ADVERTISEMENT

വഴിക്കടവ് ∙ മലവെള്ളപ്പാച്ചിലിൽ പുഞ്ചക്കൊല്ലി കോളനിയിലെ 2 വീടുകൾ തകരുകയും പാലം അപകട ഭീഷണിയിലാകുകയും ചെയ്തു. വെളളക്കരിയൻ, ഷൈജു എന്നിവരുടെ വീടുകളാണ് തകർന്നത്. വീടുകളുടെ സംരക്ഷണ ഭിത്തിയും ശുചിമുറിയും തകർന്നു. വിജയരാജന്റെ വീട്ടിൽ വെള്ളംകയറി വീട്ടുസാധനങ്ങൾ മുഴുവൻ ഒലിച്ചു പോയി. കോരൻപ്പുഴയിൽ കോളനിക്ക് സമീപം നിർമിച്ച പാലത്തിന്റെ സ്ലാബ് 3 മീറ്റർ നീളത്തിൽ ഇളകി മാറിയിട്ടുണ്ട്. ഞായർ വൈകിട്ട് അഞ്ചരയോടെയാണ് പുഴയിൽ മലവെള്ളമെത്തിയത്.

കോളനിക്ക് മുകൾ ഭാഗത്തുവച്ച് പുഴ ഗതിമറിയാണ് കോളനിയിലേക്ക് വെള്ളമെത്തിയത്. സ്ഥലത്തെത്തിയ റവന്യു, പഞ്ചായത്ത്, പൊലീസ്, അഗ്നിരക്ഷാ സേന, വനപാലകർ, സിവിൽ വൊളന്റിയേഴ്സ് തുടങ്ങിയവരുടെ സംഘം പാലത്തിലടിഞ്ഞ മരങ്ങളും കല്ലുകളും നീക്കം ചെയ്തു. കഴിഞ്ഞ പ്രളയത്തിൽ പുഴഗതിമാറി വന്ന സ്ഥലത്ത് താൽക്കാലികമായി കല്ല് നിരത്തി വെള്ളത്തിന്റെ ഒഴുക്കിന് തടസ്സം ഉണ്ടാക്കിയെങ്കിലും ഫലം കണ്ടില്ല.

മുളങ്കുണ്ടിൽ പുഴ ഗതിമാറി ഒഴുകി

കരുവാരകുണ്ട് ∙ മലവെള്ളപ്പാച്ചിലിൽ ആലിക്കോട് മുളങ്കുണ്ടിലും കൽക്കുണ്ട് അട്ടിയിലും നാശം. മുളങ്കുണ്ടിൽ പുഴ ഗതിമാറി ഒഴുകി വീടുകളിലേക്കുള്ള വഴി ഇടിഞ്ഞു. ഇതോടെ വാഹന ഗതാഗതവും നിലച്ചു. 60 കുടുംബങ്ങൾ ഉപയോഗിക്കുന്ന പൊതുകിണറ്റിലേക്കു പുഴ വെള്ളം കയറി ജലം മലിനമായി. തൊഴിലുറപ്പ് പദ്ധതിയിൽ ഇവിടെ നിർമിച്ച സംരക്ഷണഭിത്തി തകർന്നു. അട്ടിയിൽ മലവെള്ളപ്പാച്ചിലിൽ സംരക്ഷണഭിത്തി തകർന്നതോടെ വീടും ഹോട്ടലും ആരാധനാലയവും അപകടാവസ്ഥയിലായി.

മലവെള്ളപ്പാച്ചിലിൽ ആലിക്കോട് മുളങ്കുണ്ടിൽ ഗതിമാറി ഒഴുകുന്ന ഒലിപ്പുഴ.
മലവെള്ളപ്പാച്ചിലിൽ ആലിക്കോട് മുളങ്കുണ്ടിൽ ഗതിമാറി ഒഴുകുന്ന ഒലിപ്പുഴ.

കുത്തൊഴുക്കിൽ കോൺക്രീറ്റ് ഭിത്തി തകർന്ന് മണ്ണിടിഞ്ഞു. വെള്ളത്തിന്റെ കുത്തൊഴുക്കിൽ ചോലവെള്ളം വലിയ പാറയിൽ തട്ടിയാണ് ഇവിടെ വീടുകൾക്കു ഭീഷണിയാകുന്നത്. ഇന്നലെ സ്ഥലം സന്ദർശിച്ച ജില്ലാ പഞ്ചായത്തംഗം വി.പി.ജസീറ ചോലയിലെ പാറ പൊട്ടിച്ച് അപകടം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഡപ്യൂട്ടി കലക്ടർക്ക് നിവേദനം നൽകി. വില്ലേജ് ഓഫിസർ ഇതു സംബന്ധിച്ചു നിലമ്പൂർ തഹസിൽദാർക്ക് റിപ്പോർട്ട് നൽകി. 

മാറിത്താമസിക്കാൻ നിർദേശം

‌‌∙ പുഞ്ചക്കൊല്ലി കോളനിയിലെ ആദിവാസി കുടുംബങ്ങളോട് മാറിത്താമസിക്കാൻ റവന്യു അധികൃതർ നിർദേശം നൽകി. തുടർന്നും മലവെള്ളപ്പാച്ചിലിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. പുഴയുടെ കരയിലുള്ള 9 കുടുംബങ്ങളെ മാറ്റിയിട്ടുണ്ട്. ഇവർ ക്യാംപിലേക്ക് വരാൻ തയാറാകാത്തതിനാൽ കാട്ടിലുള്ള ഷെഡുകളിലേക്കാണ് മാറിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com