ADVERTISEMENT

എടപ്പാൾ ∙ കാറിലെത്തിയ സംഘം തന്നെ തട്ടിക്കൊണ്ടു പോയെന്ന വിദ്യാർഥിയുടെ പരാതി പൊലീസിനെ വട്ടംകറക്കി. അന്വേഷണത്തിൽ സ്കൂളിൽ പോകാനുള്ള മടി മൂലം വിദ്യാർഥി വ്യാജമായി തയാറാക്കിയ തിരക്കഥ ആയിരുന്നു ഇതെന്ന് പൊലീസ് കണ്ടെത്തി. 9–ാം ക്ലാസ് വിദ്യാർഥിയെ ആണ് കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടു പോയതായി പരാതി ലഭിച്ചത്. സ്കൂൾ വിട്ടുവരുമ്പോൾ വായനശാലയ്ക്ക് സമീപത്തെ വഴിയിൽ വച്ച് തന്നെ കാറിലെത്തിയ സംഘം ബലം പ്രയോഗിച്ച് കയറ്റിക്കൊണ്ടു പോകുകയും മർദിക്കുകയും ചെയ്തെന്നും പിന്നീട് രക്ഷപ്പെട്ട് അതുവഴി വന്ന ലോറിയിൽ കയറിയാണ് നാട്ടിലെത്തിയതെന്നും ആയിരുന്നു വിദ്യാർഥി വീട്ടുകാരോട് പറഞ്ഞത്. 

ഇതു പ്രകാരം ചങ്ങരംകുളം പൊലീസിൽ പരാതിയും നൽകി. സമീപത്തെ സിസിടിവികൾ പൊലീസ് പരിശോധിക്കുകയും സംശയമുള്ള ഒട്ടേറെ പേരെ ചോദ്യം ചെയ്യുകയും ചെയ്തു. പരാതി നൽകാനായി എത്തിയപ്പോൾ സ്റ്റേഷനിൽ മറ്റൊരു കേസിൽ പിടിയിലായ പ്രതികൾ സഞ്ചരിച്ച കാർ കണ്ട് ആ വാഹനം ആണെന്നുവരെ വിദ്യാർഥി പറഞ്ഞു. ഇവരുടെ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ ഇവർ ഈ ഭാഗത്തേക്ക് പോയിട്ടില്ലെന്നും കണ്ടെത്തി. പിന്നീട്  കൗൺസലിങ് നടത്തിയപ്പോഴാണ് സ്കൂളിൽ പോകാൻ മടിയാണെന്നും അതിനുവേണ്ടി മെനഞ്ഞെടുത്തതാണ് തട്ടിക്കൊണ്ടു പോകൽ എന്നും വിദ്യാർഥി വെളിപ്പെടുത്തിയത്. 

സിഐ ബഷീർ ചിറക്കലിനു പുറമേ എസ്ഐ ഒ.പി.വിജയകുമാർ, സീനിയർ സിപിഒ എസ്.സന്തോഷ് കുമാർ, സിവിൽ പൊലീസ് ഓഫിസർ ഷൈജു എന്നിവരുടെ നേതൃത്വത്തിൽ ആണ് അന്വേഷണം നടത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com