ADVERTISEMENT

അബുദാബി∙ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 5 ലക്ഷം ദിർഹത്തിന്റെ (1.05 കോടിയിലേറെ രൂപ) സമ്മാനം ഇക്കുറി കിട്ടിയത് മനുഷ്യത്വത്തിനും പങ്കുവയ്ക്കലിനും !. പരിചയക്കാരനായ ബിനുവിന്റെ പേരിൽ ടിക്കറ്റ് എടുക്കണമെന്നാവശ്യപ്പെട്ട് 10,000 രൂപ നൽകിയത് സ്ട്രോക്ക് ബാധിച്ച് ശരീരം തളർന്ന സഫീറാണ്. അതുകൊണ്ടുതന്നെ ഒരു കോടിയുടെ സമ്മാനം സഫീറിനു തന്നെയെന്ന് ബിനു വ്യക്തമാക്കി. ആവശ്യമുള്ള തുക ചോദിച്ചോളൂ എന്നു പറഞ്ഞിട്ടും കേട്ടില്ല. ഒടുവിൽ സമ്മാനത്തുക കൊണ്ടു തുടങ്ങാനിരിക്കുന്ന പച്ചക്കറി വ്യാപാരത്തിൽ ബിനുവിനെ പങ്കാളിയാക്കി ചേർത്തുപിടിച്ചു സഫീർ. 

ശരീരത്തിന്റെ ഒരു വശം തളർന്ന് ജീവിതം വഴിമുട്ടി നിൽക്കെ കിട്ടിയ കച്ചിത്തുരുമ്പാണ് മലപ്പുറം തിരൂർ സ്വദേശി സഫീറിന് ബിഗ്ടിക്കറ്റ് സമ്മാനം. മുസഫ ഷാബിയയിൽ പച്ചക്കറി മൊത്ത ബിസിനസ് നടത്തുകയായിരുന്നു. 3കോടിയോളം രൂപ കുടിശികയാക്കി കണ്ണൂർ സ്വദേശികളായ വ്യാപാരികൾ മുങ്ങിയതോടെ കച്ചവടം പൊട്ടി.

ഈ ആഘാതത്തിൽ രക്തസമ്മർദം കൂടി പക്ഷാഘാതം (സ്ട്രോക്ക്) ബാധിച്ച് ശരീരം തളർന്നു.പതിയെ നടക്കാറായപ്പോൾ ബാർബർ ഷോപ്പിൽ വച്ച് 6 മാസം മുൻപാണു വയനാട് മുട്ടിൽ സ്വദേശി ബിനു പാലക്കുന്നേൽ ഏലിയാസിനെ പരിചയപ്പെട്ടത്. കണ്ടുമുട്ടിയതും ടിക്കറ്റെടുത്തതും ദൈവനിയോഗമാണെന്ന് ഇരുവരും പറയുന്നു. ‘ടിക്കറ്റെടുക്കാൻ സഫീറിനെ സഹായിക്കുക മാത്രമാണു ഞാൻ ചെയ്തത്. വയ്യാത്തയാളുടെ ആവശ്യം  നിറവേറ്റുന്നതു പുണ്യമാണല്ലോ എന്നേ കരുതിയുള്ളൂ. സമ്മാനം അദ്ദേഹത്തിന്റേതാണ്,’’ ബിനുവിന്റെ വാക്കുകൾ. 

ബിനുവിന്റെ മകൾ ബിയോണയുടെ പേരിൽ എടുത്ത ടിക്കറ്റിലൂടെ എത്തിയ ഭാഗ്യത്തിനു ദൈവത്തിന്റെ കയ്യൊപ്പുണ്ടെന്നും ഒരുവഴിയടയുമ്പോൾ മറ്റൊന്നു തുറക്കുമെന്നതിന്റെ തെളിവാണിതെന്നുമാണു സഫീറിന്റെ വിശ്വാസം. അദ്ദേഹത്തിന്റെ ഭാര്യയും 2 മക്കളും നാട്ടിലാണ്. ബിനുവിന്റെ ഭാര്യ അബുദാബിയിൽ നഴ്സ്. 2 മക്കളുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com