ADVERTISEMENT

നിലമ്പൂർ ∙ മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫിന്റെ മൃതദേഹാവശിഷ്ടങ്ങൾക്കായി നാവികസേനാ സംഘം ചാലിയാറിൽ തിരച്ചിൽ നടത്തി. മനുഷ്യന്റേതെന്നു സംശയിക്കുന്ന അസ്ഥിക്കഷണം കണ്ടെടുത്തതായി സൂചന. ഷാബാ ഷരീഫിന്റെ മൃതദേഹം കഷണങ്ങളാക്കി എടവണ്ണ സീതി ഹാജി പാലത്തിൽനിന്ന് ചാലിയാറിൽ വലിച്ചെറിഞ്ഞെന്ന് പ്രതികളായ നിലമ്പൂർ മുക്കട്ട കൈപ്പഞ്ചേരി ഷൈബിൻ, ഡ്രൈവർ നടുത്തൊടിക നിഷാദ് എന്നിവരുടെ മൊഴിപ്രകാരമാണ് തിരച്ചിൽ നടത്തിയത്.

നേവി കൊച്ചി യൂണിറ്റിലെ കമാൻഡ് ക്ലിയറൻസ് ടീം മാർഷൽ പ്രേമേന്ദ്രകുമാറിന്റെ നേതൃത്വത്തിൽ അഞ്ചംഗ സംഘമാണ് ഇന്നലെ തിരച്ചിലിനെത്തിയത്. അഗ്‌നിരക്ഷാ സേന, റെസ്ക്യു ഫോഴ്‌സ് എന്നിവരും പങ്കെടുത്തു. ഫൊറൻസിക് സംഘവും സന്നിഹിതരായിരുന്നു. പാലത്തിന്റെ ചുവട്ടിൽനിന്ന് രാവിലെ 10.30ന് തിരച്ചിൽ തുടങ്ങി. 8 മീറ്റർ വരെ ആഴത്തിൽ കനത്ത മഴ  കൂട്ടാക്കാതെ മുങ്ങിത്തപ്പി. അതിനിടെയാണ് മനുഷ്യന്റേതെന്നു സംശയിക്കുന്ന അസ്ഥിക്കഷണം കണ്ടെടുത്തത്. ഉച്ചയ്ക്ക് നിർത്തിയ തിരച്ചിൽ  2.30ന് പുനരാരംഭിച്ചു. സന്ധ്യയോടെ അവസാനിപ്പിച്ചു.

എടവണ്ണ സീതി ഹാജി പാലത്തിനു താഴെ ചാലിയാറിൽ, കൊല്ലപ്പെട്ട ഷാബാ ഷരീഫിന്റെ മൃതദേഹാവശിഷ്ടങ്ങൾക്കായി തിരച്ചിൽ നടത്തുന്ന കൊച്ചിയിൽ നിന്നെത്തിയ നേവിയുടെ മുങ്ങൽ വിദഗ്ധൻ.  ചിത്രം: മനോരമ
എടവണ്ണ സീതി ഹാജി പാലത്തിനു താഴെ ചാലിയാറിൽ, കൊല്ലപ്പെട്ട ഷാബാ ഷരീഫിന്റെ മൃതദേഹാവശിഷ്ടങ്ങൾക്കായി തിരച്ചിൽ നടത്തുന്ന കൊച്ചിയിൽ നിന്നെത്തിയ നേവിയുടെ മുങ്ങൽ വിദഗ്ധൻ. ചിത്രം: മനോരമ

അസ്ഥിക്കഷണം മനുഷ്യന്റേതാണോ  എന്നറിയാൻ ഫൊറൻസിക് പരിശോധന നടത്തും. തിരച്ചിൽ ഇന്ന് ഉച്ചവരെ തുടരും. ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസ് തിരച്ചിലിന് മേൽനോട്ടം വഹിക്കാനെത്തി. ഡിവൈഎസ്പിമാരായ സാജു കെ.ഏബ്രഹാം, കെ.എം.ബിജു, ഇൻസ്പെക്ടർമാരായ പി.വിഷ്ണു, എൻ.പി.അബ്ദുൽ മജീദ് എന്നിവർ പറഞ്ഞു. കസ്റ്റഡിയിലുള്ള ഷൈബിൻ, നിഷാദ്, ബത്തേരി പൊന്നക്കാരൻ ഷിഹാബുദ്ദീൻ എന്നിവരെ ചോദ്യം ചെയ്യുന്നതു തുടരുകയാണ്. ഹാർഡ്‌വെയർ കടയിൽ പ്രതികളെ വീണ്ടും കൊണ്ടുപോയി തെളിവെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com