ADVERTISEMENT

താനൂർ∙ തനിച്ചു യാത്ര ചെയ്ത് എവറസ്റ്റ് ബേസ് ക്യാംപ് കീഴടക്കി രാജ്യത്തിന്റെ ത്രിവർണ പതാക പാറിച്ച ചാരിതാർഥ്യത്തിൽ ഇരുപത്തെട്ടുകാരി വിനീത. താനൂർ ബസ് സ്റ്റാൻഡിനു സമീപം ചന്തപ്പറമ്പിലെ പതിയമ്പാട്ട് സുനിൽ കുമാർ–ഉഷ ദമ്പതികളുടെ മകളാണ് വിനീത. 23 ദിവസമെടുത്തായിരുന്നു  പർവതാരോഹണം പൂർത്തിയാക്കിയത്. എവറസ്റ്റിലെ 5550 അടി മുകളിൽ കാലാപഥർ വരെ വിനീത യാത്ര നടത്തി. ബേസ് ക്യാംപ് മേഖലയിലെ ഏറ്റവും ഉയർന്ന പ്രദേശമാണിത്.

സമീപത്തെ ഛോലാപാസ് വഴി ഒട്ടേറെ ദൂരം നടന്നു. അടുത്ത കേന്ദ്രമായ ഗോകിയോയിലെ നദിക്കാഴ്ച അതിമനോഹരമാണെന്ന് വിനീത പറയുന്നു. ഗോകിയോ റിയാണ് മറ്റൊരു കേന്ദ്രം. ഇവിടെനിന്ന് മൊത്തമുള്ള മലകളുടെ കാഴ്ച വേറിട്ട അനുഭവമാണ്. കുട്ടിക്കാലം മുതൽ യാത്ര ഏറെ ഇഷ്ടമായിരുന്നെന്ന് വിനീത പറയുന്നു. കോളജിൽ എൻസിസിയിൽ ചേർന്നതോടെയാണ് സാഹസിക ദൗത്യങ്ങളോടു താൽപര്യം തുടങ്ങുന്നത്. സൈക്കിൾ സവാരി ഏറെ ഇഷ്ടമായിരുന്നു. തിരുവനന്തപുരം വരെ സൈക്കിളിൽ പോയിവന്നിട്ടുണ്ട്. ഇടയ്ക്കിടെ വയനാട്ടിലെത്തി ചുരം നടന്നുകയറും.

ഇത്  ഇഷ്ടമായതോടെയാണ് എവറസ്റ്റ് കീഴടക്കാനുള്ള മോഹമുണ്ടായത്. യാത്രയ്ക്കു വീട്ടുകാരുടെ പൂർണ സഹകരണവുമുണ്ടായിരുന്നു. കാസർകോട്ടെ ദിപേഷ്, പുത്തനത്താണിയിലെ റമീസ് എന്നിവരുടെ  ഉപദേശവും മാർഗനിർദേശങ്ങളും സഹായകമായി. അനാരോഗ്യം മറികടന്നായിരുന്നു മുന്നോട്ടുള്ള യാത്ര. കൊടും തണുപ്പിൽ കൈകാലുകൾ മരവിച്ചത് യാത്ര ദുർഘടമാക്കി. എംഎസ്ഡബ്ല്യു ബിരുദധാരിയായ വിനീത യാത്രകൾ തുടരാനുള്ള തീരുമാനത്തിലാണ്. രാജ്യത്തിന് അകത്തു മാത്രമല്ല, പുറത്തേക്കും യാത്ര വ്യാപിപ്പിക്കണമെന്നാണ് വിനീതയുടെ ആഗ്രഹം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com