ADVERTISEMENT

തിരൂർ ∙ മലപ്പുറം ജില്ലാ ഫൊറൻസിക് ലാബ് ആരംഭിച്ചിട്ട് ഒരു വർഷമായെങ്കിലും പരിശോധന ഇനിയും തുടങ്ങിയില്ല. എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടും ജീവനക്കാരെ നിയമിക്കാത്തതാണു കാരണം. നിലവിൽ ഇവിടെ നടക്കുന്നത് സാംപിൾ ശേഖരണം മാത്രം. കഴിഞ്ഞ ജൂൺ 26നാണ് തിരൂർ പൊലീസ്‍ലൈനിൽ ഒന്നേകാൽ കോടി രൂപ ചെലവിട്ട് പൂർത്തിയാക്കിയ ഫൊറൻസിക് ലാബ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്. ഫൊറൻസിക് പരിശോധന ആവശ്യമുള്ള ജില്ലയിലെ കേസുകൾ പെട്ടെന്ന് പൂർത്തിയാക്കുകയായിരുന്നു ഇതുവഴി ലക്ഷ്യമിട്ടത്.

തോക്ക് ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങളിലെ ബാലിസ്റ്റിക് പരിശോധന, ലഹരി മരുന്ന് പരിശോധന, വിഷത്തിന്റെ സാന്നിധ്യം, കള്ളിലെ മായം തുടങ്ങി ഒട്ടേറെ കാര്യങ്ങൾ ഇതുവഴി കണ്ടെത്താൻ സാധിക്കും. ഇതിനായി ഫിസിക്സ്, കെമിസ്ട്രി, ബയോളജി, സൈബർ ലാബുകളാണ് ഇവിടെ ഒരുക്കിയിരുന്നത്. ഇവിടേക്ക് ആവശ്യമായ 80 ശതമാനം യന്ത്രസാമഗ്രികളും എത്തിച്ചിട്ടുമുണ്ട്. എന്നാൽ ജീവനക്കാരെ നിയമിക്കാത്തത് കാരണം ഇവയൊന്നും പ്രവർത്തിപ്പിക്കാൻ ആയിട്ടില്ല.

ഇതോടെ പഴയ രീതിയിൽ സാംപിളുകളുമായി അന്വേഷണ ഉദ്യോഗസ്ഥർ തൃശൂരിലെയും കോഴിക്കോട്ടെയും ഫൊറൻസിക് ലാബുകളിലേക്ക് പായേണ്ട സ്ഥിതിയാണ്. 4 സയന്റിഫിക് ഓഫിസർമാർ, അസിസ്റ്റന്റ് ഡയറക്ടർ, ഓഫിസ് അസിസ്റ്റന്റ്, ക്ലാർക്ക്, 4 അറ്റൻഡർമാർ എന്നീ പോസ്റ്റുകളിലാണു ജീവനക്കാരെ വേണ്ടത്. എന്നാൽ ഇപ്പോൾ ഇവിടെയുള്ളത് സാംപിൾ ശേഖരിക്കുന്ന ഒരു ഓഫിസറും മറ്റ് 2 ജീവനക്കാരും മാത്രമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com