ADVERTISEMENT

പൊന്നാനി ∙ പത്ത് വർഷം മുൻപ് ഒരു സായാഹ്നം.. പൊന്നാനി കടപ്പുറത്ത് ഒരു മീൻ‌പിടിത്ത ബോട്ടിലേക്ക് അമിതമായി ഡീസൽ കയറ്റിക്കൊണ്ടിരിക്കുന്നുവെന്ന വിവരം രഹസ്യമായി പൊലീസിന് ലഭിച്ചു. സാധാരണ മീൻപിടിത്ത ബോട്ടിലേക്കു കയറ്റുന്നതിനേക്കാൾ കൂടുതൽ ഡീസലാണ് കയറ്റിക്കൊണ്ടിരിക്കുന്നത്. സംശയം തോന്നി പൊലീസെത്തി ബോട്ട് പരിശോധിച്ചു. പന്തികേടു തോന്നിയ പൊലീസ് ബോട്ട് കസ്റ്റഡിയിലെടുത്തു. സംഭവം നടക്കുന്നതിനും ആഴ്ചകൾക്കു മുൻപ് പൊന്നാനിയിലെത്തി ബോട്ട് വാങ്ങിച്ച തമിഴ്നാട് സ്വദേശിയായ ദിനേശിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പൊന്നാനിയിൽനിന്ന് ഓസ്ട്രേലിയയിലേക്ക്?

സംഭവം മനുഷ്യക്കടത്തിനുള്ള നീക്കമായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയത്. പൊന്നാനിയിൽ നിന്ന് ഓസ്ട്രേലിയയിലേക്കൊരു ബോട്ട് യാത്ര. അതായിരുന്നു ആസൂത്രണം. 3000 നോട്ടിക്കൽ മൈൽ അകലെ കിടക്കുന്ന ഓസ്ട്രേലിയൻ തീരത്തേക്കെത്താൻ രണ്ടാഴ്ചയിലധികം സമയമെടിക്കും. മീൻപിടിത്ത ബോട്ടിൽ ജീവൻ പണയപ്പെടുത്തി മറുകരകടക്കാനായിരുന്നു ആസൂത്രണം. 

ശ്രീലങ്കൻ തമിഴ് വംശജരായ ചില അഭയാർഥികളെ ഓസ്ട്രേലിയയിലേക്കു കടത്താനുള്ള ശ്രമമായിരുന്നുവെന്നാണ് പ്രാഥമിക വിവരം ലഭിച്ചത്. ഇതിനായി പലരിൽ നിന്നും പണം വാങ്ങി അവരെ യാത്രയ്ക്കു തയാറാക്കിയതായും പൊലീസ് പറഞ്ഞു. ആളുകളിൽ നിന്നു വാങ്ങിച്ച പണത്തിൽ നിന്ന് ദിനേശും കൂട്ടരും പൊന്നാനിയിലെത്തി ഒരു ബോട്ട് വാങ്ങിച്ചു. അങ്ങനെ ഓസ്ട്രേലിയയിലേക്കുള്ള യാത്ര നിശ്ചയിച്ചു. ഇതിനായി ബോട്ടിൽ ഡീസൽ നിറച്ച് തയാറെടുപ്പ് നടത്താനുള്ള ശ്രമത്തിനിടയിലായിരുന്നു പൊലീസ് ബോട്ട് പൊക്കിയത്.

ആളില്ല, രേഖയില്ല, പിന്നെന്തു കേസ്

കസ്റ്റഡിയിലെടുത്ത ദിനേശിനെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുമായാണ് പൊലീസ് കേസെടുത്തത്. എന്നാൽ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് കൃത്യമായ വിവരങ്ങളിലേക്ക് പൊലീസിന് എത്തിച്ചേരാൻ കഴിഞ്ഞില്ല. ആരെയാണ് കടത്തിയത് എന്നും അതിനുള്ള രേഖകളും പൊലീസിന് കണ്ടെത്താനുമായില്ല. ഇതോടെ ദിനേശിന് ജാമ്യം ലഭിച്ചു പുറത്തിറങ്ങി. മനുഷ്യക്കടത്തിനുള്ള ശ്രമം മാത്രമായി കേസ് ഒതുങ്ങി. ദുരൂഹതയും നിസ്സഹായതയും നിറഞ്ഞ ആ ബോട്ട് കേസ് ഇന്നും പൊന്നാനിക്കാരുടെ ഓർമകളിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com