ADVERTISEMENT

മലപ്പുറം∙ഐഎസ്എൽ കിരീടം നേടിയ ഹൈദരാബാദ് എഫ്സിയിലെ ഏക മലയാളി താരം എ.കെ.അബ്ദുൽ റബീഹിനു ആനന്ദവും കണ്ണീരും ഒരേ അളവിൽ നൽകിയ സീസണാണു കടന്നുപോകുന്നത്. മൈതാനത്ത് കിരീടനേട്ടത്തിന്റെ ആഹ്ലാദം നൽകിയ ദിവസം തന്നെ ഉറ്റ സുഹൃത്തുക്കളെ ജീവിതത്തിൽനിന്നു മടക്കിവിളിച്ച് വിധി ക്രൂരത കാട്ടി. വേദനിപ്പിക്കുന്ന ഓർമകൾ പിന്നിട്ട് റബീഹ് അടുത്ത സീസണിനായുള്ള ഒരുക്കത്തിലാണ്. ഒരു വർഷം കൂടി ഹൈദരാബാദ് എഫ്സിയുമായി കരാറുണ്ട്.  ഡ്യുറാൻഡ് കപ്പോടെ തുടങ്ങുന്ന സീസണിൽ മികച്ച പ്രകടനം നടത്താനാകുമെന്നാണു പ്രതീക്ഷയെന്ന് റബീഹ് പറയുന്നു.

ഒതുക്കുങ്ങൽ ചെറുകുന്ന് സ്വദേശിയായ റബീഹ് നാട്ടിലെ മൈതാനങ്ങളിൽ മികവു തെളിയിച്ച ശേഷമാണു ഹൈദരാബാദ് എഫ്സിയിലെത്തിയത്. എംഎസ്പി സ്കൂളാണ് ആദ്യ കളരി. ബെംഗളൂരു എഫ്സി, കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്സി റിസർവ് ടീമുകൾക്കായി ബൂട്ടണിഞ്ഞിട്ടുണ്ട്. വിങ്ങറെന്ന നിലയിൽ പുലർത്തിയ മികവാണ് കഴിഞ്ഞ സീസണിൽ ഹൈദരാബാദ് എഫ്സിയിലേക്കു വഴിതുറന്നത്. ഇരുപതുകാരനായ റബീഹ് ഐഎസ്എലിൽ 4 മത്സരങ്ങൾ കളിച്ചു. ഈയിടെ സമാപിച്ച യൂത്ത് ഐഎസ്എലിൽ മൂന്നാമതെത്തിയ ഹൈദരാബാദ് ടീമിനായി മിന്നുന്ന പ്രകടനം കാഴ്ചവച്ചു.

കഴിഞ്ഞ ഐഎസ്എൽ ഫൈനൽ ദിവസത്തെക്കുറിച്ച് പറയുമ്പോൾ റബീഹിന്റെ കണ്ണുനിറയും. ഗോവയിൽ നടക്കുന്ന  കേരള ബ്ലാസ്റ്റേഴ്സും ഹൈദരാബാദ് എഫ്സിയും തമ്മിലുള്ള മത്സരത്തിലേക്കായിരുന്നു എല്ലാ കണ്ണുകളും. മത്സരം കാണാനായി  ഒതുക്കുങ്ങലിൽനിന്നു ബൈക്കിൽ പുറപ്പെട്ട റബീഹിന്റെ അടുത്ത ബന്ധു ഷിബിലും അയൽവാസി ജംഷീർ മുഹമ്മദും കാസർകോട്ട് വാഹനപാകടത്തിൽ മരിച്ച വാർത്ത ഇടിത്തീ പോലെയാണു കേരളത്തിനൊപ്പം റബീഹും കേട്ടത്. ഒരുമിച്ചു കളിച്ചുവളർന്ന കൂട്ടുകാരെക്കുറിച്ച് പറയുമ്പോൾ റബീഹിന്റെ വാക്കുകളിൽ തീരാനോവ്. ഇനി ജൂലൈയിലാണു ഹൈദരാബാദ് ടീമിനൊപ്പം പരിശീലനത്തിനായി ചേരേണ്ടത്. അതുവരെ നാട്ടിൽ ചെറിയ ഇടവേള.  മൈതാനത്ത് പുതിയ ഉയരങ്ങൾ കീഴടക്കാനുള്ള മനസ്സൊരുക്കമായി ഇതിനെ മാറ്റുകയാണു ഈ ഇരുപതുകാരൻ .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com