മലപ്പുറം ∙ നിയമസഭാ തിരഞ്ഞെടുപ്പു വീഴ്ചയുമായി ബന്ധപ്പെട്ട അച്ചടക്ക നടപടി മണ്ഡലം നേതാക്കളിൽ ഒതുക്കാനും സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിനു നടപടികൾ സ്വീകരിക്കാനും മുസ്‍ലിം ലീഗ് സംസ്ഥാന നേതൃസമിതിയിൽ തീരുമാനം. 10ന് കോഴിക്കോട്ടു ചേരുന്ന പ്രവർത്തക സമിതി യോഗത്തിന്റെ അംഗീകാരം ലഭിച്ച ശേഷം നടപടികൾ പ്രഖ്യാപിക്കുമെന്ന് യോഗത്തിനു ശേഷം ആക്ടിങ് ജനറൽ സെക്രട്ടറി പി.എം.എ.സലാം പറഞ്ഞു.

നടപടിക്കു വിധേയരാകുന്ന നേതാക്കളെ 10നു മുൻപ് സംസ്ഥാന നേതൃത്വം വിളിച്ചുവരുത്തി കാര്യകാരണങ്ങൾ ബോധ്യപ്പെടുത്തും. ശാസിക്കേണ്ടവരെ ശാസിക്കും, താക്കീത് ചെയ്യേണ്ടവരെ താക്കീത് ചെയ്യും, മാറ്റിനിർത്തേണ്ടവരെ മാറ്റിനിർത്തും– സലാം പറഞ്ഞു.
പാർട്ടി പരാജയപ്പെട്ട 12 മണ്ഡലങ്ങളിൽ നിയോഗിച്ച രണ്ടംഗ കമ്മിഷനുകൾ നൽകിയ റിപ്പോർട്ടുകളാണു യോഗം പരിഗണിച്ചത്. ഇതിൽ കളമശേരി, അഴീക്കോട്, കുറ്റ്യാടി എന്നിവ പാർട്ടിയുടെ സിറ്റിങ് സീറ്റുകളായിരുന്നു. ഈ മണ്ഡലങ്ങളിലും പാർട്ടി ഏറെ പ്രതീക്ഷ പുലർത്തിയിരുന്ന താനൂരിലുമാണ് കൂടുതൽ നേതാക്കൾക്കെതിരെ നടപടിയെന്നാണു സൂചന. സംസ്ഥാന നേതാക്കൾക്കു വീഴ്ച പറ്റിയതായി കണ്ടെത്തിയിട്ടില്ലെന്നു സലാം പറഞ്ഞു.
സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഉന്നത നേതാക്കൾ പല സംഘങ്ങളായി തിരിഞ്ഞ് ജില്ലാ തലങ്ങളിൽ പ്രവർത്തക സമ്പർക്ക പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നൽകിയ റിപ്പോർട്ടിലും നടപടിയുണ്ടാകും. ആഭ്യന്തര പ്രശ്നങ്ങൾ അലട്ടുന്ന എറണാകുളം, കണ്ണൂർ, പാലക്കാട് ജില്ലകളിലും ചില തെക്കൻ ജില്ലകളിലും ജില്ലാ, മണ്ഡലം കമ്മിറ്റികൾ പുനഃസംഘടിപ്പിച്ചേക്കും.
സാദിഖലി ശിഹാബ് തങ്ങൾ, പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎ, ഇ.ടി.മുഹമ്മദ് ബഷീർ എംപി, എം.പി.അബ്ദുസ്സമദ് സമദാനി എംപി, പി.വി.അബ്ദുൽ വഹാബ് എംപി, എംഎൽഎമാരായ എം.കെ.മുനീർ, കെ.പി.എ.മജീദ്, മുൻ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.