ADVERTISEMENT

മലപ്പുറം ∙ അധ്യാപകനായിരുന്ന 30 വർഷത്തോളം രാവിലെ സ്കൂളിൽ പോകുന്നതായിരുന്നു നെടിയിരുപ്പ് മുസല്യാരങ്ങാടി സ്വദേശി കെ.വേലായുധന്റെ ശീലം. ജോലിയിൽ നിന്നു വിരമിച്ച ശേഷം അതു ചെറുതായൊന്നു മാറ്റി. അതിരാവിലെ മൈതാനത്തേക്കാണ് ഇപ്പോൾ പോക്ക്. അവിടെ 5 കിലോമീറ്റർ ഓടിയാണു ദിവസം തുടങ്ങുന്നത്. ആ ഓട്ടം വെറുതെയായില്ല. ഡൽഹിയിൽ സമാപിച്ച ദേശീയ മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ വേലായുധൻ മാഷ് ഓടി നേടിയത് ഒന്നല്ല, 4 സ്വർണം. കേരളത്തിൽ നിന്നുള്ള 20 അംഗ സംഘത്തിൽ കൂടുതൽ സ്വർണം നേടിയതും ഇദ്ദേഹം തന്നെ. 10000, 5000, 1500, 4–400 റിലേ ഇനങ്ങളിലായിരുന്നു സ്വർണ നേട്ടം. കോളജ് പഠന കാലത്ത് മികച്ച അത്‌ലീറ്റായിരുന്നു വേലായുധൻ. 

മലപ്പുറം ഗവ. കോളജിൽ പഠിക്കുന്ന കാലത്ത് കാലിക്കറ്റ് സർവകലാശാല മീറ്റിൽ ദീർഘദൂര ഓട്ടങ്ങളിൽ സമ്മാനം നേടിയിട്ടുണ്ട്. അധ്യാപക ജോലിയിൽ പ്രവേശിച്ചതോടെ ഓട്ടം നിർത്തി. വാക്കത്തൊടി എഎംഎൽപി സ്കൂളിൽ നിന്നു 30 വർഷത്തെ അധ്യാപനത്തിനു ശേഷം വിരമിച്ചതു 4 വർഷം മുൻപാണ്. അതിനു പിന്നാലെ വീണ്ടും ട്രാക്കിലിറങ്ങി. മൊറയൂർ ഗവ.ഹയർ സെക്ക‍ൻഡറി സ്കൂൾ മൈതാനത്താണു പരിശീലനം. ഡൽഹി ത്യാഗരാജ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ട്രാക്കിലിറങ്ങിയ ഇനങ്ങളിലെല്ലാം സ്വർണം നേടി വേലായുധൻ ട്രാക്കിലെ മിന്നും താരമായി. ഫിൻലൻഡിലാണു രാജ്യാന്തര മീറ്റ് നടക്കുന്നത്. അതിനു പോകാനുള്ള ശ്രമം തുടങ്ങി. ഗീതയാണു ഭാര്യ. മക്കൾ : വിനീത്, വിഷ്ണു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com