ADVERTISEMENT

പെരിന്തൽമണ്ണ ∙ നാലു ദിവസത്തോളം സംഘം ചേർന്നു മർദനം, അവശനിലയിലായപ്പോൾ നഴ്സിങ് അസിസ്റ്റന്റുമാരെ വിളിച്ചുവരുത്തി ചികിത്സാശ്രമം, അതും ഫലിക്കുന്നില്ലെന്നു കണ്ടപ്പോൾ ആശുപത്രിയിലെത്തിക്കൽ. കടത്തുസ്വർണത്തിനായി അഗളി സ്വദേശി അബ്ദുൽ ജലീലിനെ കൊലപ്പെടുത്തിയ കേസിൽ ചുരുളഴിയുന്നത് കൊടുംക്രൂരതയുടെ കഥ. അഞ്ചു പ്രതികളെ പൊലീസ് പിടികൂടിയെങ്കിലും പ്രധാന പ്രതി ആക്കപ്പറമ്പ് സ്വദേശി യഹിയ ഇപ്പോഴും ഒളിവിലാണ്. അബ്ദുൽ ജലീൽ സ്വർണക്കടത്ത് കാരിയറാണെന്നാണ് പൊലീസ് നിഗമനം. ഇയാൾ കൊണ്ടുവന്നെന്നു കരുതപ്പെടുന്ന സ്വർണം കിട്ടാതായതോടെയാണ് സംഘം കൊടിയ മർദനത്തിന്റെ വഴിതേടിയത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: 15ന് രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന് കാറിൽ കയറ്റി അബ്ദുൽ ജലീലിനെ പ്രതികൾ ഉച്ചയോടെ പെരിന്തൽമണ്ണയിലെത്തിച്ചു. രാത്രി 9 വരെ 2 കാറുകളിലായി പെരിന്തൽമണ്ണയിലും പരിസരങ്ങളിലും ചുറ്റിക്കറങ്ങി രാത്രി പത്തോടെ ആക്കപ്പറമ്പിലുള്ള വിജനമായ മൈതാനത്തെത്തി. പിന്നീട് പ്രതികളും കുഴൽപണ വിതരണ സംഘത്തിൽ ഉൾപ്പെട്ടവരും ചേർന്ന് ആക്കപ്പറമ്പിലെ മൈതാനത്തുവച്ച് രാത്രി 10 മുതൽ പുലർച്ചെ 5 വരെ അബ്ദുൽ ജലീലിന്റെ കൈകൾ പിറകിൽ കൂട്ടിക്കെട്ടി ഇരുമ്പു പൈപ്പുകളും വടികളും ഉപയോഗിച്ചു മർദിച്ചു.

കാലുകൾ പൊട്ടി രക്തമൊഴുകാൻ തുടങ്ങിയതോടെ കാറിൽ കയറ്റി പ്രതികളിലൊരാളായ അനസ് ബാബുവിന്റെ ജൂബിലി റോഡിലെ ഫ്ലാറ്റിലേക്കു മാറ്റി. തുടർന്ന് രണ്ടു ദിവസം രാത്രിയും പകലും മാറിമാറി  മർദനം തുടർന്നു. ഇരുമ്പു പൈപ്പുകൾ, ജാക്കി ലിവർ എന്നിവ ഉപയോഗിച്ചു മർദിച്ചും കത്തി ഉപയോഗിച്ച് ശരീരത്തിൽ വരഞ്ഞുമായിരുന്നു ക്രൂരപീഡനം. ശരീരത്തിന്റെ പല ഭാഗങ്ങളിൽനിന്നും രക്തമൊഴുകാൻ തുടങ്ങിയതോടെ അനസ് ബാബു, ജലീലിനെ അവിടെനിന്നു മാറ്റാൻ ആവശ്യപ്പെട്ടു. സംഘത്തിൽ ഉൾപ്പെട്ട മണികണ്ഠൻ എന്നയാളുടെ മേലാറ്റൂരിലെ മെഡിക്കൽ ഷോപ്പിൽനിന്നു മുറിവ് ഉണങ്ങുന്നതിനും മറ്റുമുള്ള മരുന്നുകൾ എത്തിച്ച് ശരീരത്തിൽ പുരട്ടി. ഫ്ലാറ്റ് വൃത്തിയാക്കിയശേഷം ജലീലിനെ മുഹമ്മദ് അബ്‌ദുൽ അലിയുടെ പൂപ്പലത്തെ വീട്ടിലേക്കു മാറ്റി.

അവിടെവച്ചും  ക്രൂരമായി  പരുക്കേൽപ്പിച്ചു. അവശ നിലയിലായ ജലീൽ 18ന് രാത്രിയോടെ ബോധരഹിതനായി. തുടർന്ന് സംഘത്തിൽ ഉൾപ്പെട്ട കൊണ്ടോട്ടി സ്വദേശിയുടെ പരിചയത്തിലുള്ള ആശുപത്രിയിലെ 2 നഴ്‌സിങ് അസിസ്‌റ്റന്റുമാരെ എത്തിച്ച് ഗ്ലൂക്കോസും മറ്റു ചില മരുന്നുകളും നൽകിയെങ്കിലും ബോധം തിരിച്ചു കിട്ടാതായതോടെയാണ് 19ന് രാവിലെ ഏഴോടെ മുഖ്യ പ്രതിയായ യഹിയ അയാളുടെ കാറിൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. എന്നാൽ, ഗുരുതരമായി പരുക്കേറ്റ ജലീൽ 20ന് പുലർച്ചെയോടെ മരണത്തിനു കീഴടങ്ങി. 

അന്വേഷണത്തിന് പ്രത്യേക സംഘം

അബ്ദുൽ ജലീലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ജില്ലാ പൊലീസ് മേധാവി എസ്.സുജിത്ത് ദാസിന്റെ മേൽനോ‌ട്ടത്തിൽ ഡിവൈഎസ്‌പി എം.സന്തോഷ് കുമാർ, സ്‌പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പി കെ.എം.ബിജു, സിഐമാരായ സി.എസ്.ഷാരോൺ, സുനിൽ പുളിക്കൽ, മനോജ് പറയട്ട, എസ്ഐമാരായ സിജോ തങ്കച്ചൻ, സി.കെ.നൗഷാദ് എന്നിവരാണ് പ്രത്യേക അന്വേഷണസംഘത്തിലുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com