ADVERTISEMENT

മലപ്പുറം ∙ ആറ്റു നോറ്റ് കാത്തിരുന്ന സന്തോഷ് ട്രോഫി ടൂർണമെന്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചപ്പോൾ ജില്ലയ്ക്കു ലഭിച്ചതു ഇരട്ട സന്തോഷം. മഞ്ചേരിയിലെ പയ്യനാട് സ്പോർട്സ് കോംപ്ലക്സിൽ ടൂർണമെന്റ് നടക്കുമെന്നായിരുന്നു ആദ്യ സൂചന. പിന്നീട് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലും മഞ്ചേരിയിലുമായി നടക്കുമെന്നായി. പ്രഖ്യാപനം വന്നപ്പോൾ മലപ്പുറമടിച്ചതു ഡബിൾ ലോട്ടറി. മഞ്ചേരിയും കോട്ടപ്പടിയും വേദികൾ. വേദിയായി അന്തിമ അനുമതി ലഭിക്കാൻ കോട്ടപ്പടിക്കു മുന്നിൽ ഇനിയും കടമ്പകളുണ്ട്. ഇനി മുന്നിലുള്ളത് കൃത്യം 56 ദിവസമാണ്. പാഴാക്കാൻ സമയമില്ല. സ്വന്തം പാതിയിൽ നിന്നു തുടങ്ങിയ നീക്കം മനോഹരമായ ഗോളായി മാറുന്നതു പോലെ, ഒറ്റക്കെട്ടായി ഒരുങ്ങാൻ സമയമായി.

വഴിയൊരുങ്ങണം, മഞ്ചേരിയിലേക്ക്

ആനയെ വാങ്ങി, തോട്ടി വാങ്ങാൻ മടിക്കുന്നതുപോലെയാണു മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിന്റെ കാര്യം. എല്ലാ സൗകര്യങ്ങളും പയ്യനാട്ടുണ്ട്. പ്ലയേഴ്സ് റൂമും റഫറീസ് റൂമും ശുചിമുറി കോംപ്ലക്സും മൈതാനവും ഗാലറിയുമെല്ലാം ഒന്നാന്തരം. എന്നാൽ, മഞ്ചേരിയിൽ നിന്നു സ്റ്റേഡിയത്തിലെത്താനുള്ള റോഡ് ആ നിലവാരത്തിലേക്കുയർന്നിട്ടില്ല. ഇതു ഉടൻ പരിഹരിക്കുമെന്നു മന്ത്രി വി.അബ്ദുറഹിമാൻ ഉറപ്പു നൽകിയിട്ടുണ്ട്.

ജില്ലയിലാകെ ഫുട്ബോൾ

കളി നടക്കുന്നതു രണ്ടു സ്റ്റേഡിയങ്ങളിലാണെങ്കിലും ജില്ലയിലാകെ സന്തോഷ് ട്രോഫിയുടെ ആവേശമെത്തും. നിലവിലെ കണക്കു കൂട്ടൽ പ്രകാരം മഞ്ചേരിയിലും മലപ്പുറത്തുമായിട്ടായിരിക്കും ടീമുകളുടെ താമസം. പരിശീലനത്തിനായി തിരൂർ, എടവണ്ണ, കൂട്ടിലങ്ങാടി, നിലമ്പൂർ എന്നിവയെല്ലാം പരിഗണിക്കുന്നുണ്ട്. കോട്ടപ്പടി സ്റ്റേഡിയത്തിൽ കളികൾ നടക്കുന്നതിനാൽ ഇവിടെ പരിശീലനം അനുവദിക്കില്ല.

വരുന്നുണ്ട്, മാച്ച് കമ്മിഷണർ

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ സംഘം ടൂർണമെന്റ് നടത്താനുള്ള പ്രാഥമിക അനുമതിയാണു കഴിഞ്ഞ ദിവസം നൽകിയത്. ഡ്രസിങ് റൂം, മെഡിക്കൽ റൂം, റഫറീസ് റൂം തുടങ്ങിയ സൗകര്യങ്ങൾ തൃപ്തികരമെന്നു സംഘം വിലയിരുത്തി. തത്സമയ സംപ്രേഷണ സൗകര്യമൊരുക്കുന്നതിനു പ്രയാസമുണ്ടാകില്ല. എന്നാൽ, ഗ്രൗണ്ടുമായി ബന്ധപ്പെട്ടു ചില പോരായ്മകൾ അറിയിച്ചിട്ടുണ്ട്. പുല്ലുൾപ്പെടെ പിച്ച് മോശം അവസ്ഥയിലാണ്. ഇതു ഉടൻ പരിഹരിക്കണമെന്നാണ് ആദ്യ നിർദേശം. നിലവിൽ ദിവസവും രാവിലെയും വൈകിട്ടും മൈതാനത്ത് കളിയോ പരിശീലനമോ നടക്കുന്നുണ്ട്. ജനുവരി ആദ്യത്തോടെ ഇതു നിർത്തി പുല്ല് ശരിയാക്കുന്ന നടപടികളിലേക്കു കടക്കും. രണ്ടാഴ്ച കൊണ്ടു പുല്ല് മികച്ച രീതിയിൽ വളർത്താനാകുമെന്നു ഗ്രൗണ്ടിലെ മാർക്കറായ ഷാജി പറയുന്നു.

മൈതാനത്തിനും ഗാലറിക്കുമിടയിലുള്ള കമ്പി വേലി മാറ്റേണ്ടിവരും. ദേശീയ നിലവാരമുള്ള മത്സരം നടത്താനുള്ള വീതിയും നീളവും മൈതാനത്തിനുണ്ടോയെന്ന സംശയം ചില ഭാഗങ്ങളിൽ നിന്നുയരുന്നുണ്ട്. എന്നാൽ, 100 മീറ്റർ നീളവും 64 മീറ്റർ വീതിയുമുള്ള മൈതാനം അതിനു യോജ്യമാണെന്നു വിദഗ്ധർ പറയുന്നു. ചില ഐഎസ്എൽ ടീമുകളുടെ ഹോം ഗ്രൗണ്ടുകൾ ഇതേ രീതിയിലുള്ളതാണ്. അടുത്തയാഴ്ച എഐഎഫ്എഫ് മാച്ച് കമ്മിഷണർ കോട്ടപ്പടി സ്റ്റേഡിയം സന്ദർശിക്കും. അദ്ദേഹം നൽകുന്ന റിപ്പോർട്ടായിരിക്കും അന്തിമം. കേരളം ഉൾപ്പെടുന്ന ഗ്രൂപ്പ് മത്സരങ്ങൾ പയ്യനാട്ടും മറ്റു ഗ്രൂപ്പ് മത്സരങ്ങൾ കോട്ടപ്പടിയിലുമെന്ന രീതിയിലാണു നിലവിലെ ധാരണ. സെമിയും ഫൈനലും പയ്യനാട്ട്.

ഷാജി മാർക്സ്മാൻ, കോട്ടപ്പടി സ്റ്റേഡിയം
"സ്റ്റേഡിയത്തിലെ പുല്ലുമായി ബന്ധപ്പെട്ട് എഐഎഫ്എഫ് സംഘം ചില പോരായ്മകൾ പറഞ്ഞിട്ടുണ്ട്. അതു രണ്ടാഴ്ച കൊണ്ടു പരിഹരിക്കാൻ കഴിയും."

എ.ശ്രീകുമാർ, പ്രസിഡന്റ്, ജില്ലാ സ്പോർട്സ് കൗൺസിൽ
" എഐഎഫ്എഫ് നിർദേശിച്ച എല്ലാ കാര്യങ്ങളും കോട്ടപ്പടിയിൽ ഉടൻ പൂർത്തിയാക്കാൻ കഴിയും. ജനങ്ങളുടെ സഹകരണം കൂടിയുണ്ടെങ്കിൽ അതിനു പ്രയാസമുണ്ടാകില്ല."

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com