ADVERTISEMENT

നിലമ്പൂർ ∙ മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താൻ എടവണ്ണ പാലത്തിനു താഴെ ചാലിയാറിൽ പൊലീസ് തിരച്ചിൽ നടത്തി. പ്രതികളായ കൈപ്പഞ്ചേരി ഷൈബിൻ, നടുത്തൊടിക നിഷാദ് എന്നിവർ ചൂണ്ടിക്കാണിച്ച സ്ഥലത്ത് പുഴയിൽ നടത്തിയ തിരച്ചിലിൽ അഗ്നിരക്ഷാ സേന, എമർജൻസി റെസ്ക്യു ഫോഴ്സ് എന്നിവർ പങ്കെടുത്തു. മലപ്പുറത്ത് നിന്ന് ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗവും എത്തി. 

  ഷാബാ ഷരീഫ് വധക്കേസ് പ്രതികളായ കൈപ്പഞ്ചേരി ഷൈബിൻ (മുഖാവരണം ധരിപ്പിച്ചയാൾ), നടുത്തൊടിക നിഷാദ് (ഇടത്തെ അറ്റം) എന്നിവരെ തെളിവെടുപ്പിന് എടവണ്ണ സീതി ഹാജി പാലത്തിലെത്തിച്ചപ്പോൾ.
ഷാബാ ഷരീഫ് വധക്കേസ് പ്രതികളായ കൈപ്പഞ്ചേരി ഷൈബിൻ (മുഖാവരണം ധരിപ്പിച്ചയാൾ), നടുത്തൊടിക നിഷാദ് (ഇടത്തെ അറ്റം) എന്നിവരെ തെളിവെടുപ്പിന് എടവണ്ണ സീതി ഹാജി പാലത്തിലെത്തിച്ചപ്പോൾ.

മൃതദേഹം കഷണങ്ങളാക്കി പാലത്തിന്റെ ഒന്നാമത്തെയും രണ്ടാമത്തെയും തൂണിന്റെ മധ്യഭാഗത്തുനിന്ന് പുഴയിൽ എറിഞ്ഞെന്നാണ് പ്രതികളുടെ മൊഴി. പൊലീസ് സംഘം പ്രതികളുമായി രാവിലെ 10ന് എടവണ്ണ സീതി ഹാജി പാലത്തിലെത്തി. കുത്തൊഴുക്കും പ്രതികൂല കാലാവസ്ഥയും തടസ്സമായപ്പോൾ 2ന് തിരച്ചിൽ അവസാനിപ്പിച്ചു. കൊച്ചിയിൽ നിന്ന് നേവി സംഘം ഇന്ന് തിരച്ചിലിനെത്തും.

ഡിവൈഎസ്പി സാജു എം.ഏബ്രഹാം, ഇൻസ്പെക്ടർ പി.വിഷ്ണു, എൻ.പി.അബ്ദുൽ മജീദ്, എസ്ഐമാരായ നവീൻ ഷാജ്, കെ.എം.ബഷീർ, എം.അസൈനാർ, അഗ്നി രക്ഷാസേന സ്റ്റേഷൻ ഓഫിസർമാരായ പി.ടി.ഉമ്മർ, എം.ടി.മുനവർ സമാൻ, റെസ്ക്യു സേനയിലെ കെ.എം.അബ്ദുൽ മജീദ്, പി.ടി.ഷാഹിൽ എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com