ADVERTISEMENT

ഏലംകുളം∙ പാലത്തോൾ മപ്പാട്ടുകര റെയിൽവേ മേൽപാലത്തിൽ വച്ച്  മാതാവിന്റെ കയ്യിൽനിന്ന് പുഴയിലേക്കു വീണ 11 ദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ഇവിടെ നിന്ന് 2 കിലോമീറ്റർ അകലെ കട്ടുപ്പാറ തടയണയുടെ 50 മീറ്ററോളം താഴെയായി പ്രഭാകടവിലെ കുളിക്കടവിലാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെ മത്സ്യം പിടിക്കാനെത്തിയ യുവാവാണ് മൃതദേഹം ആദ്യം കണ്ടത്. ഉടനെ നാട്ടുകാരെ വിവരമറിയിച്ചു. തുടർന്ന് പൊലീസും അഗ്നിരക്ഷാ സംഘവും സ്ഥലത്തെത്തി.

കഴിഞ്ഞ 10 ന് രാത്രിയിലാണ് പാലത്തോളിലെ മുപ്പത്തഞ്ചുകാരിയുടെ കയ്യിൽനിന്ന് കുഞ്ഞ് പുഴയിൽ വീണത്. വീടിനു സമീപത്തെ മപ്പാട്ടുകര പാലത്തിൽ നിൽക്കുമ്പോഴായിരുന്നു സംഭവം. ട്രെയിൻ വന്നതോടെ പാലത്തിന്റെ സുരക്ഷിത ഭാഗത്തേക്ക് മാറിനിൽക്കുമ്പോൾ ട്രെയിൻ ക‌ടന്നുപോയപ്പോഴുണ്ടായ വിറയലിൽ കയ്യിൽനിന്ന് കുഞ്ഞ് പുഴയിലേക്കു വീണെന്നാണ് മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടുന്ന യുവതി ബന്ധുക്കളോടു പറഞ്ഞത്.

അന്നു രാത്രി മുതൽ കഴിഞ്ഞ ദിവസങ്ങളിലെല്ലാം നാട്ടുകാരും അഗ്നിരക്ഷാ സേനാംഗങ്ങളും പൊലീസും ട്രോമാകെയർ വൊളന്റിയർമാരും സിവിൽ ഡിഫൻസ് വൊളന്റിയർമാരും ചേർന്ന് വിപുലമായ തിരച്ചിൽ നടത്തിയിരുന്നു. കുഞ്ഞിന്റെ വിദേശത്തായിരുന്ന പിതാവും നാട്ടിലെത്തിയിരുന്നു. പുഴയിൽ കാണാതെ വന്നതോടെ സമീപങ്ങളിലെ പുൽക്കാടുകളും കിണറുകളും ജലാശയങ്ങളും റെയിൽവേ മേൽപാലവുമെല്ലാം പരിശോധനയ്‌ക്ക് വിധേയമാക്കിയിരുന്നു.

വെള്ളിയാഴ്‌ച വൈകിട്ടാണ് തിരച്ചിൽ അവസാനിപ്പിച്ചത്. എങ്കിലും നാട്ടുകാർ വിവിധ ഭാഗങ്ങളിൽ അന്വേഷണം തുടരുന്നുണ്ടായിരുന്നു. പെരിന്തൽമണ്ണയിൽനിന്ന് സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഓഫിസർ സജിത്തിന്റെ നേതൃത്വത്തിലെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളും ട്രോമാകെയർ വൊളന്റിയർമാരും ചേർന്നാണ് മൃതദേഹം കരയ്ക്കെടുത്തത്. എസ്‌ഐ സി.കെ.നൗഷാദിന്റെ നേതൃത്വത്തിൽ പൊലീസ് ഇൻക്വസ്‌റ്റ് നടത്തി. മൃതദേഹം പോസ്‌റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജിലേക്കു മാറ്റി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com