ADVERTISEMENT

തേഞ്ഞിപ്പലം ∙ 6 പുതിയ സസ്യങ്ങൾ കൂടി കണ്ടെത്തി കാലിക്കറ്റ് സർവകലാശാലയിൽ നിന്നുള്ള സസ്യശാസ്ത്ര ഗവേഷകർ. ബർമേനിയ മൂന്നാറൻസിസ്, എരിയോക്കോളൻ നഞ്ജപ്പെ, ഇംപേഷ്യൻസ് രക്ത കേസര, സോണറില കൊങ്കനെൻസിസ്, പാരസൊപൂജിയ രാഘവേന്ദ്രേ, ഹെൻകെലിയ ഖാസിയാന എന്നിവയാണവ. വടക്കു കിഴക്കൻ‌ ഹിമാലയ നിരകളിൽ നിന്നും പശ്ചിമ ഘട്ടത്തിൽ നിന്നും മറ്റുമാണ് പുതിയ സസ്യങ്ങളെ കണ്ടെത്തിയത്. സ്വീഡനിൽ‍ നിന്ന് പ്രസിദ്ധീകരിക്കുന്ന നോർഡിക് ജേണലിന്റെ പുതിയ ലക്കത്തിൽ ഗവേഷണ ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തിരിച്ചറിഞ്ഞ 6 സസ്യങ്ങളെയും സംരക്ഷണ പ്രാധാന്യമുള്ള സസ്യജാലങ്ങളുടെ പട്ടികയിൽ ചേർത്തതായി സസ്യജാലങ്ങളെ കണ്ടെത്താൻ നേതൃത്വം നൽകിയ യൂണിവേഴ്സിറ്റി ബോട്ടണി വകുപ്പിലെ പ്രഫസർ ഡോ. സന്തോഷ് നമ്പി പറഞ്ഞു. ഹെൻകെലിയ ജനുസിലുള്ള സസ്യത്തെ മേഘാലയയിലെ ഈസ്റ്റ് ഖാസി ജില്ലയിൽ നിന്ന് കണ്ടെത്തിയതിനാലാണ് ഹെൻകെലിയ ഖാസിയാന എന്ന പേരിട്ടത്. എം.കെ. അഖിൽ (ചേമഞ്ചേരി), വിഷ്ണു മോഹൻ (ഒല്ലൂ‍ർ) എന്നിവരാണ് ഈ സസ്യത്തെ കണ്ടെത്തിയത്. സുന്ദരിയില എന്ന പേരിൽ അറിയപ്പെടുന്ന സസ്യത്തിന് സോണറില കൊങ്കനെൻസിസ് എന്നാണ് പേര് നൽകിയത്. സൗത്ത് ഗോവാ സാൽസെറ്റ് താലൂക്കിലെ ചന്ദ്രേശ്വർ മലയിൽ നിന്നാണ് ഇത് കണ്ടെത്തിയത്.

ചെറിയ കിഴങ്ങുള്ള ഈ സസ്യത്തെ എസ്. രശ്മി (ചേലക്കര), പി.എഫ്. അക്ഷത്ര (ബോട്ടണി വകുപ്പ്) എന്നിവരാണ് തിരിച്ചറിഞ്ഞത്. കാശിത്തുമ്പ കുടുംബത്തിൽപെട്ട ഇംപേഷ്യൻസ് രക്ത കേസര, ബർമാനേസിയ കുടുംബത്തിൽപെട്ട ബർമാനിയ മൂന്നാംറെൻസിസ്, ഒറോബാങ്കേസിയ കുടുംബാംഗം പാരസൊപൂബിയ രാഘവേന്ദ്രേ എന്നീ സസ്യങ്ങളെ വിഷ്ണു മോഹൻ, ഡാനി ഫ്രാൻസിസ്, ദിവ്യ കെ. വേണുഗോപാൽ എന്നിവർ ചേർന്നാണ് കണ്ടെത്തിയത്. ആനമുടി, മൂന്നാർ, മതികെട്ടാൻ ചോല എന്നിവിടങ്ങളിൽ നിന്നായിരുന്നു അവരുടെ കണ്ടെത്തൽ. രാഘവേന്ദ്രേ എന്ന സസ്യത്തെ മതികെട്ടാൻ ചോല ദേശീയോദ്യാനത്തിലെ സസ്യ വൈവിധ്യത്തെപ്പറ്റി പഠനം നടത്തുന്ന എസ്. ശ്യാം രാധും ബോട്ടണി വകുപ്പിലെ സസ്യശാസ്ത്രജ്ഞൻ ഡോ. എ.കെ. പ്രദീപും ചേർന്നാണ് കണ്ടെത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com