ADVERTISEMENT

തിരൂർ ∙ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി തിരൂരിൽ നടക്കുന്ന പരിപാടികളുടെ അവലോകന യോഗത്തിലും സംഘാടക പിഴവ്. ഇന്നലെ വൈകിട്ട് 4 മണിക്കാണ് അവസാനവട്ട അവലോകനത്തിനായി സംഘാടക സമിതി വിളിച്ചു ചേർത്തത്. മന്ത്രി വി.അബ്ദുറഹിമാനും പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. ഇതോടെ ജില്ലയിലെ എല്ലാ വകുപ്പുകളിലെയും പ്രതിനിധികളും രാഷ്ട്രീയ നേതാക്കളും മറ്റ് സാമൂഹിക പ്രവർത്തകരും മാധ്യമ പ്രവർത്തകരും കൃത്യസമയത്ത് തന്നെ സ്ഥലത്തെത്തി.

എന്നാൽ ഇവർക്ക് ഇരിക്കാനുള്ള കസേരകളോ സ്ഥലമോ സംഘാടകർ ഒരുക്കിയില്ല. ഇതോടെ എത്തിയവർ പലയിടത്തായി കൂട്ടം കൂടി നിന്നു. സമയം നാലേമുക്കാൽ ആയതോടെയാണ് കസേരകൾ എത്തുന്നത്. തുടർന്ന് ഇവിടെ എത്തിയവർ സ്വയം കസേരകളുമായി വേദിക്കു മുൻപിൽ ഇരുന്നു. എന്നാൽ സ്റ്റേജിൽ കയറിയ മന്ത്രിക്ക് ഇരിക്കാനും കസേരകൾ ഇട്ടു കൊടുത്തില്ല. ഇതോടെ മാധ്യമപ്രവർത്തകരാണ് കസേരകൾ വേദിയിൽ എത്തിച്ചത്.

ചില സാമൂഹിക പ്രവർത്തകർ എത്തിയാണ് കസേര പോലും തുടച്ച് വൃത്തിയാക്കിയത്. തുടക്കം മുതൽ സംഘാടകരുടെ ഭാഗത്ത് ചില പിഴവുകൾ സംഭവിച്ചതായി മന്ത്രി പ്രസംഗത്തിൽ പറഞ്ഞു. എല്ലാവരും ചേർന്ന് ഇത് പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പബ്ലിസിറ്റിയുടെ കാര്യത്തിൽ മാധ്യമങ്ങളിൽ വന്ന വാർത്തകൾ ഒഴിച്ചു നിർത്തിയാൽ കാര്യമായി യാതൊന്നും നടന്നില്ലെന്ന് യോഗത്തിലും ചർച്ചയുണ്ടായി.

സർക്കാർ വാർഷികാഘോഷം; തിരൂരിൽ ഗതാഗതനിയന്ത്രണം

തിരൂർ ∙ സർക്കാർ വാർഷികാഘോഷത്തിന്റെ ഭാഗമായി നഗരത്തിൽ ഗതാഗതനിയന്ത്രണം. ഇന്നു മുതൽ 16 വരെ ചരക്കു വാഹനങ്ങൾ, കണ്ടെയ്നർ ലോറികൾ എന്നിവ നഗരത്തിൽ കടക്കാൻ പാടില്ല. പൊന്നാനി ഭാഗത്ത് നിന്നുള്ള ചരക്ക് വണ്ടികൾ നരിപ്പറമ്പിൽ നിന്ന് കുറ്റിപ്പുറം വഴി ദേശീയ പാതയിലെത്തി വേണം പോകാൻ.

കോഴിക്കോട് ഭാഗത്ത് നിന്നുള്ള ഇത്തരം വണ്ടികൾ താനൂർ മൂലയ്ക്കലിൽ നിന്ന് തിരിഞ്ഞ് അരിക്കാഞ്ചിറ മംഗലം ആലിങ്ങൽ വഴി ചമ്രവട്ടത്തെത്തി വേണം പോകാൻ. പരിപാടിക്ക് എത്തുന്നവർ ഗാന്ധിഗ്രാമിനു മുൻപിൽ തയാറാക്കിയ പാർക്കിങ് ഗ്രൗണ്ടിലും മോഡേൺ ഫാർമസ്യൂട്ടിക്കലിനു മുൻപിലെ പാർക്കിങ് ഗ്രൗണ്ടിലും വാഹനം നിർത്തണം. ഇത്തരം വാഹനങ്ങൾ പരിപാടി നടക്കുന്ന സ്ഥലത്തിനു സമീപം നിർത്തിയിടാൻ പാടില്ലെന്നും പൊലീസ് അറിയിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com