തെളിവ് ഇല്ലാതാക്കാൻ ടൈൽ ഉൾപ്പെടെ പൊളിച്ചുനീക്കി, അവശേഷിച്ച പൈപ്പ് മുറിച്ചെടുത്ത് പൊലീസ്; ആയുധങ്ങൾ എവിടെയെന്ന് അറിയില്ലെന്ന് പ്രതി

നിലമ്പൂർ മുക്കട്ടയിൽ ഷാബാ ഷരീഫ് കൊല്ലപ്പെട്ട വീട്ടിലെ തെളിവെടുപ്പ് കാണാൻ പരിസരത്ത് തടിച്ചുകൂടിയ നാട്ടുകാർ.
SHARE

നിലമ്പൂർ ∙ കൊല്ലപ്പെട്ട പാരമ്പര്യവൈദ്യൻ ഷാബാ ഷരീഫിനെ തടവിൽ പാർപ്പിച്ചിരുന്ന കൈപ്പഞ്ചേരി ഷൈബിന്റെ നിലമ്പൂരിലെ വീട്ടിൽനിന്ന് ഷാബാ ഷരീഫിന്റേതെന്ന് കരുതുന്ന രക്തക്കറ കണ്ടെത്തി. കേസിലെ പ്രതി തങ്ങളകത്ത് നൗഷാദുമായി പൊലീസ് നടത്തിയ തെളിവെടുപ്പിലാണ് രക്തക്കറ കണ്ടെത്തിയത്. വീടിന്റെ ഒന്നാം നിലയിൽ ഷാബാ ഷെരീഫിനെ 13 മാസം തടങ്കലിൽ പാർപ്പിച്ച രഹസ്യ മുറി നൗഷാദ് കാണിച്ചു കൊടുത്തു. കൊലപ്പെടുത്തിയ രീതിയും വിവരിച്ചു. ശുചിമുറി കിടപ്പുമുറിയാക്കിയാണ് ഷരീഫിനെ പാർപ്പിച്ചത്. കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കിയ ശേഷം മുറി കഴുകി വൃത്തിയാക്കി. തെളിവ് ഇല്ലാതാക്കാൻ പിന്നീട് ടൈൽ ഉൾപ്പെടെ പൊളിച്ചുനീക്കി.

കൊല്ലപ്പെട്ട ഷാബാ ഷരീഫിനെ പാർപ്പിച്ച ഒന്നാം നിലയിലെ മുറിയിൽനിന്ന് മലിനജലം പുറന്തള്ളുന്ന പൈപ്പിന്റെ കഷണം മുറിച്ചെടുക്കുന്നു.

പൈപ്പുകളും മാറ്റി സ്ഥാപിച്ചെങ്കിലും പുറത്തേക്കു മലിനജലം ഒഴുക്കിയിരുന്ന പൈപ്പ് അവശേഷിച്ചു. ഇത് പൊലീസ് സംഘം മുറിച്ചെടുത്തിട്ടുണ്ട്. മലിനജലം വീഴുന്ന കുഴിയിലെ മണ്ണിന്റെ സാംപിളും ശേഖരിച്ചു. പൈപ്പിലും മണ്ണിലും രക്തക്കറ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഇത് ഷാബാ ഷരീഫിന്റേതാണോ എന്ന് ഉറപ്പിക്കാൻ ഡിഎൻഎ പരിശോധന നടത്തും. മൃതദേഹാവശിഷ്ടങ്ങൾ പുഴയിൽ എറിഞ്ഞ ഭാഗത്ത് ഇന്ന് പ്രതിയെ കൊണ്ടുപോയി തെളിവെടുപ്പു നടത്തിയേക്കും.

കേസിൽ 5 പ്രതികളെക്കൂടി പിടികൂടാനുണ്ടെന്നും ഇവർ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. ഡിവൈഎസ്പിമാരായ സാജു കെ.ഏബ്രഹാം, കെ.എം.ബിജു, ഇൻസ്പെക്ടർമാരായ പി.വിഷ്ണു, അൻവർ സാദത്ത് എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്. ഡിഎൻഎ വിദഗ്ധൻ കെ.ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിൽ തൃശൂർ, മലപ്പുറം ജില്ലകളിലെ ശാസ്ത്രീയ കുറ്റാന്വേഷണ സംഘം, ഡോഗ് സ്ക്വാഡ് എന്നിവർ ഒപ്പമുണ്ടായിരുന്നു.

ഷൈബിന്റെ ഭാര്യയെ ചോദ്യംചെയ്തു വിട്ടു

നിലമ്പൂർ ∙ ഷാബാ ഷരീഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ഷൈബിന്റെ ഭാര്യയെ ചോദ്യം ചെയ്തു വിട്ടു. ഷാബാ ഷരീഫിനെ വീടിന്റെ ഒന്നാം നിലയിൽ ദീർഘകാലം പാർപ്പിച്ചതും കൊലപ്പെടുത്തിയതും തനിക്കറിയില്ലെന്നാണ് യുവതി മൊഴി നൽകിയത്. ബത്തേരിയിലെ വീട്ടിലാണ് താൻ അധികകാലവും താമസിക്കുന്നതെന്നും വിശദീകരിച്ചു. തങ്ങളകത്ത് നൗഷാദിന്റെ സാന്നിധ്യത്തിലും ചോദ്യം ചെയ്തു. റിമാൻഡിലുള്ള പ്രതി നിഷാദിന്റെ മുക്കട്ടയിലുള്ള വീട്ടിൽ എസ്ഐ എം.അസൈനാരിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി.

ആയുധങ്ങൾ എവിടെയെന്ന് അറിയില്ലെന്ന് പ്രതി നൗഷാദ്

നിലമ്പൂർ ∙ ഷാബാ ഷരീഫിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങൾ എവിടെയാണെന്ന് അറിയില്ലെന്ന് പൊലീസ് കസ്റ്റഡിയിലുള്ള പ്രതി ബത്തേരി തങ്ങളകത്ത് നൗഷാദ് മൊഴി നൽകി. അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത് ഷൈബിനാണ്. തുടർന്ന് മൃതദേഹം കഷണങ്ങളാക്കാൻ താനും പൊന്നക്കാരൻ ഷിഹാബുദ്ദീനും കൂടി. മുക്കട്ട സ്വദേശി നടുത്തൊകെ നിഷാദ് പുറത്ത് കാവൽ നിന്നു. മൃതദേഹാവശിഷ്ടങ്ങൾ പ്ലാസ്റ്റിക് കവറിലാക്കി ഷൈബിൻ കാറിൽ കയറ്റി ചാലിയാറിൽ ഒഴുക്കി. നിഷാദ് ആണ് കാർ ഓടിച്ചത്. 2 കാറുകളിൽ താനും ഷിഹാബുദ്ദീനും അകമ്പടി പോയി. ഷരീഫിന്റെ വസ്ത്രങ്ങളും മറ്റും ഷൈബിൻ കത്തിച്ചു കളഞ്ഞതായാണ് അറിവെന്ന് നൗഷാദ് മൊഴി നൽകി. ആയുധങ്ങൾ കണ്ടെടുക്കാൻ ഷൈബിനെ ഉടനെ കസ്റ്റഡിയിൽ വാങ്ങും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA