ADVERTISEMENT

മലപ്പുറം∙ യുഎഇ ഫുജൈറയിൽ 2021 മാർച്ച് 20ന് തമിഴ്നാട് സ്വദേശി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിചേർക്കപ്പെട്ട് വിചാരണ നേരിടുന്ന കോഴിക്കോട് കൊടുവള്ളി കരീറ്റിപ്പറമ്പ് സ്വദേശി വാഴപ്പുറത്ത് വീട്ടിൽ ഷിജുവിന്റെ കുടുംബം സഹായം തേടി പാണക്കാട്ട് എത്തി. സാദിഖലി ശിഹാബ് തങ്ങളുടെ വീട്ടിലെത്തിയ കുടുംബം കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചു.ദുബായിൽ സ്വകാര്യ ഇലക്‌ട്രോ മെക്കാനിക്കൽ കമ്പനിയിൽ എസി മെക്കാനിക്കായിരുന്നു ഷിജു.

ജോലിക്കിടെ വെയർ ഹൗസിൽ സൂക്ഷിച്ച ഇലക്‌ട്രോണിക് ഉപകരണങ്ങൾ എടുക്കാൻ പോയി തിരികെ എത്തിയപ്പോൾ കൂടെ ജോലിചെയ്തിരുന്ന തമിഴ്‌നാട് റാണിപ്പെട്ട് സ്വദേശി അരവിന്ദനെ മരിച്ചനിലയിൽ കാണുകയായിരുന്നു. എന്നാൽ ഷിജുവിന്റെ കാരണത്താൽ ഷോക്കേറ്റ് മരിച്ചു എന്ന കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഹൃദയാഘാതമാണു മരണകാരണമെന്നാണ് രേഖപ്പെടുത്തിയിരുന്നത്. കമ്പനിക്ക് ഇൻഷുറൻസ് ഇല്ലാത്തതിനാൽ രക്ഷപ്പെടുത്താനെന്ന വ്യാജേന കേസിൽ കുടുക്കുകയായിരുന്നെന്നും ബന്ധുക്കൾ പറയുന്നു. മോചനത്തിനായി  യുഎഇ കോടതി രണ്ടു ലക്ഷം ദിർഹം നൽകണമെന്നു വിധിച്ചു. കമ്പനിയുമായി കെഎംസിസി നേതാക്കളും സാമൂഹിക പ്രവർത്തകരും ബന്ധപ്പെട്ടപ്പോൾ ഇത് കമ്പനി വഹിക്കാമെന്നേറ്റിരുന്നു. മരണപ്പെട്ടയാളുടെ ബന്ധുക്കളുമായി  സംസാരിച്ച്   നഷ്ടപരിഹാരം കുറയ്ക്കാൻ ഷിജുവിന്റെ കുടുംബത്തോട് കമ്പനി ആവശ്യപ്പെട്ടു. ഈ ധാരണ വൈകിയപ്പോഴാണ് ഷിജു ജയിലിലായത്.

ഇതിനിടയിൽ കമ്പനിക്ക് ഇൻഷൂറൻസ് ഇല്ല എന്ന് മനസിലാക്കിയ മരണപ്പെട്ടയാളുടെ അഭിഭാഷകർ നഷ്ടപരിഹാരം കൂടുതൽ വേണമെന്ന് ആവശ്യപ്പെട്ടു. തമിഴ്നാട്ടിലെ ബന്ധുക്കൾ പവർ ഓഫ് അറ്റോർണി പിൻവലിച്ചെങ്കിൽ മാത്രമേ നഷ്ടപരിഹാരം നൽകുകയുള്ളൂവെന്ന് കമ്പനി പുതിയ നിർദേശം വച്ചതോടെ മോചനം പ്രതിസന്ധിയിലായിരിക്കുകയാണ്. ഇക്കാര്യത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് ഷിജുവിന്റെ ഭാര്യ ലിഷ, നാലു കുട്ടികൾ, പിതാവ് ശങ്കരൻ, മാതാവ് പത്മിനി, സഹോദരിമാർ തുടങ്ങിയവർ പാണക്കാട്ടെത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com