ADVERTISEMENT

മലപ്പുറം∙ ഉപതിരഞ്ഞെടുപ്പു നടന്ന ജില്ലയിലെ 5 പഞ്ചായത്ത് വാർഡുകളിലും യുഡിഎഫ് വിജയം. ഊർങ്ങാട്ടിരി പഞ്ചായത്തിലെ വേഴക്കോട്, കാലടി പഞ്ചായത്തിലെ ചാലപ്പുറം, തിരുവാലി പഞ്ചായത്തിലെ കണ്ടമംഗലം, മക്കരപ്പറമ്പിലെ കാച്ചിനിക്കാട്,  പൂക്കോട്ടൂരിലെ ചീനിക്കൽ വാർഡുകളിലാണ് യുഡിഎഫ് സ്ഥാനാർഥികൾ വിജയിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എല്ലായിടത്തും ഭൂരിപക്ഷത്തിൽ വർധനയുണ്ട്.  

വേഴക്കോട് (ഊർങ്ങാട്ടിരി )

∙ ഊർങ്ങാട്ടിരി പഞ്ചായത്തിലെ അഞ്ചാം വാർഡ് വേഴക്കോട്ടു നടന്ന ഉപതിരഞ്ഞെടുപ്പിൽ ഉയർന്ന ഭൂരിപക്ഷത്തോടെ യുഡിഎഫ് സീറ്റ് നിലനിർത്തി. കോൺഗ്രസിലെ എം.ശിവകുമാർ എന്ന സത്യൻ 384 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് സ്ഥാനാർഥി സതീഷ് ചന്ദ്രൻ ചേലാട്ടിനെ പരാജയപ്പെടുത്തി. കഴിഞ്ഞ തവണ 96 വോട്ടിനാണ് യുഡിഎഫ് ജയിച്ചത്. ഇത്തവണ പഞ്ചായത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമെന്ന നേട്ടവുമായി. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ ആകെ 21 സീറ്റിൽ 14 യുഡിഎഫും 7 എൽഡിഎഫുമാണ്. പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന എം.ജ്യോതിഷ്‌കുമാർ കോവിഡ് ബാധിച്ചു മരിച്ചതിനെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. മത്സരഫലം ഭരണത്തെ ബാധിക്കില്ല.

ചാലപ്പുറം (കാലടി)

∙ കാലടി പ ഞ്ചായത്തിലെ ആറാം വാർഡ് ചാലപ്പുറം ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സീറ്റ് നിലനിർത്തി. യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി എം.രജിത 279 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. എൽഡിഎഫ് സ്ഥാനാർഥി വി.വി.സുബൈദയെ ആണ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണ 130 വോട്ടിനാണ് യുഡിഎഫ് വിജയിച്ചത്. ഇത്തവണ  149 വോട്ട് ഭൂരിപക്ഷം വർധിച്ചു. 15 വാർഡുള്ള പഞ്ചായത്തിൽ 9 സീറ്റിൽ യുഡിഎഫും 5 സീറ്റിൽ എൽഡിഎഫും ഒരിടത്ത് എസ്ഡപിഐയും ആണ്. യുഡിഎഫ് പഞ്ചായത്ത് അംഗമായിരുന്ന കെ.ഫാത്തിമ കോവിഡാനന്തര ചികിത്സയിലിരിക്കെ മരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പുഫലം ഭരണത്തെ ബാധിക്കില്ല.

കണ്ടമംഗലം (തിരുവാലി)

∙ തിരുവാലി പഞ്ചായത്തിലെ ഏഴാം വാർഡ് കണ്ടമംഗലത്ത് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സീറ്റ് നിലനിർത്തി. യുഡിഎഫ് സ്വതന്ത്രൻ സജീസ് അല്ലേക്കാടൻ 106 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് സ്വതന്ത്രൻ ടി.പി.സാഹിറിനെ പരാജയപ്പെടുത്തി. കഴിഞ്ഞ തവണ 3 വോട്ടിനാണ് യുഡിഎഫ് ജയിച്ചത്. ഇത്തവണ ഭൂരിപക്ഷം കുത്തനെ ഉയർന്നു. ഇതോടെ 16 വാർഡുള്ള പഞ്ചായത്തിൽ ഇരു മുന്നണികൾക്കും തുല്യ അംഗങ്ങളായി. ലീഗ് അംഗം ടി.പി.അബ്ദുൽ നാസർ കോവിഡ് ബാധിതനായി ചികിത്സയിലിരിക്കെ മരിച്ചതിനാലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. നറുക്കെടുപ്പിലൂടെ എൽഡിഎഫിനു ലഭിച്ച പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനത്തെയും  ഭരണത്തെയും തിരഞ്ഞെടുപ്പ് ഫലം ബാധിക്കില്ല. വിജയിച്ചതോടെ യുഡിഎഫിന് നറുക്കെടുപ്പിൽ ലഭിച്ച വൈസ് പ്രസിഡന്റ് സ്ഥാനവും സ്ഥിരസമിതികളും നിലനിർത്താനാകും.

കാച്ചിനിക്കാട് (മക്കരപ്പറമ്പ്) 

∙മക്കരപ്പറമ്പ് പഞ്ചായത്തിലെ ഒന്നാം വാർഡ് കാച്ചിനിക്കാട്ട് നടന്ന ഉപതിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് സീറ്റ് നിലനിർത്തി. ലീഗ് സ്ഥാനാർഥി ചോലക്കൽ ഗഫൂർ 90 വോട്ടിന്റെ ഭൂരിപക്ഷത്തിൽ  എൽഡിഎഫ് സ്വതന്ത്രൻ കരുവള്ളി യൂനുസിനെ പരാജയപ്പെടുത്തി. കഴിഞ്ഞ തവണ 86 വോട്ടിനാണ് ലീഗ് വിജയിച്ചത്. ഇത്തവണ 4 വോട്ട് ഭൂരിപക്ഷം വർധിച്ചു. 13 വാർഡുള്ള പഞ്ചായത്തിൽ 12 സീറ്റ് ലീഗിനും ഒരു സീറ്റ് എൽഡിഎഫിനുമാണ്.  പഞ്ചായത്ത് പ്രസിഡന്റായിരുന്ന ചോലക്കൽ കോയ കോവിഡാനന്തര ചികിത്സയിലിരിക്കെ മരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പു നടന്നത്. തിരഞ്ഞെടുപ്പുഫലം ഭരണത്തെ ബാധിക്കില്ല.

ചീനിക്കൽ (പൂക്കോട്ടൂർ)

∙ പൂക്കോട്ടൂർ പഞ്ചായത്തിലെ 14ാം വാർഡ് ചീനിക്കലിലെ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സീറ്റ് നിലനിർത്തി. മുസ്‍ലിം ലീഗിലെ എം.എ.സത്താർ 710 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സിപിഎമ്മിലെ ഇ.കെ.സുരേന്ദ്രനെയാണു പരാജയപ്പെടുത്തിയത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഇവിടെ 636 വോട്ട് ഭൂരിപക്ഷത്തിനാണു വിജയിച്ചത്. ഇത്തവണത്തെ ഭൂരിപക്ഷം റെക്കോർഡാണ്. യുഡിഎഫ് അംഗം (മുസ്‍ലിം ലീഗ്) മന്നത്തൊടി സുനീർ രാജിവച്ച ഒഴിവിലേക്കാണു ഉപതിരഞ്ഞെടുപ്പ് നടന്നത്. വിജയം ഭരണത്തെ ബാധിക്കില്ല.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com