ADVERTISEMENT

മലപ്പുറം ∙ കെ.വി.റാബിയയുടെ ജീവിതത്തിനു ചുറ്റും എല്ലാ കാലത്തും പ്രതിസന്ധിയുടെ കടലുണ്ടായിരുന്നു. ചുറ്റപ്പെട്ട വെള്ളത്തിനു കീഴടങ്ങാൻ മനസ്സില്ലാത്ത ദ്വീപു പോലെ അവർ എല്ലാ പ്രതിസന്ധികൾക്കും മേലെ തലയുയർത്തി നിന്നു. ആത്മവിശ്വാസത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രകാശം മറ്റുള്ളവരിലേക്കു പ്രസരിപ്പിച്ചു. പരന്ന വായന സമ്പത്താക്കിയും അക്ഷരങ്ങളെ ആയുധമാക്കിയും റാബിയ നടത്തുന്ന പോരാട്ടത്തെ പത്മശ്രീ നൽകി ഇപ്പോൾ രാജ്യം ആദരിച്ചിരിക്കുന്നു. രോഗശയ്യയിലും കർമനിരതയായ റാബിയയ്ക്കു അടുത്ത മാസം 25ന് 55-ാം പിറന്നാളാണ്.

ജന്മദിന സമ്മാനമായി ഒരു മാസം മുൻപേ രാജ്യത്തിന്റെ ആദരമെത്തിയിരിക്കുന്നു. വായിച്ചു വായിച്ചു സ്വയമൊരു പാഠപുസ്തകമായി മാറിയ കഥയാണു കെ.വി.റാബിയയുടേത്. തിരൂരങ്ങാടിയിൽ കടലുണ്ടിപ്പുഴയുടെ തീരത്ത് വെള്ളിലക്കാട് ഗ്രാമത്തിൽ കരിവേപ്പിൽ മൂസക്കുട്ടി ഹാജിയുടെയും ബിയ്യാച്ചുട്ടി ഹജ്ജുമ്മ ദമ്പതികളുടെ മകൾ ജീവിതത്തിന്റെ നല്ലകാലവും ചെലവഴിച്ചതു വീൽചെയറിലാണ്. പോളിയോ ബാധിച്ച് പത്താം ക്ലാസിൽ പഠിക്കുമ്പോഴാണു കാലുകൾക്കു ചലന ശേഷി നഷ്ടപ്പെട്ടത്. പഠനത്തോടുള്ള അടങ്ങാത്ത ആഗ്രഹം കാരണം പത്താം ക്ലാസും പിഎസ്എംഒ കോളജിൽ നിന്ന് പ്രീഡിഗ്രിയും പൂർത്തിയാക്കി. പിന്നീട് ജീവിതം  നാലു ചുമരുകൾക്കുള്ളിലൊതുങ്ങിയപ്പോൾ റാബിയ അതിനെയൊരു സർവകലാശാലയാക്കി മാറ്റി. അതിരുകളില്ലാത്ത വായനയായിരുന്നു അവിടുത്തെ പാഠ്യപദ്ധതി.

ചലനം സർവീസ് സൊസൈറ്റിയെന്ന പേരിൽ കൂട്ടായ്മ രൂപീകരിച്ചു പ്രവർത്തിക്കുന്നതിനിടെയാണു നാട്ടിലാകെ അക്ഷര വെളിച്ചം പകരാൻ സാക്ഷരതാ യജ്ഞമെത്തുന്നത്. റാബിയ അതിന്റെ പ്രതീകവും പ്രകാശം പരത്തുന്ന മാതൃകയുമായി. അക്ഷര സംഘം, വനിതാ സംഘം, പാവങ്ങൾക്കു തൊഴിൽ സംരംഭം എന്നിവയുമായി റാബിയ പുതിയ വഴികളിലൂടെ അതിവേഗം സഞ്ചരിച്ചു. അതിനിടെ, അർബുദത്തിന്റെയും സുഷുമ്നയ്ക്കേറ്റ പരുക്കിന്റെയും രൂപത്തിൽ വെല്ലുവിളികളെത്തി. തീയിൽ കുരുത്തവൾ പക്ഷേ, പ്രതിസന്ധിയുടെ ഒരു വെയിലിലും വാടാൻ തയാറല്ലായിരുന്നു.

സ്വപ്നങ്ങൾക്കു ചിറകുകളുണ്ടെന്ന ആത്മകഥ ജീവിതത്തിൽ പ്രചോദനം തേടുന്നവർ തീർച്ചയായും വായിച്ചിരിക്കേണ്ട ഗ്രന്ഥമാണ്. സേവന വഴിയിൽ യുഎൻ  ഇന്റർനാഷനൽ അവാർഡ്, ദേശീയ യൂത്ത് പുരസ്കാരം, കണ്ണകി സ്ത്രീ ശക്തി പുരസ്കാരം, ഐഎംഎ അവാർഡ് തുടങ്ങി ഒട്ടേറെ പൊൻതൂവലുകൾ തേടിവന്നു. രോഗ ശയ്യയിലാണെങ്കിലും കൗൺസലിങ് അടക്കമുള്ള സേവനങ്ങളുമായി ഇപ്പോഴും സജീവം. ഭർത്താവ് ബങ്കളത്ത് മുഹമ്മദ് പിന്തുണയുമായി കൂടെയുണ്ട്. ഇടപെടലുകൾ കൊണ്ടു പല ജീവിതങ്ങളിൽ വെളിച്ചം പകർന്ന റാബിയ ഇനി രാജ്യത്തിന്റെയാകെ ശ്രീ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com