ADVERTISEMENT

നിലമ്പൂർ ∙ കക്കാടംപൊയിൽ ചീങ്കണ്ണി പാലിയിൽ പി.വി.അൻവർ എംഎൽഎയുടെ ഭാര്യാപിതാവിന്റെ പേരിലുള്ള ഭൂമിയിൽ അരുവിക്ക് കുറുകെ നിർമിച്ച റോപ് വേ 2 മാസത്തിനകം പൊളിച്ചുനീക്കണമെന്ന് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഓംബുഡ്സ്മാൻ ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ ഉത്തരവിട്ടു. റോപ് വേയ്ക്ക് സമീപം ബോട്ടുജെട്ടിക്കു വേണ്ടി ഉണ്ടാക്കിയ കോൺക്രീറ്റ് തൂണുകൾ ഉൾപ്പെടെ അനധികൃത നിർമാണങ്ങൾക്കെതിരെ നടപടിയെടുക്കണമെന്നും ഊർങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകി.

റസ്റ്ററന്റ് കം ലോഡ്ജിങ് കെട്ടിടം പണിയാൻ നേടിയ അനുമതിയുടെ മറവിൽ റോപ് വേ നിർമിച്ചെന്ന് ആണ് ഓംബുഡ്സ്മാന് മുൻപിലെ പരാതി. നിലമ്പൂരിലെ എം.പി.വിനോദ് സമർപ്പിച്ച പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ട് നിർമാണങ്ങൾ പൊളിച്ചുനീക്കാൻ 2 തവണ ഓംബുഡ്സ്മാൻ ഉത്തരവിട്ടിരുന്നു. എന്നാൽ സാങ്കേതിക കാരണങ്ങളുടെ പേരിൽ നടപ്പാക്കിയില്ല.

ഇന്നലെ കേസ് പരിഗണിച്ചപ്പോൾ പൊളിച്ചുനീക്കുന്നതിന് 1,47000 രൂപയുടെ ക്വട്ടേഷൻ ഭരണസമിതി അംഗീകരിച്ചതായി ഊർങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറി ബോധിപ്പിച്ചു. എസ്റ്റിമേറ്റ് തയാറാക്കാൻ 20160 രൂപ ചെലവായി. എസ്റ്റിമേറ്റ് തയാറാക്കുന്നത് ഉൾപ്പെടെ നടപടി ക്രമങ്ങൾ പാലിക്കേണ്ടതിനാലാണ് പൊളിച്ചു നീക്കുന്നത് വൈകാൻ കാരണമെന്നും അറിയിച്ചു. സ്ഥലത്തെ മറ്റു അനധികൃത നിർമാണങ്ങൾ പരാതിക്കാരൻ ചൂണ്ടിക്കാട്ടിയപ്പോൾ അവയും പൊളിച്ചുമാറ്റാൻ നിർദേശിച്ചു. കേസ് മാർച്ച് 31ന് പരിഗണിക്കും. ഉത്തരവ് നടപ്പാക്കി അന്ന് സെക്രട്ടറി റിപ്പോർട്ട് നൽകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com