‘ഇന്നു രാത്രി വൈദ്യുതി വിഛേദിക്കും’; കാര്യം അറിയാൻ വിളിച്ചാൽ ബാങ്ക് അക്കൗണ്ട് ചോരും

Malappuram News
SHARE

പെരിന്തൽമണ്ണ∙ കെഎസ്ഇബിയുടെ പേരിൽ വ്യാജ സന്ദേശമയച്ച് ജില്ലയിലും ഓൺലൈൻ തട്ടിപ്പിനു ശ്രമം. ഒട്ടേറെപ്പേർക്ക് ഇതിനകം ഇത്തരം സന്ദേശങ്ങൾ ലഭിച്ചു. ചിലർ ഇതിനകം തട്ടിപ്പിനും ഇരയായി. വൈദ്യുതി ബിൽ തുക അടച്ചിട്ടില്ലെന്നും ഇന്നു രാത്രി വൈദ്യുതി വിഛേദിക്കുമെന്നും കാണിച്ച് മൊബൈൽ ഫോണിൽ സന്ദേശം എത്തുന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം. സന്ദേശത്തോടൊപ്പം നൽകിയ മൊബൈൽ നമ്പറിൽ ഉടൻ വിളക്കാനാണു നിർദേശം. വിളിച്ചാൽ മൊബൈലിലേക്ക് മറ്റൊരു സന്ദേശം ലഭിക്കും. ഇതിലെ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ ബാങ്ക് അക്കൗണ്ടിൽനിന്ന് പണം പിൻവലിച്ച സന്ദേശമാണു ലഭിക്കുക.

അതല്ലെങ്കിൽ മൊബൈലിൽ ലഭിച്ച ഒടിപി ആവശ്യപ്പെടും. ഇതു നൽകിയാലും പണം പോകുമെന്നുറപ്പ്. സന്ദേശം അയയ്ക്കുന്നതിനു പുറമേ കെഎസ്ഇബി ഉദ്യോഗസ്ഥൻ എന്ന പേരിൽ ഫോണിൽ വിളിച്ചും തട്ടിപ്പു നടക്കുന്നുണ്ട്. അയച്ചു നൽകുന്ന ലിങ്കിലൂടെ പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടും. ഇതിലൂടെ ഉപഭോക്താവിന്റെ മൊബൈൽ ഫോൺ വിദൂരത്തുനിന്ന് നിയന്ത്രിക്കാൻ തട്ടിപ്പുകാരന് സാധിക്കും. ബാങ്ക് വിവരങ്ങളും ഒടിപി സന്ദേശം അടക്കം ഇങ്ങനെ വായിച്ചെടുക്കാം. ഇതുവഴിയാണ് തട്ടിപ്പു നടത്തുന്നത്.

കെഎസ്‌ഇബി കോൾ സെന്ററിൽ വിളിക്കാം

ഓൺലൈൻ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് കെഎസ്ഇബി അധികൃതർ പറഞ്ഞു. കെഎസ്ഇബി ഔദ്യോഗികമായി അയയ്‌ക്കുന്ന സന്ദേശങ്ങളിൽ 13 അക്ക കൺസ്യൂമർ നമ്പർ, കുടിശിക തുക, ഇലക്‌ട്രിക്കൽ സെക്‌‌ഷന്റെ പേര് എന്നിവ ഉണ്ടാകും. ഏതെങ്കിലും ഫോൺ നമ്പറുകളിൽ നിന്നല്ല ഇത്തരം സന്ദേശം വരുക. കെഎസ്ഇബിയിൽ റജിസ്‌റ്റർ ചെയ്‌ത ഗൃഹനാഥന്റെ മൊബൈൽ നമ്പറുകളിലേക്ക് മാത്രമാണ് കെഎസ്ഇബി സന്ദേശമയക്കുക.

ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട്, ഒടിപി തുടങ്ങിയ വിവരങ്ങൾ ഒരിക്കലും ആവശ്യപ്പെടാറില്ല. എന്തെങ്കിലും സംശയം തോന്നുകയാണെങ്കിൽ പണമടയ്ക്കുന്നതിനു മുൻപ്, കെഎസ്‌ഇബിയുടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്റർ നമ്പറായ 1912 ൽ വിളിച്ചോ 9496001912 എന്ന നമ്പറിലേക്ക് വാട്‌സാപ് സന്ദേശം അയച്ചോ പരിഹാരം തേടണം. കെഎസ്‌ഇബി ബിൽതുക അടയ്‌ക്കുന്നതിന് ഔദ്യോഗിക വെബ്‌സൈറ്റോ വിശ്വസനീയമായ പേയ്മെന്റ് ആപ്ലിക്കേഷനുകളോ മാത്രം ഉപയോഗിക്കണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN malappuram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA