പി.ശ്രീരാമകൃഷ്ണന്റെ മകൾ നിരഞ്ജനയുടെ വിവാഹം മറ്റന്നാൾ തവനൂർ വൃദ്ധസദനത്തിൽ
മലപ്പുറം∙ വെളിച്ചത്തിൽ ഒളിച്ചു കഴിയാൻ പറ്റില്ലെന്നു പറയാറുണ്ട്. മുത്തശ്ശിമാരുടെ സ്നേഹവെളിച്ചത്തിൽ വളർന്ന നിരഞ്ജനയ്ക്ക് അതു തിരിച്ചുകൊടുക്കാതിരിക്കാനും കഴിയില്ലല്ലോ. തന്റെ കല്യാണം വൃദ്ധസദനത്തിൽവച്ചു നടത്തിയാൽ മതിയെന്ന നിരഞ്ജനയുടെ തീരുമാനത്തിനു പിന്നിലും ലഭിച്ച സ്നേഹത്തിന്റെ തിരിച്ചടവു കാണാം. നോർക്ക റൂട്സ് ഉപാധ്യക്ഷനും മുൻ സ്പീക്കറുമായ പി.ശ്രീരാമകൃഷ്ണന്റെ മകൾ നിരഞ്ജനയ്ക്ക് ഒന്നല്ല, മൂന്നു മുത്തശ്ശിമാരുണ്ട്. അച്ഛമ്മ സീതാലക്ഷ്മി, അമ്മമ്മ രത്നവല്ലി, പിന്നെ ഉമ്മൂമ്മ ഫാത്തിമ അബൂബക്കറും!
ഞായറാഴ്ച വിവാഹിതയാകുന്ന നിരഞ്ജനയ്ക്കൊപ്പം ഇന്നലെ സീതാലക്ഷ്മിയും ഫാത്തിമ അബൂബക്കറും പെരിന്തൽമണ്ണയിലെ വീട്ടിലുണ്ടായിരുന്നു. ശ്രീരാമകൃഷ്ണൻ പൊന്നാനി എംഎൽഎയായിരുന്ന കാലഘട്ടത്തിലാണ് ഫാത്തിമയെന്ന മുത്തശ്ശിയുടെ വാത്സല്യം കൂടി നിരഞ്ജനയ്ക്കു ലഭിച്ചു തുടങ്ങുന്നത്.
ഈശ്വരമംഗലം സ്വദേശിയായ കുന്നത്തു വളപ്പിൽ ഫാത്തിമയുടെ വിദേശത്തുള്ള മകളുടെ വീട്ടിലായിരുന്നു അന്ന് ശ്രീരാമകൃഷ്ണന്റെ താമസം. രണ്ടു കുടുംബങ്ങളും തമ്മിലുള്ള ഹൃദയബന്ധം നാൾക്കു നാൾ വളർന്നു. ശ്രീരാമകൃഷ്ണന് ഫാത്തിമ സ്വന്തം അമ്മയെപ്പോലെയായിരുന്നു. അതോടെ നിരഞ്ജനയ്ക്ക് മറ്റൊരു മുത്തശ്ശിയെക്കൂടി കിട്ടി. പേരക്കുട്ടിയുടെ കല്യാണ വിശേഷങ്ങളറിയാനും അനുഗ്രഹം നൽകാനുമായാണ് ഇന്നലെ ഫാത്തിമയും ഭർത്താവ് കെ.വി. അബൂബക്കറും കുടുംബവും പെരിന്തൽമണ്ണയിലെ ശ്രീരാമകൃഷ്ണന്റെ വീട്ടിലെത്തിയത്.
തവനൂർ വൃദ്ധസദനത്തിൽ വച്ചു കല്യാണം നടത്താമെന്ന നിരഞ്ജനയുടെ ആഗ്രഹത്തിനും കട്ട സപ്പോർട്ടാണ് ഈ രണ്ടു മുത്തശ്ശിമാരും നൽകിയത്. ആഢംബരം നിറഞ്ഞ പന്തലല്ല, നിറഞ്ഞ മനസ്സിൽനിന്നു വരുന്ന ആശീർവാദമാണ് വലുതെന്ന് ഇവർക്കല്ലാതെ മറ്റാർക്കാണ് അറിയാൻ കഴിയുക. തിരുവനന്തപുരം പി.ടി.നഗർ വൈറ്റ്പേളിൽ ശിവകുമാറിന്റെയും ചിത്രലേഖയുടെയും മകൻ സംഗീത് ആണ് നിരഞ്ജനയുടെ പ്രതിശ്രുത വരൻ. തവനൂർ വൃദ്ധസദനത്തിൽ ഞായർ രാവിലെ ഒൻപതിന് ചടങ്ങുകൾ തുടങ്ങും. ക്ഷണിക്കപ്പെട്ട അതിഥികൾ മാത്രമാണ് കല്യാണത്തിൽ പങ്കെടുക്കുന്നത്.