ADVERTISEMENT

തേഞ്ഞിപ്പലം ∙ ചേലേമ്പ്രയിൽ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലിരിക്കെ വിദ്യാർഥി മരിച്ച സംഭവത്തിൽ പഞ്ചായത്തിനും ആരോഗ്യ വകുപ്പിനും കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പലിനും നോട്ടിസ് നൽകുമെന്ന് ബാലാവകാശ കമ്മിഷൻ അംഗം സി.വിജയകുമാർ. ചേലേമ്പ്ര പുല്ലിപ്പറമ്പ് കോണത്തുംകുഴി പുറായ് റിയാസിന്റെയും റാനിയയുടെയും മകൻ മുഹമ്മദ് റസാൻ (റിഫു– 12) ആണ് തെരുവുനായയുടെ കടിയേറ്റ് മരിച്ചത്. പത്ര വാർത്ത കണക്കിലെടുത്ത് അദ്ദേഹം നേരിട്ട് കുട്ടിയുടെ രക്ഷിതാക്കളെയും മറ്റും കണ്ട് വിവരശേഖരണം നടത്തി.

കുട്ടിയെ നായ കടിക്കാനിടയാക്കിയ സാഹചര്യവും തെരുവുനായ വ്യാപന സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷയ്ക്ക് എന്തൊക്കെ നടപടികൾ സ്വീകരിച്ചെന്നും ആരാഞ്ഞാണ് പഞ്ചായത്തിന് നോട്ടിസ് നൽകുന്നത്. റിഫുവിന് നൽകിയ പ്രതിരോധ കുത്തിവയ്പ് സംബന്ധിച്ചും മറ്റു ചികിത്സാവിവരങ്ങൾ അന്വേഷിച്ചുമാണ് ആരോഗ്യ വകുപ്പിന് നോട്ടിസ് നൽകുന്നത്. കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മുതൽ അബോധാവസ്ഥയിലായി മരണത്തിന് കീഴടങ്ങും വരെയുള്ള ചികിത്സ സംബന്ധിച്ചും മറ്റുമുള്ള മെഡിക്കൽ റിപ്പോർട്ട് തേടിയാണ് മെഡിക്കൽ കോളജ് പ്രിൻസിപ്പലിന് നോട്ടിസ് നൽകുന്നത്.

ഫെബ്രുവരി 19ന് നായയുടെ കടിയേറ്റ വിദ്യാർഥി ഈ മാസം 20ന് ആണ് മരിച്ചത്. കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം നൽകണമെന്ന് ശുപാർശ ചെയ്യുമെന്ന് കമ്മിഷൻ അംഗം അറിയിച്ചു. റിഫുവിന്റെ മാതാപിതാക്കളും കുടുംബാംഗങ്ങളും അടക്കം പത്തിലേറെ ആളുകളിൽ നിന്ന് തെളിവെടുത്തു. പത്ര വാർത്ത കണ്ട് റിഫുവിന്റെ വീട് സന്ദർശിക്കാൻ വേണ്ടി മാത്രം തിരുവനന്തപുരത്ത് നിന്ന് എത്തിയതാണ് മലപ്പുറം ആതവനാട് സ്വദേശിയായ വിജയകുമാർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com