ADVERTISEMENT

2 ഫെഡറേഷൻ കപ്പ് വിജയങ്ങളിൽ പങ്കാളിയും ടോപ് സ്കോററും ആയിരുന്ന എ.സക്കീർ എംഎസ്പി ഡപ്യൂട്ടി കമൻഡാന്റ് സ്ഥാനത്തുനിന്ന് വിരമിക്കുന്നു

മലപ്പുറം∙ ഫുട്ബോൾ മൈതാനങ്ങളിൽ എണ്ണം പറഞ്ഞ വിജയഗാഥകൾ രചിച്ച കേരള പൊലീസിന്റെ സുവർണ തലമുറയിലെ ഒരംഗം കൂടി കാക്കി യൂണിഫോം അഴിക്കാനൊരുങ്ങുന്നു. വിജയനും ലിസ്റ്റനും പാപ്പച്ചനുമൊപ്പം പൊലീസ് മുന്നേറ്റനിരയിലെ ചാട്ടുളിയായിരുന്ന, എംഎസ്പി ഡപ്യൂട്ടി കമൻഡാന്റ് എ.സക്കീർ ഈ മാസം 31നു വിരമിക്കും. പൊലീസിന്റെ 2 ഫെഡറേഷൻ കപ്പ് വിജയങ്ങളിലും പങ്കാളിയായ സക്കീർ, 37 വർഷം നീണ്ട സർവീസിനു ശേഷമാണ് കാക്കി അഴിക്കുന്നത്. 1991 കണ്ണൂർ ഫെഡറേഷൻ കപ്പിൽ പൊലീസ് ചാംപ്യന്മാരാകുമ്പോ ൾ ടോപ് സ്കോററായിരുന്നു.കേരള ഫുട്ബോളിലെ പ്രതിഭാ ഫാക്ടറിയായ അരീക്കോട് തെരട്ടമ്മൽ ഗ്രാമത്തിന്റെ സംഭാവനയാണ് സക്കീർ.  ഹൈസ്കൂൾ പഠനത്തിനു ചങ്ങനാശേരി എൻഎസ്എസ് സ്പോർട്സ് ഹോസ്റ്റലിൽ പ്രവേശനം ലഭിച്ചതാണു വഴിത്തിരിവായത്. മികച്ച ഹാഫ് ബാക്കായിരുന്ന സക്കീർ സംസ്ഥാന സബ് ജൂനിയർ, ജൂനിയർ,  റൂറൽ സ്റ്റേറ്റ്  ടീമുകളിൽ കളിച്ചു. 

നാട്ടുകാരനും ബന്ധുവും മുൻ രാജ്യാന്തര താരവുമായ യു.ഷറഫലിയെ പിൻപറ്റി ഡിഗ്രിക്കു ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെത്തി. ഒന്നാം വർഷ ബിരുദ വിദ്യാർഥിയായിരിക്കെ തന്നെ ഓൾ ഇന്ത്യ അന്തർ സർവകലാശാലാ കിരീടം നേടിയ കാലിക്കറ്റ്  ടീമിൽ അംഗമായി. ബെന്നി ക്യാപ്റ്റനായ ആ ടീമിലുണ്ടായിരുന്ന ഷറഫലി, പാപ്പച്ചൻ, രഞ്ജിത്ത്, ടൈറ്റാനിയം അഷ്റഫ് തുടങ്ങിയവരെല്ലാം പിന്നീട് രാജ്യമറിയുന്ന താരങ്ങളായി. 

സർവകലാശാലാ ടീമിനു വേണ്ടി കാഴ്ചവച്ച പ്രകടനമാണു പൊലീസിലേക്കു വഴി തുറന്നത്. അന്ന് വലിയ ഗ്ലാമർ ടീമല്ലാതിരുന്ന പൊലീസിലേക്കു പോകണോയെന്നു ശങ്കിച്ചിരുന്നു. ഷറഫലിയും പാപ്പച്ചനുമുൾപ്പെടെയുള്ളവർ ടീമിലുണ്ടെന്നതും പിതാവിന്റെ  ഉപദേശവും കൂടിയായപ്പോൾ പൊലീസിൽ തന്നെ ചേരാൻ തീരുമാനിച്ചു. ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനങ്ങളിലൊന്നായിരുന്നു അതെന്നു സക്കീർ പറയുന്നു. 1984-ൽ 18-ാം വയസ്സിലാണു കാക്കിയണിയുന്നത്. അതുവരെ ഹാഫ് ബാക്കായിരുന്ന സക്കീറിനെ പൊലീസ് കോച്ച് ശ്രീധരൻ നിയോഗിച്ചതു മുന്നേറ്റനിരയിലാണ്. 88, 89 അഖിലേന്ത്യാ പൊലീസ് ഗെയിംസ് സ്വർണം, 1990, 91 ഫെഡറേഷൻ കപ്പ് കിരീടം തുടങ്ങിയ നേട്ടങ്ങളിൽ സക്കീർ പങ്കാളിയായി. 90 തൃശൂർ ഫെഡറേഷൻ കപ്പിൽ ടീമിലുണ്ടായിരുന്നെങ്കിലും കളിച്ചില്ല. അടുത്ത വർഷം കണ്ണൂരിൽ ടീം കപ്പ് നേടുമ്പോൾ 5 ഗോളുകളുമായി ടീമിന്റെ ടോപ് സ്കോററായി. 2 കൗമുദി ട്രോഫികളിലും ടോപ് സ്കോററായി തിളങ്ങി. 

മുന്നേറ്റത്തിലെ അതിവേഗം കൊണ്ടു ‘ചാട്ടുളി’യെന്ന വിളിപ്പേരിലറിയപ്പെട്ടിരുന്ന സക്കീർ സന്തോഷ് ട്രോഫി കളിച്ചിട്ടില്ല. 2 തവണ ക്യാംപിലുണ്ടായിരുന്നെങ്കിലും ടീമിൽ ഇടം ലഭിച്ചില്ല. അക്കാലത്തെ പ്രതിഭാ ധാരാളിത്തമാണ്  അതിനു കാരണമെന്നു സക്കീർ പറയുന്നു. ഹവിൽദാറായി ജോലിയിൽ പ്രവേശിച്ച് എസ്എപി, കെഎപി, ആർആർ, ആർഎഫ്എം, എസ്ബി സിഐഡി (സെക്യൂരിറ്റി), മറൈൻ എൻഫോഴ്സ്മെന്റ്,  കരിപ്പൂർ വിമാനത്താവളം എന്നിവിടങ്ങളിൽ ജോലി ചെയ്ത ശേഷമാണു എംഎസ്പിയിൽ ഡപ്യൂട്ടി കമൻഡാന്റ് പദവിയിലെത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com