്ലാതെ കിടക്കുകയാണ്. സർക്കാരിന്റെ 5 കോടിയാണ് ഇങ്ങനെ കാടുപിടിച്ചു നശിക്കുന്നത്.

പുഴ കാണാനൊരു പാർക്ക്

പുഴയോരത്തൊരു മനോഹര വിശ്രമയിടം എന്ന രീതിയിൽ 9 വർഷങ്ങൾക്കു മുൻപാണ് ഇവിടെ സ്നേഹപാത ആരംഭിച്ചത്. ഒരു കിലോമീറ്ററോളം ദൂരത്തിൽ പൂട്ടുകട്ട വിരിച്ച് വിശ്രമകേന്ദ്രങ്ങളും ഇരിപ്പിടങ്ങളും ഓഡിറ്റോറിയവും പുഴ മുഴുവൻ കാണാൻ സാധിക്കുന്ന തരത്തിൽ വലിയ ക്ലോക്ക് ടവറുമെല്ലാം ഇവിടെ നിർമിച്ചു. എന്നാൽ നിലവിൽ ഇതെല്ലാം തകർന്നു കിടക്കുകയാണ്. കഴിഞ്ഞ 2 പ്രളയങ്ങളാണ് പാർക്ക് തകരാനുള്ള പ്രധാന കാരണം. നിലത്തു വിരിച്ച പൂട്ടുകട്ടയെല്ലാം അടർന്നു തുടങ്ങി. 

ഓഡിറ്റോറിയം ഒരു ഭാഗം പാടേ തകർന്നു. വിശ്രമകേന്ദ്രങ്ങളെല്ലാം നാശമായി. ഇരിപ്പിടങ്ങളിൽ കാട്ടുചെടികളും മുൾച്ചെടികളും വളർന്നു. പിൻവശത്ത് സ്ഥാപിച്ചിരുന്ന വലിയ ഇരുമ്പുവേലിയും പൂർണമായി തകർന്നിട്ടുണ്ട്. പാതയുടെ മധ്യഭാഗത്ത് പുഴയുടെ പാർശ്വഭിത്തി തകർന്നു. ഇനി പ്രളയം വന്നാൽ ഈ ഭിത്തി തകർന്നു വീഴുമെന്ന് വിദഗ്ധർ പറയുന്നു. ഇതിനു പിന്നിലെ വീടുകൾക്കും കേടുപാടുണ്ടായേക്കാം. മുൻപ് ജലസേചന വകുപ്പ് ഒന്നരക്കോടി ഇതിനായി അനുവദിക്കുമെന്നു പറഞ്ഞിരുന്നെങ്കിലും ഒന്നുമായിട്ടില്ല.

കന്നുകാലികളുടെ തൊഴുത്ത്

പാർക്കിൽ പോയാൽ മനുഷ്യരേക്കാൾ കന്നുകാലിക്കൂട്ടങ്ങളെ കാണാം. പുഴയിലെ തുരുത്തിൽ വിടുന്ന ഉരുക്കളെ വെള്ളം കയറിയാൽ തളയ്ക്കുന്നത് ഇവിടെയാണ്. പകൽ മുഴുവൻ ഇവിടെ വിശ്രമിക്കുന്ന കന്നുകാലിക്കൂട്ടങ്ങൾ ചാണകമിട്ടും മറ്റും പാർക്കിനെ തൊഴുത്താക്കിയിട്ടുണ്ട്. പാർക്കിനുള്ളിൽ ഒട്ടേറെ  ഇരുചക്ര വാഹനങ്ങളും കാണാം. പാർക്ക് കാണാനെത്തുന്നവരാണു ബൈക്കുമായി അകത്തു കയറുന്നത്. തകർന്നു കിടക്കുന്ന നടപ്പാതയിലെ കട്ടകൾ കൂടുതൽ ഇളകി മാറാൻ ഇതു കാരണമാകുന്നുണ്ട്.

കാടിനുള്ളിലൂടെ വഴി

നടപ്പാതയിൽനിന്ന് പാർക്കിന്റെ മു‍ൻവശത്തെ പ്രധാന ഭാഗത്തേക്ക് പോകണമെങ്കിൽ കാട് താണ്ടണം. ഇതിനായി കട്ട പതിച്ച വഴിയുണ്ട്. എന്നാൽ ഇവിടെ മുഴുവൻ ഒരാളേക്കാൾ പൊക്കമുള്ള വലിയ പൊന്തക്കാടുകളാണ്. രാത്രിയായാൽ പാർക്ക് സാമൂഹിക വിരുദ്ധരുടെ താവളമാണ്. മദ്യക്കുപ്പികളും മറ്റ് ലഹരിവസ്തുക്കളും ഉപയോഗിച്ചതിന്റെ എല്ലാ തെളിവുകളും ഇവിടെ കാണാം.

ഇതു സമീപവാസികൾക്ക് ചില്ലറ പ്രശ്നങ്ങളല്ല ഉണ്ടാക്കുന്നത്. കുപ്പികളും മറ്റും നേരെ പുഴയിലേക്ക് വലിച്ചെറിയുന്ന സ്ഥിതിയാണുള്ളത്.പാർക്കിന്റെ സംരക്ഷണത്തിനും മറ്റുമായി 2 സെക്യൂരിറ്റി ജീവനക്കാരെയും വൃത്തിയാക്കി സൂക്ഷിക്കാൻ 5 കുടുംബശ്രീ പ്രവർത്തകരെയും ഡിടിപിസി നിയമിച്ചിട്ടുണ്ടെങ്കിലും ഫലപ്രദമല്ല.

"ഇതൊരു പാർക്കാണോ അതോ പഞ്ചായത്തിന്റെ മാലിന്യം തള്ളുന്ന സ്ഥലമാണോ എന്ന സംശയത്തിലാണ് ഞങ്ങൾ. പാർക്ക് അറ്റകുറ്റപ്പണി നടത്തി മാലിന്യം നീക്കം ചെയ്ത് സഞ്ചാരികൾക്കും പ്രദേശത്തിനും പുത്തനുണർവ് നൽകാൻ അധികൃതർ നടപടിയെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു." - റമീഷ ബക്കർ (പ്രദേശവാസി)

"ശാന്തമായി ഒഴുകിയിരുന്ന പുഴയെ അശാസ്ത്രീയമായ രീതിയിൽ കുടുക്കിയിട്ട നിലയിലാണ് പാർക്കിന്റെ നിർമാണം. പ്രകൃതിക്കനുസരിച്ച് വിദഗ്ധരുമായി ചർച്ച ചെയ്ത് വേണമായിരുന്നു നിർമാണം നടത്താൻ. ഇതിനു വേണ്ട സ്ഥലം നിസ്സാര തുകയ്ക്ക് പലരും വിട്ടുകൊടുത്തതാണ്. അത് വേണ്ട രീതിയിൽ ഉപയോഗിക്കാൻ സാധിച്ചില്ല." - വാസൻ.കെ.നായർ, കൊളങ്കര (പ്രദേശവാസി)

"സാമൂഹിക വിരുദ്ധരുടെ താവളമായി പാർക്ക് മാറി. യുവാക്കൾ അടക്കമുള്ള ഒട്ടേറെ പേരാണ് ലഹരി വസ്തുക്കളും മറ്റുമായി ഇവിടെയെത്തുന്നത്. സമീപവാസികൾക്കെല്ലാം ശല്യമാകുന്ന ഇത്തരം പ്രവർത്തനങ്ങൾക്ക് ഉടൻ പരിഹാരം കാണണം." - റസാഖ് ചമ്രവട്ടം (പ്രദേശവാസി)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com