ADVERTISEMENT

മലപ്പുറം∙ മങ്കടയിലെ വാടക ക്വാർട്ടേഴ്സിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കടന്നു കളഞ്ഞ അസം സ്വദേശിയായ അതിഥിത്തൊഴിലാളി അറസ്റ്റിൽ. അസം മണിക്പുർ സ്വദേശിയായ ഷഫീഹുറഹ്മാനെയാണ് (33) അരുണാചൽ പ്രദേശിൽ ഒളിച്ചു താമസിക്കുന്ന സ്ഥലത്തു നിന്നു പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.  2 മക്കളും ഇയാൾക്കൊപ്പമുണ്ടായിരുന്നു. അവിഹിത ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിനു കാരണമെന്ന് പ്രതി വെളിപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ആറു മാസമായി മങ്കട എലച്ചോലയിൽ  താമസിക്കുന്ന അസം സ്വദേശിനി ഹുസ്നാര ബീഗത്തെ (28) ഈ മാസം 10നാണു വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൂടെത്താമസിച്ചിരുന്ന ഭർത്താവിനെയും 2 മക്കളെയും കാണാതായതോടെ ഇയാളെ കേന്ദ്രീകരിച്ചായി അന്വേഷണം. 

സിസിടിവി പരിശോധനയിൽ, കൊല നടന്നതിന്റെ പിറ്റേ ദിവസം ഇയാൾ കുട്ടികൾക്കൊപ്പം പെരിന്തൽമണ്ണ ബസ് സ്റ്റാൻഡിലും പാലക്കാട് റെയിൽവേ  സ്റ്റേഷനിലും എത്തിയതായി കണ്ടെത്തി. എസ്പി എസ്.സുജിത് ദാസിന്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണം ഇയാളെത്തേടി അസമിലെത്തി. ഒരാഴ്ചയോളം അവിടെ താമസിച്ചു പരിശോധിച്ചെങ്കിലും പ്രതിയെ പിടികൂടാനായില്ല.

ഇതിനിടെ, ഇയാളുടെ സഹോദരങ്ങൾ അരുണാചൽ പ്രദേശിൽ ചൈനയോടു ചേർന്നു കിടക്കുന്ന റൂയിങ് ജില്ലയിൽ ജോലി ചെയ്യുന്നതായി മനസ്സിലായി. ഫോൺ പരിശോധിച്ചപ്പോൾ പ്രതിയും അവിടെയുണ്ടെന്നു കണ്ടെത്തി. റുയിങ്ങിലെത്തിയ അന്വേഷണ സംഘം പ്രാദേശിക പൊലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു. ഇയാൾക്കൊപ്പമുണ്ടായിരുന്ന കുട്ടികളെ കുടുംബത്തെ ഏൽപിച്ചു.  പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്   ചെയ്തു.

പെരിന്തൽമണ്ണ ഡിവൈഎസ്പി എം.സന്തോഷ് കുമാർ, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി കെ.എം.ബിജു എന്നിവരുടെ നേതൃത്വത്തിൽ മങ്കട സിഐ  യു.കെ.ഷാജഹാൻ, എസ്ഐ ശ്യാം, പ്രത്യേക അന്വേഷണ സംഘത്തിലെ സി.പി.മുരളീധരൻ, പ്രശാന്ത് പയ്യനാട്, എം.മനോജ് കുമാർ,എൻ.ടി.കൃഷ്ണകുമാർ, ദിനേഷ് കിഴക്കേക്കര, പ്രഭുൽ, മങ്കട സ്റ്റേഷനിലെ എഎസ്ഐ ഷാഹുൽ ഹമീദ്, എസ്‌സിപിഒ അബ്ദുൽ സലാം തുടങ്ങിവരാണു സംഘത്തിലുണ്ടായിരുന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com