പ്രവാസിയെ മർദിച്ച് കൊന്ന കേസ്; മുഖ്യപ്രതി യഹിയ അറസ്റ്റിൽ, ആ സ്വർണം എവിടെ?

അബ്‌ദുൽ ജലീലിനെ തട്ടിക്കൊണ്ടു വന്ന് മർദിച്ച പെരിന്തൽമണ്ണ മാനത്തുമംഗലത്തെ രഹസ്യ കേന്ദ്രത്തിൽ മുഖ്യപ്രതി യഹിയയെ പെരിന്തൽമണ്ണ സിഐ സുനിൽ പുളിക്കലിന്റെ നേതൃത്വത്തിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ.
SHARE

പെരിന്തൽമണ്ണ ∙ പ്രവാസിയെ മർദിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ആക്കപ്പറമ്പ് കാര്യമാട് മാറുകര വീട്ടിൽ യഹിയ മുഹമ്മദ് (35) അറസ്റ്റിൽ. സൗദിയിൽനിന്ന് നാട്ടിലെത്തിയ അഗളി സ്വദേശി അബ്ദുൽ ജലീൽ (42) കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്.  ആക്കപ്പറമ്പിലെ രഹസ്യ കേന്ദ്രത്തിൽനിന്നാണ് കഴിഞ്ഞ ദിവസം രാത്രി യഹിയയെ കസ്‌റ്റഡിയിലെടുത്തത്. പ്രതിയെ പെരിന്തൽമണ്ണ മാനത്തുമംഗലം, ആക്കപ്പറമ്പ് എന്നിവിടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കേസിൽ നേരിട്ട് പങ്കാളികളായ 2 പേർകൂടി ഉടൻ പിടിയിലാകുമെന്നും പ്രതികളെ സഹായിച്ചവരുൾപ്പെടെ കൂടുതൽ പേർ അറസ്റ്റിലാകാനുണ്ടെന്നും പെരിന്തൽമണ്ണ ഡിവൈഎസ്‌പി എം.സന്തോഷ് കുമാർ പറഞ്ഞു. നിലവിൽ 9 പേരാണ് കേസിൽ അറസ്റ്റിലായത്.

യഹിയയുടെ സൗദിയിലെ പങ്കാളികൾ ജലീലിന്റെ കൈവശം കൊടുത്തുവിട്ടതായി പറയുന്ന 1.2 കിലോഗ്രാം സ്വർണം നഷ്‌ടപ്പെട്ടതിനെച്ചൊല്ലിയാണ് തട്ടിക്കൊണ്ടുപോകലും മർദനവും നടന്നതെന്ന് ഡിവൈഎസ്പി പറഞ്ഞു. സൗദിയിൽനിന്നു നെടുമ്പാശേരിയിലെത്തിയ ജലീലിനെ 15ന് രാവിലെയാണ് തട്ടിക്കൊണ്ടുപോയത്. വിവിധ സ്ഥലങ്ങളിലെത്തിച്ച് ദിവസങ്ങളോളം ക്രൂരമായി മർദിച്ചതിനെ തുടർന്ന് അബോധാവസ്ഥയിലായ ജലീലിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ശേഷം യഹിയ മുങ്ങുകയായിരുന്നു.

യഹിയ

ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളിൽനിന്നു യഹിയയെ തിരിച്ചറിഞ്ഞ പൊലീസ് അന്വേഷണം ഊർജിതമാക്കിയതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം ഇയാൾ പിടിയിലായത്. ജില്ലാ പൊലീസ് മേധാവി എസ്.സുജിത്ത് ദാസിന്റെ നേതൃത്വത്തിൽ സിഐമാരായ സുനിൽ പുളിക്കൽ, ഷാരോൺ, എസ്ഐമാരായ സി.കെ.നൗഷാദ്, ഷിജോ തങ്കച്ചൻ, ജൂനിയർ എസ്ഐ ഷൈലേഷ്, പ്രത്യേക അന്വേഷണ സംഘത്തിലെ സി.പി.മുരളീധരൻ, പ്രശാന്ത് പയ്യനാട്, എൻ.ടി.കൃഷ്‌ണകുമാർ, മനോജ് കുമാർ, കെ.ദിനേഷ്, കെ.പ്രഭുൽ, രജീഷ്, ഐ.പി.രാജേഷ്, ബൈജു, മുഹമ്മദ് ഫൈസൽ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

ആ സ്വർണം എവിടെ?

പെരിന്തൽമണ്ണ ∙ അബ്‌ദുൽ ജലീലിന്റെ കൊലപാതകത്തിൽ മുഖ്യ പ്രതി യഹിയ അറസ്‌റ്റിലായതോടെ വെളിവാകുന്നത് സ്വർണക്കള്ളക്കടത്തു സംഘത്തിന്റെ തീരാപ്പക. സൗദിയിൽ വച്ച് സ്വർണക്കള്ളക്കടത്ത് സംഘാംഗങ്ങളായ യഹിയയുടെ പങ്കാളികൾ നാട്ടിലേക്ക് വരുന്ന അബ്‌ദുൽ ജലീലിന് ഒരു കിലോഗ്രാമിലേറെ സ്വർണം കൈമാറിയിരുന്നതായാണ് യഹിയയുടെ മൊഴി. എന്നാൽ ഈ സ്വർണം അബ്‌ദുൽ ജലീൽ എന്തു ചെയ്‌തു എന്നതു സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. ജിദ്ദയിലെ മുറിയിൽ തന്നെ ഒളിപ്പിച്ചു വച്ചിരിക്കാനോ സുഹൃത്തുക്കൾ ഉൾപ്പെടെ മറ്റാർക്കെങ്കിലും കൈമാറാനോ സാധ്യതയുണ്ട്.

ഏജന്റുമാർ വഴിയാണ് സ്വർണക്കടത്തു സംഘം അബ്‌ദുൽ ജലീലുമായി ബന്ധപ്പെടുന്നത്. ഹൗസ് ഡ്രൈവറായ ജലീലിന്റെ ശരീരത്തിൽ സ്വർണം ഒളിപ്പിച്ചു നൽകാൻ സംഘം ഇയാളുടെ താമസ സ്ഥലത്ത് എത്തിയെങ്കിലും താൻ സ്വയം സ്വർണം ഒളിപ്പിച്ചു വയ്‌ക്കാമെന്നു പറഞ്ഞ് സംഘത്തെ പുറത്താക്കി മുറിയിലേക്ക് പോയതായാണ് പറയുന്നത്. സ്വർണം സുരക്ഷിതമായി ശരീര ഭാഗത്ത് ഒളിപ്പിച്ചെന്ന് വിശ്വസിപ്പിച്ച ജലീലിനെ സംഘം എയർപോർട്ടിലെത്തിച്ച് വിമാനത്തിൽ യാത്രയാക്കി. എന്നാൽ നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ അബ്‌ദുൽ ജലീലിൽനിന്ന് കാത്തുനിന്ന സംഘത്തിന് സ്വർണം ലഭിച്ചില്ല.

ഇതെ തുടർന്നാണ് തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചതെന്ന് പൊലീസ് പറഞ്ഞു. മർദനമേറ്റ് മരണാസന്നനായിട്ടും ജലീൽ യഹിയയോടും സംഘത്തോടും സ്വർണം സംബന്ധിച്ച് ഒന്നും പറഞ്ഞില്ലെന്നാണ് ചോദ്യം ചെയ്യലിൽ വ്യക്തമായതെന്ന് ഡിവൈഎസ്‌പി പറഞ്ഞു. എയർപോർട്ടിൽ നിന്നെത്തിച്ച് ആദ്യം പെരിന്തൽമണ്ണ ജൂബിലി റോഡിലെ ആൾ താമസമില്ലാത്ത വീട്ടിൽ കൊണ്ടുപോയി മർദിച്ചു. ഇന്നലെ പ്രതിയുമായുള്ള തെളിവെടുപ്പിനിടെ ഇവിടെനിന്ന് ജലീലിന്റെ ചില ലഗേജുകൾ പൊലീസ് കണ്ടെടുത്തു. പിന്നീടാണ് ആക്കപ്പറമ്പിലെ മൈതാനത്തും റബർതോട്ടത്തിലും മാനത്തുമംഗലത്തെ രഹസ്യ കേന്ദ്രത്തിലും എത്തിച്ചത്.

കെട്ടിയിട്ടശേഷം കേബിൾ, ജാക്കി ലിവർ എന്നിവ ഉപയോഗിച്ചായിരുന്നു സംഘം ചേർന്നുള്ള മർദനം. കൂടുതൽ പരുക്കേൽപിച്ച സമയത്ത് ബോധം നഷ്‌ടപ്പെടാതിരിക്കാൻ ഗ്ലൂക്കോസും മറ്റും നൽകി.  19ന് രാവിലെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ജലീലിനെ അതീവ ഗുരുതരാവസ്ഥയിൽ എത്തിച്ച ശേഷം മുങ്ങിയ യഹിയ ഉണ്ണ്യാൽ, പാണ്ടിക്കാട്, ആക്കപ്പറമ്പ് എന്നിവിടങ്ങളിലാണ് ഒളിവിൽ കഴിഞ്ഞത്. മുൻപും ഇത്തരം ഇടപാടുകൾ നടത്തിയ ആളാണ് യഹിയയെങ്കിലും ഇയാളുടെ പേരിൽ നേരിട്ട് സ്വർണക്ക‌ടത്ത്–കുഴൽപണ ഇ‌ടപാടുമായി ബന്ധപ്പെട്ട കേസുകളൊന്നുമില്ലെന്ന് പൊലീസ് പറഞ്ഞു. 

പെരിന്തൽമണ്ണ പൊലീസ് സ്‌റ്റേഷനിലെ ഒരു അടിപിടി കേസ് മാത്രമാണ് ഉള്ളത്. അബ്‌ദുൽ ജലീൽ ഇതിനു മുൻപ് സ്വർണക്കള്ളക്ക‌ടത്തിന്റെ ഭാഗമായതായി കരുതുന്നില്ലെന്ന് ഡിവൈഎസ്‌പി പറഞ്ഞു.  യഹിയയുടെ പങ്കാളികൾക്കു വേണ്ടിയും അന്വേഷണം നടത്തുന്നുണ്ട്. സൗദിയിലെ അന്വേഷണങ്ങൾക്ക് ആവശ്യമായ നടപടി സ്വീകരിക്കും. കേസിൽ ആദ്യം അറസ്‌റ്റ് ചെയ്‌ത 5 പേരെ കൂടുതൽ അന്വേഷണങ്ങൾക്കായി കസ്‌റ്റഡിയിൽ വാങ്ങിയിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA