ADVERTISEMENT

മഞ്ചേരി ∙ കോവിഡിനു ശേഷം പുതിയ സാഹചര്യത്തിൽ സ്കൂൾ തുറക്കുമ്പോൾ വിദ്യാർഥികളുടെ ആരോഗ്യ സംരക്ഷണത്തിനു സ്കൂളിൽ ആരോഗ്യ സംരക്ഷണ സമിതി രൂപീകരിക്കാനും രോഗീ പരിചരണത്തിന് സിക്ക് റൂം തയാറാക്കാനും വിദ്യാഭ്യാസ വകുപ്പ് നിർദേശം. വിദ്യാർഥികളുടെ ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായാണ് രോഗ പ്രതിരോധത്തിന് പുതിയ മാർഗരേഖകൾ.

പ്രധാനാധ്യാപകൻ ആയിരിക്കും ആരോഗ്യ സമിതിയുടെ കൺവീനർ. പിടിഎ പ്രസിഡന്റ് എസ്എംസി ചെയർമാൻ, ഹെൽത്ത് ഇൻസ്പെക്ടർ, ആശ വർക്കർ, സീനിയർ അധ്യാപകൻ, കുട്ടികളുടെ പ്രതിനിധി, സൂപ്രണ്ട് ഉൾപ്പെട്ടതാണ് സമിതി. സമിതിക്ക് നോഡൽ ഓഫിസറെ ഉണ്ടാകും. ആഴ്ചയിൽ ഒരിക്കൽ സമിതി കൂടണം. രോഗ പരിശോധന റജിസ്റ്റർ സൂക്ഷിക്കണം. സ്കൂളുമായി ബന്ധപ്പെട്ട് ഡോക്ടറുടെ സാന്നിധ്യം ഉറപ്പാക്കണം.

ഒരു പ്രദേശത്തെ കുട്ടികളെ കഴിയുന്നതും ഒരു ബാച്ചിൽ ഇരുത്താനും രോഗ ലക്ഷണങ്ങൾ ഉള്ളവർ ഹാജരാകേണ്ടതില്ലെന്നു പറയുന്നു. സോപ്പ്, മാസ്ക്, സാനിറ്റൈസർ കവാടത്തിൽ തെർമൽ സ്കാനർ‍ തുടങ്ങി കോവിഡ് പ്രതിരോധത്തിന് സൗകര്യങ്ങൾ സ്കൂളിൽ ഒരുക്കണം.  ശുചിമുറി കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കണം. ഒരു ബെഞ്ചിൽ 2 കുട്ടികളെ ഇരുത്താനാണ് നിർദേശം. പുറത്തുനിന്നുള്ള സന്ദർശകരെ കുറയ്ക്കണമെന്നും വൈദ്യ സഹായത്തിനുള്ള ഫോൺ നമ്പർ ഓഫിസിൽ പ്രദർശിപ്പിക്കണമെന്നും പറയുന്നു.

അധ്യാപകരെ കണ്ടെത്താൻ പാച്ചിൽ

തിരൂർ ∙ സ്കൂൾ തുറക്കുന്നതിനു മുൻപ് അധ്യാപകരെ കണ്ടെത്താൻ അധികൃതരുടെ നെട്ടോട്ടം. ഒന്നിന് തുറക്കുമെങ്കിലും പല സർക്കാർ സ്കൂളുകളിലും പ്രൈമറി മുതൽ ഹയർസെക്കൻഡറി വരെ അധ്യാപകരുടെ എണ്ണത്തിൽ വലിയ കുറവാണുള്ളത്. ജില്ലയിൽ എണ്ണൂറോളം അധ്യാപക തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്നത്. തീരദേശ മേഖലകളിലാണ് കൂടുതൽ കൂടുതൽ ഒഴിവുകളുള്ളത്. ഇതോടെ പ്രശ്നം പരിഹരിക്കാൻ ദിവസവേതനത്തിന് അധ്യാപകരെ നിയമിക്കാനുള്ള നെട്ടോട്ടത്തിലാണ് അധികൃതർ.

ഇതിനായി മാധ്യമങ്ങളിൽ അറിയിപ്പുകളുടെ ബഹളമാണ്. പ്രധാനാധ്യാപകർ ഇല്ലാത്തതും സ്കൂളുകളുടെ പ്രവർത്തനത്തെ കാര്യമായി ബാധിക്കുമെന്ന ആശങ്കയുണ്ട്. 206 പ്രൈമറി സ്കൂളുകളിൽ പ്രധാനാധ്യാപകരുടെ കുറവുണ്ട്. സീനിയർ അധ്യാപകർക്കാണ് പകരം ചുമതല നൽകിയിരിക്കുന്നത്. കൂടാതെ എഴുപതോളം പാർട്ട്‍ടൈം സ്വീപ്പർമാരുടെ കുറവുമുണ്ട്. തുറന്നു കഴിഞ്ഞാൽ എങ്ങനെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിക്കൊണ്ടു പോകുമെന്ന ആശങ്കയിലാണ് ബാക്കിയുള്ള അധ്യാപകർ. ശുചീകരണത്തിനും മറ്റുമായി ഫണ്ട് കണ്ടെത്തേണ്ട ബാധ്യതയുമുണ്ട്. ഇതിനായി പ്രത്യേകം തുക അനുവദിച്ചിട്ടില്ല.

പല പിടിഎക്കും ഇതിന് ആവശ്യമായ നീക്കിയിരുപ്പുമില്ല.ഇതിനിടെ താൽക്കാലിക അധ്യാപകരെ നിയമിക്കാനുള്ള ഉത്തരവ് ലഭിച്ചതു വലിയ ആശ്വാസമായിട്ടുണ്ട്. എൽപി സ്കൂളിൽ ഇതിന് ഒരു ദിവസം 925 രൂപയാണ് ശമ്പളം. യുപിയിൽ 1025 രൂപയും നൽകും. ഇവരുടെ ഡ്യൂട്ടി കണക്കാക്കി സർക്കാരാണ് ശമ്പളം നൽകുന്നത്. പിഎസ്‍സി ലിസ്റ്റിലുള്ളവർക്കു മുൻഗണന ലഭിക്കും. സ്കൂൾ തുറക്കുന്നതിനു മുൻപ് ഇവരെ നിയമിച്ച് താൽക്കാലിക പരിഹാരം കാണാനുള്ള തീവ്രശ്രമത്തിലാണ് അധികൃതർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com